05:57pm 19 September 2026
NEWS
ഏഴിമല നാവിക അക്കാദമിയിൽ ബം​ഗ്ലാദേശ് പൗരൻ വ്യാജരേഖകളുമായി ജോലി ചെയ്തത് ഒരു വർഷത്തോളം
19/09/2026  05:59 AM IST
nila
ഏഴിമല നാവിക അക്കാദമിയിൽ ബം​ഗ്ലാദേശ് പൗരൻ വ്യാജരേഖകളുമായി ജോലി ചെയ്തത് ഒരു വർഷത്തോളം

കണ്ണൂർ: ഏഴിമല നാവിക അക്കാദമിയിൽ ഒരു വർഷത്തോളം ജോലി ചെയ്തിരുന്നയാൾ യഥാർഥത്തിൽ ഇന്ത്യൻ പൗരനല്ലെന്ന് കണ്ടെത്തി. വ്യാജ രേഖകളുമായി അക്കാദമിയിലെ ലോൺട്രി വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് പൗരനെയാണ് അധികൃതർ പിടികൂടിയത്.

ബിപ്ലബ് സോറൻ (32) എന്ന പേരിലായിരുന്നു ഇയാൾ ജോലി ചെയ്തിരുന്നത്. ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കുന്നതിനായി വ്യാജ ആധാർ കാർഡും ഇയാൾ ഉപയോഗിച്ചു. മുർഷിദാബാദ് പൊലീസിന്റെ പേരിലുള്ള വ്യാജ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും ഹാജരാക്കിയിരുന്നു.

ഒരു വർഷത്തോളം ഇയാൾ നാവിക അക്കാദമിയിൽ ജോലി ചെയ്തെങ്കിലും അടുത്തിടെയാണ് പെരുമാറ്റത്തിൽ അധികൃതർക്ക് സംശയം തോന്നിയത്. തുടർന്ന് ഇയാളെ നിരീക്ഷണത്തിലാക്കിയ നാവികസേന ഉദ്യോഗസ്ഥർ വിശദമായി ചോദ്യം ചെയ്തു. പിന്നാലെ നടത്തിയ മൊബൈൽ ഫോൺ പരിശോധനയിലാണ് നിർണായക തെളിവുകൾ ലഭിച്ചത്.

ഫോണിൽ നിന്ന് ബംഗ്ലാദേശ് പൗരത്വം വ്യക്തമാക്കുന്ന രേഖകൾ കണ്ടെത്തിയതോടെ സംശയം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ഇയാളെ പയ്യന്നൂർ പൊലീസിന് കൈമാറി. വ്യാജ രേഖകൾ എങ്ങനെ സംഘടിപ്പിച്ചെന്നും അക്കാദമിയിൽ ജോലി ലഭിച്ചതിന് പിന്നിൽ മറ്റാരുടെയെങ്കിലും സഹായമുണ്ടോയെന്നും ഉൾപ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഇതിനിടെ കണ്ണൂരിൽ നിന്ന് അഞ്ച് ബംഗ്ലാദേശി യുവതികളെ പിടികൂടിയ സംഭവവും അന്വേഷണത്തിന് പുതിയ വഴിത്തിരിവാകുകയാണ്. രണ്ട് ദിവസം മുൻപ് നഗരത്തിലെ ഒരു സ്പായിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. ഇവരും വ്യാജ ഇന്ത്യൻ രേഖകളാണ് ഉപയോഗിച്ചിരുന്നത്.

ജില്ലയിൽ സമാന രീതിയിൽ കൂടുതൽ ബംഗ്ലാദേശ് പൗരന്മാർ ഇന്ത്യൻ പൗരത്വം മറച്ചുവച്ച് ജോലി ചെയ്യുന്നുണ്ടെന്നാണ് പിടിയിലായ യുവതികൾ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഏഴിമല പോലൊരു അതീവ സുരക്ഷാ മേഖലയിലേക്ക് വ്യാജ രേഖകളുമായി ഒരാൾ പ്രവേശിച്ച് ഒരു വർഷത്തോളം ജോലി ചെയ്ത സംഭവത്തിൽ കൂടുതൽ പരിശോധനകളും അന്വേഷണവും ശക്തമാക്കുകയാണ് അധികൃതർ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img