11:22pm 12 September 2026
NEWS
വ്യാജ പേവിഷ വാക്സീൻ വിപണിയിൽ; ജാഗ്രതാ നിർദേശം
11/09/2026  08:12 AM IST
nila
വ്യാജ പേവിഷ വാക്സീൻ വിപണിയിൽ; ജാഗ്രതാ നിർദേശം

കേരളത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന പേവിഷ വാക്സീനായ അഭയ്റാബിന്റെ പേരിൽ വ്യാജ വാക്സീൻ വിപണിയിലെത്തിയതായി കേന്ദ്ര മരുന്നുനിലവാര നിയന്ത്രണ അതോറിറ്റിയുടെ മുന്നറിയിപ്പ്. അഭയ്റാബിന്റെ കെഇ25012 ബാച്ചിന്റെ നമ്പർ ഉപയോഗിച്ചാണ് വ്യാജ വാക്സീൻ പുറത്തിറക്കിയതെന്നാണ് കണ്ടെത്തൽ.

ഇത് സംബന്ധിച്ച് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ഡോ. രാജീവ് സിങ് രഘുവംശി സംസ്ഥാന ഡ്രഗ്സ് കൺട്രോളർക്ക് കത്തയച്ചു. സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ ഡ്രഗ് ഇൻസ്പെക്ടർമാർക്ക് നിർദേശം നൽകിയതായി സംസ്ഥാന ഡ്രഗ്സ് കൺട്രോളർ ഡോ. കെ. സുജിത്കുമാർ അറിയിച്ചു.

എന്നാൽ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ലഭിച്ചിട്ടും സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗങ്ങൾക്കും ജില്ലാ ആശുപത്രികൾക്കും ഇതുസംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് വിവരം. അഭയ്റാബ് ഓൺലൈൻ വിപണിയിലും വ്യാപകമായി ലഭിക്കുന്ന സാഹചര്യത്തിൽ വ്യാജ വാക്സീൻ സംബന്ധിച്ച മുന്നറിയിപ്പ് കൂടുതൽ ഗൗരവത്തോടെയാണ് ആരോഗ്യരംഗം കാണുന്നത്.

ഇന്ത്യയിലെ ആഭ്യന്തര പേവിഷ വാക്സീൻ വിപണിയുടെ ഏകദേശം 40 ശതമാനം കൈകാര്യം ചെയ്യുന്ന ഇന്ത്യൻ ഇമ്യൂണോളജിക്കൽസ് ലിമിറ്റഡാണ് അഭയ്റാബ് നിർമിക്കുന്നത്. കെഇ25012 ബാച്ച് ആവശ്യമായ എല്ലാ ഗുണനിലവാര പരിശോധനകളും വിജയിച്ചതാണെന്ന് കമ്പനി വ്യക്തമാക്കി. യഥാർഥ ബാച്ച് നമ്പർ പകർത്തിയാണ് വ്യാജ വാക്സീൻ നിർമിച്ചതെന്നും കമ്പനി പ്രതികരിച്ചു.

അഭയ്റാബിന്റെ പേരിൽ വ്യാജ വാക്സീൻ കണ്ടെത്തുന്നത് ഇതാദ്യമല്ല. 2025ലും കെഎ24014 ബാച്ചിന്റെ പേരിൽ വ്യാജ വാക്സീൻ വിപണിയിലെത്തിയതായി കണ്ടെത്തിയിരുന്നു. പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രികളും ഫാർമസികളും വാക്സീന്റെ ബാച്ച് നമ്പറും മറ്റ് വിവരങ്ങളും പരിശോധിച്ച ശേഷമേ ഉപയോഗിക്കാവൂ എന്ന മുന്നറിയിപ്പാണ് ഉയരുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
HEALTH
img