ന്യൂഡൽഹി: വ്യാജ കാൻസർ മരുന്ന് റാക്കറ്റിലെ കണ്ണികൾ ജോലി ചെയ്തിരുന്നത് മുൻനിര ആശുപത്രികളിൽ. ഡൽഹി പൊലീസ് തീസ് ഹസാരി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മൂന്നു മാസം മുമ്പാണ് വ്യാജ കാൻസർ മരുന്ന് റാക്കറ്റിനെ പൊലീസ് പിടികൂടിയത്.
വ്യാജ മരുന്നുകൾ കഴിച്ച എട്ട് രോഗികളെ കണ്ടെത്തിയതായി ഡൽഹി പോലീസ് കുറ്റപത്രത്തിൽ പറയുന്നു. എട്ട് പേരിൽ ഒരാൾ വ്യാജ കാൻസർ മരുന്ന് കഴിച്ച് മരിച്ചു. ഡൽഹിയിലെയും ഗുഡ്ഗാവിലെയും മുൻനിര ആശുപത്രികളിലാണ് പ്രതികൾ ജോലി ചെയ്തിരുന്നതെന്നും പൊലീസ് വ്യക്തമാക്കുന്നു.
പ്രതികൾ ഫാർമസിസ്റ്റുകളിൽ നിന്നോ ആശുപത്രി ജീവനക്കാരിൽ നിന്നോ നിർണായകമായ മരുന്നുകളുടെ ഒഴിഞ്ഞ കുപ്പികൾ വാങ്ങുകയും തുടർന്ന് ഈ കുപ്പികളിൽ വ്യാജ മരുന്നുകൾ നിറക്കുകയുമാണ് ചെയ്തിരുന്നത്. തുടർന്ന് ഒറിജിനൽ കുപ്പികളിൽ നിറച്ച വ്യാജ മരുന്നുകൾ ഫാർമസിസ്റ്റുകളിലൂടെയും വെബ്‌സൈറ്റുകളിലൂടെയും വിറ്റതായി കുറ്റപത്രത്തിൽ പറയുന്നു. 140-ലധികം വ്യാജ മരുന്നിൻ്റെ കുപ്പികൾ പിടിച്ചെടുത്തു. ഓപ്പൺ മാർക്കറ്റിൽ ഏകദേശം 4 കോടി രൂപ വില വരുന്നവയാണ് ഇവയെന്നും പോലീസ് പറഞ്ഞു.
ഉസ്ബെക്കിസ്ഥാൻ സ്വദേശിയായ ഒരാൾ ഉൾപ്പെടെ വ്യാജ മരുന്ന് വാങ്ങിയ എട്ടുപേരെ കണ്ടെത്തിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇയാൾ 5.92 ലക്ഷം രൂപയുടെ മരുന്നാണ് വാങ്ങിയത്. 1.80 ലക്ഷം രൂപക്ക് മരുന്നു വാങ്ങിയ ജമ്മു കശ്മീർ സ്വദേശി, 5.67 ലക്ഷം രൂപയ്ക്ക് മരുന്ന് വാങ്ങിയ ഹരിയാന സ്വദേശി, 13.50 ലക്ഷം രൂപയ്ക്ക് അമ്മക്ക് മരുന്നു വാങ്ങിയ ചണ്ഡീഗഡ് സ്വദേശിനിയായ യുവതി, 16.20 ലക്ഷം രൂപയ്ക്ക് മരുന്നു വാങ്ങിയ പഞ്ചാബ് സ്വദേശി, 13.50 ലക്ഷം രൂപയ്ക്ക് മുത്തശ്ശിക്ക് വേണ്ടി മരുന്ന് വാങ്ങിയ ചണ്ഡീഗഡ് സ്വദേശിനിയായ യുവതി, പിതാവിന് 24 ലക്ഷം രൂപയ്ക്ക് മരുന്നു വാങ്ങിയ ബംഗാൾ സ്വദേശി എന്നിവരെയാണ് പൊലീസ് കണ്ടെത്തിയത്.