
ദോഹ:ലൈസൻസില്ലാതെ വൈദ്യചികിത്സയും സൗന്ദര്യവർദ്ധക (കോസ്മെറ്റിക്) സേവനങ്ങളും നൽകിവന്ന മൂന്ന് യൂറോപ്യൻ പൗരന്മാരെ ഖത്തർ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റും പൊതുജനാരോഗ്യ മന്ത്രാലയവും (MOPH) സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്.
അനധികൃതമായി ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതിനെക്കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയോടെയായിരുന്നു അധികൃതരുടെ പരിശോധന. പരിശോധനയ്ക്കിടെ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന പ്രതികൾ കുറ്റം സമ്മതിച്ചതായി അധികൃതർ വ്യക്തമാക്കി. ഇവരിൽ നിന്ന് പിടിച്ചെടുത്ത ഉപകരണങ്ങളും മരുന്നുകളും സഹിതം പ്രതികളെ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.സോഷ്യൽ മീഡിയ വഴിയും മറ്റും നൽകുന്ന വ്യാജ പരസ്യങ്ങളിൽ വീണ് പൊതുജനങ്ങൾ വഞ്ചിക്കപ്പെടരുതെന്ന് ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും മുന്നറിയിപ്പ് നൽകി. സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങൾക്കും ക്ലിനിക്കുകൾക്കും ആവശ്യമായ ലൈസൻസ് ഉണ്ടെന്ന് ഉറപ്പുവരുത്തണം. പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ മുൻനിർത്തി, അധികൃതരുടെ അംഗീകാരമുള്ള ഡോക്ടർമാരിൽ നിന്നും വിദഗ്ദ്ധരിൽ നിന്നും മാത്രം ചികിത്സ തേടണമെന്നും നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന കേന്ദ്രങ്ങളെ ഒഴിവാക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.











