
തിരുവനന്തപുരം: കഴിഞ്ഞ ഞായർ തിരുവനന്തപുരം വിമാനത്താവളത്തിൽ അമേരിക്കൻ നിർമ്മിത എഫ്-35 യുദ്ധവിമാനം അപ്രതീക്ഷിതമായി ഇറങ്ങിയ സംഭവം ഇപ്പോഴും ദുരൂഹതകൾക്ക് വഴിമാറാതെ തുടരുകയാണ്. അറബിക്കടലിൽ സൈനികാഭ്യാസം നടത്തുന്നതിനിടെ ഇന്ധനം കുറഞ്ഞതിനാലും പിന്നീട് സാങ്കേതിക തകരാർ കാരണവുമാണ് വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയതെന്നാണ് ബ്രിട്ടീഷ് നാവികസേന ആദ്യം അറിയിച്ചത്. എന്നാൽ, കോടികൾ വിലമതിക്കുന്നതും അതിനൂതന സ്റ്റെൽത്ത് സാങ്കേതികവിദ്യയുള്ളതുമായ ഒരു യുദ്ധവിമാനത്തിന് ഗുരുതരമായ സാങ്കേതിക തകരാറുകൾ സംഭവിക്കാനുള്ള സാധ്യത കുറവാണെന്ന് പ്രതിരോധ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ അസാധാരണ ലാൻഡിംഗ് ഇന്ത്യയുടെ പ്രതിരോധ രംഗത്ത് വലിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.
എന്തിനാണ് എഫ്-35 ഇന്ത്യയിൽ?
അമേരിക്കൻ നിർമ്മിത എഫ്-35 യുദ്ധവിമാനം ഇന്ത്യയ്ക്ക് വിൽക്കാൻ അമേരിക്ക വളരെക്കാലമായി ശ്രമിക്കുന്നുണ്ട്. മുൻപ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എഫ്-35 ഇന്ത്യയ്ക്ക് നൽകാമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും, വിലയും കരാർ വ്യവസ്ഥകളും സംബന്ധിച്ച് ഇന്ത്യ അന്തിമ തീരുമാനമെടുത്തിട്ടില്ല. ഒരു എഫ്-35 വിമാനത്തിന് ഏകദേശം 115 ദശലക്ഷം ഡോളർ (ഏകദേശം 960 കോടി രൂപ) വില വരും. നിലവിൽ നാറ്റോ സഖ്യകക്ഷികൾക്കും ഇസ്രായേൽ, ജപ്പാൻ തുടങ്ങിയ ചുരുക്കം ചില രാജ്യങ്ങൾക്കും മാത്രമാണ് അമേരിക്ക ഈ വിമാനം കൈമാറിയിട്ടുള്ളത്.
ഈ സാഹചര്യത്തിൽ, എഫ്-35 ന്റെ സാങ്കേതിക മികവും പ്രത്യേകതകളും ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥരെ നേരിട്ട് ബോധ്യപ്പെടുത്താനാണ് ഈ അടിയന്തര ലാൻഡിംഗ് എന്ന അഭ്യൂഹങ്ങൾ ശക്തമാണ്. കേരള തീരത്തുനിന്ന് 100 നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടിരിക്കുന്ന ബ്രിട്ടീഷ് പടക്കപ്പലായ എച്ച്.എം.എസ് പ്രിൻസ് ഓഫ് വെയിൽസിൽ നിന്നാണ് ഈ എഫ്-35 ബി ലൈറ്റ്നിംഗ് 2 വിമാനം പറന്നുയർന്നത്. വിമാനവാഹിനി കപ്പലുകളിലെ ചെറിയ റൺവേയിൽ നിന്ന് പറന്നുയരാനും തിരികെ ലാൻഡ് ചെയ്യാനും സാധിക്കുന്ന തരത്തിലുള്ള നാവിക പതിപ്പാണ് ഇത്.
