10:24pm 12 November 2026
NEWS
ബിജെപിക്കുള്ളില്‍ ജാതി വിവേചനവും അവഗണനയുമെന്ന് വനിതാ നേതാവ്
31/03/2026  10:35 AM IST
NILA
ബിജെപിക്കുള്ളില്‍ ജാതി വിവേചനവും അവഗണനയുമെന്ന് വനിതാ നേതാവ്

കൊച്ചി: ബിജെപിക്കുള്ളില്‍ ജാതി വിവേചനവും അവഗണനയും നേരിട്ടുവെന്നാരോപിച്ച് വനിതാ നേതാവ് രംഗത്ത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. ടി എന്‍ സരസു ആണ് ബിജെപി നേതൃത്വത്തിനെതിരെ ​ഗുരുതര ആരോപണവുമായി രം​ഗത്തെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പോലും തന്നെ ഉള്‍പ്പെടുത്താതിരുന്നതായും അവർ ആരോപിച്ചു. ഗുരുവായൂരും കൊടുങ്ങല്ലൂരും ഉള്‍പ്പെടെ വിവിധ മണ്ഡലങ്ങളില്‍ പ്രചാരണത്തിന് താല്‍പര്യം അറിയിച്ചെങ്കിലും പാര്‍ട്ടി അത് അംഗീകരിച്ചില്ലെന്നും അവര്‍ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ അവസരം ലഭിക്കാത്തതില്‍ പരാതിയില്ലെങ്കിലും, പാര്‍ട്ടിക്കുള്ളിലെ ദളിത് വിഭാഗങ്ങളോടുള്ള അവഗണന തനിക്ക് വേദനയുണ്ടാക്കിയെന്നും സരസു വ്യക്തമാക്കി. വോട്ട് തേടുമ്പോള്‍ താഴ്ന്ന ജാതിക്കാരെ സമീപിക്കുന്ന സമീപനമാണ് പാര്‍ട്ടിക്കുള്ളതെന്നും അവര്‍ വിമര്‍ശിച്ചു. കൂടാതെ, രാജീവ് ചന്ദ്രശേഖർ ബിസിനസ് മനോഭാവത്തോടെയാണ് കാര്യങ്ങള്‍ സമീപിക്കുന്നതെന്നും സരസു ആരോപിച്ചു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന ടി വി ബാബു നേടിയ വോട്ടിനേക്കാള്‍ ഏകദേശം ഒരു ലക്ഷം വോട്ടുകള്‍ അധികം നേടാന്‍ തനിക്ക് കഴിഞ്ഞുവെന്നതും അവര്‍ ചൂണ്ടിക്കാട്ടി.

അതേസമയം,, ഗുരുവായൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബി ഗോപാലകൃഷ്ണനും കൊടുങ്ങല്ലൂരില്‍ ട്വന്റി ട്വന്റി പിന്തുണയോടെ ഡോ. വര്‍ഗീസ് ജോര്‍ജും മത്സര രംഗത്തുണ്ട്. കൊടുങ്ങല്ലൂരില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു താനെന്നും, പാര്‍ട്ടി നിയോഗം ഗുരുവായൂരിലാണെന്നുമാണ് ഗോപാലകൃഷ്ണന്‍ വ്യക്തമാക്കിയിരിക്കുന്നത്. നിലവിലെ എംഎല്‍എയായ എന്‍ കെ അക്ബര്‍ (സി.പി.ഐ.എം) കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 77,072 വോട്ടുകള്‍ നേടിയിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ എന്‍ എ ഖാദര്‍ 58,804 വോട്ടുകളും, ബിജെപി സ്ഥാനാര്‍ത്ഥിയായ ദിലീപ് നായര്‍ 6,294 വോട്ടുകളും നേടിയിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img