റഷ്യയുടെ എസ്.യു-57ഇ vs അമേരിക്കയുടെ
എഫ്-35: ഇന്ത്യയുടെ തീരുമാനം ആർക്കൊപ്പം?
ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ 110 അത്യാധുനിക യുദ്ധവിമാനങ്ങൾ അഞ്ച് വർഷത്തിനുള്ളിൽ സ്വന്തമാക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഫ്രാൻസ്, റഷ്യ, യു.എസ് എന്നീ രാജ്യങ്ങൾ ഇന്ത്യയെ ലക്ഷ്യമിട്ട് വലിയ വാഗ്ദാനങ്ങളുമായി രംഗത്തുണ്ട്. അമേരിക്കയുടെ എഫ്-35 ന് സമാനമായ, അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനമായ സുഖോയ് എസ്.യു-57ഇ, അതിന്റെ സോഴ്സ് കോഡ് സഹിതം ഇന്ത്യയ്ക്ക് നൽകാമെന്ന് റഷ്യ സമ്മതിച്ചിട്ടുണ്ട്. ഇത് എഫ്-35 നോട് കിടപിടിക്കുന്നതും ആധുനിക റഡാറുകളെ പോലും കബളിപ്പിക്കാൻ കഴിവുള്ളതുമാണ്. റഷ്യയുടെ ഈ വാഗ്ദാനം, വിമാനത്തിന്റെ സാങ്കേതിക വിദ്യയിൽ സ്വന്തമായി മാറ്റങ്ങൾ വരുത്താനും അറ്റകുറ്റപ്പണികൾ നടത്താനും ഇന്ത്യയെ പ്രാപ്തമാക്കും. സാധാരണയായി, അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ പ്രതിരോധ സാങ്കേതിക വിദ്യകളുടെ മുഴുവൻ സോഴ്സ് കോഡും കൈമാറാറില്ല എന്നതും ശ്രദ്ധേയമാണ്.
ലോക്ക്ഹീഡ് മാർട്ടിൻ നിർമ്മിക്കുന്ന എഫ്-35 ഒറ്റ എൻജിൻ, സിംഗിൾ സീറ്റ് സ്റ്റെൽത്ത് വിമാനമാണ്. ഇതിന് 8,100 കിലോ ഭാരം വഹിക്കാനുള്ള ശേഷിയും 1,200 കിലോമീറ്റർ ദൂരപരിധിയുമുണ്ട്. അതേസമയം, എസ്.യു-57ഇ ഇരട്ട എൻജിൻ വിമാനമാണ്, 1,500 കിലോമീറ്റർ വരെ ആക്രമണം നടത്താനും 10 ടൺ വരെ ഭാരം വഹിക്കാനും ഇതിന് സാധിക്കും. വിലയുടെ കാര്യത്തിലും ഇരുവിമാനങ്ങൾക്കും വ്യത്യാസമുണ്ട്. എഫ്-35ന് 11 കോടി ഡോളറാണ് വിലയെങ്കിൽ, സുഖോയ് എസ്.യു-57ന് എട്ടു കോടി ഡോളറാണ്.
അസാധാരണമായ നിർത്തിയിടൽ
ഒരു അത്യാധുനിക യുദ്ധവിമാനം മൂന്ന് ദിവസത്തിലേറെ ഒരു വിദേശ രാജ്യത്ത് നിർത്തിയിടുന്നത് അസാധാരണമായ ഒരു കാര്യമാണ്. ഔദ്യോഗിക വിശദീകരണം സാങ്കേതിക തകരാറുകൾ എന്നാണ്. വിമാനത്തിന് സി.ഐ.എസ്.എഫ് ആണ് സുരക്ഷയൊരുക്കുന്നത്. സി.ഐ.എസ്.എഫിന്റെ കവചിത വാഹനം എഫ്-35ന് സമീപം നിലയുറപ്പിച്ചിട്ടുണ്ട്.











