08:49am 01 May 2026
NEWS
​ഉപരാഷ്ട്രപതി പദവിയിലേക്ക് കണ്ണ്; താക്കൂറും നദ്ദയും മുൻപന്തിയിൽ, ജാതി സമവാക്യങ്ങൾ നിർണ്ണായകം
24/07/2025  08:31 AM IST
സുരേഷ് വണ്ടന്നൂർ
​ഉപരാഷ്ട്രപതി പദവിയിലേക്ക് കണ്ണ്; താക്കൂറും നദ്ദയും മുൻപന്തിയിൽ, ജാതി സമവാക്യങ്ങൾ നിർണ്ണായകം

ന്യൂ ഡെൽഹി:​ജഗ്ദീപ് ധൻകറിൻ്റെ അപ്രതീക്ഷിത രാജിയെത്തുടർന്ന് ഒഴിവുവന്ന ഉപരാഷ്ട്രപതി പദവിയിലേക്കുള്ള ചർച്ചകൾ ചൂടുപിടിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബിഹാറിൽ നിന്നുള്ള മുൻ മുഖ്യമന്ത്രിയും ഭാരതരത്ന ജേതാവുമായ കർപ്പൂരി താക്കൂറിൻ്റെ മകനും നിലവിൽ കൃഷി സഹമന്ത്രിയുമായ രാംനാഥ് താക്കൂർ പ്രമുഖരുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. അതിപിന്നാക്ക വിഭാഗക്കാരനായ ഇദ്ദേഹം കർഷകപുത്രൻ എന്ന വിശേഷണമുള്ള ധൻകറിൻ്റെ പിൻഗാമിയാകാൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.


​ജാതി സമവാക്യങ്ങൾ വീണ്ടും നിർണ്ണായകം

​ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ജാതി സമവാക്യങ്ങൾ വലിയ സ്വാധീനം ചെലുത്തുമെന്ന് ഉറപ്പാണ്. 2022-ൽ ധൻകറിനെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയാക്കിയത് രാജസ്ഥാനിലെ ജാട്ട് വിഭാഗത്തെ അനുനയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. സമാനമായി, രാംനാഥ് താക്കൂറിനെ പരിഗണിക്കുന്നത് ബിഹാറിലെ അതിപിന്നാക്ക വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കാനാണെന്ന് കരുതപ്പെടുന്നു.
​ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറിനും സാധ്യതയുണ്ടെങ്കിലും, രാജ്യസഭാ അധ്യക്ഷനായി വരുതിയിൽ നിൽക്കുന്ന ഒരാളെയാണ് ബി.ജെ.പി നേതൃത്വം പ്രതീക്ഷിക്കുന്നത്. ബി.ജെ.പി ദേശീയ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറാനിടയുള്ള ജെ.പി. നദ്ദയാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മറ്റൊരു പ്രമുഖൻ.

​കേന്ദ്രമന്ത്രിസഭയിൽ മുസ്ലീം പ്രാതിനിധ്യം ഇല്ലാത്തത് പരിഹരിക്കാനായി മുൻ കേരള ഗവർണറും ഇപ്പോഴത്തെ ബിഹാർ ഗവർണറുമായ ആരിഫ് മുഹമ്മദ് ഖാൻ, ആന്ധ്രാ ഗവർണറായ മുൻ സുപ്രീംകോടതി ജഡ്ജി സയ്യിദ് അബ്ദുൾ നാസർ, മുൻ കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി എന്നിവരുടെ പേരുകളും സജീവ പരിഗണനയിലുണ്ട്. രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശും നേതൃത്വത്തിൻ്റെ വിശ്വസ്തനാണ്.
​തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ ആരംഭിച്ചു

​ജഗ്ദീപ് ധൻകറിൻ്റെ രാജിയെത്തുടർന്ന് ഒഴിവുവന്ന ഉപരാഷ്ട്രപതി പദത്തിലേക്ക് തിരഞ്ഞെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ചു. ആഭ്യന്തര മന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചതിനെ തുടർന്നാണിത്. തയ്യാറെടുപ്പുകൾ പൂർത്തിയായാലുടൻ സമയക്രമം പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
​രാജ്യസഭയിലെയും ലോക്സഭയിലെയും തിരഞ്ഞെടുക്കപ്പെട്ടതും നാമനിർദേശം ചെയ്യപ്പെട്ടതുമായ അംഗങ്ങൾ ഉൾപ്പെടുന്ന ഇലക്ടറൽ കോളജ് സജ്ജമാക്കാനും റിട്ടേണിംഗ് ഓഫീസർ, അസിസ്റ്റന്റ് റിട്ടേണിംഗ് ഉദ്യോഗസ്ഥർ എന്നിവരെ തീരുമാനിക്കാനുമുള്ള നടപടികളാണ് നിലവിൽ പുരോഗമിക്കുന്നത്.

​ധൻകറിൻ്റെ അപ്രതീക്ഷിത രാജി സന്ദർശനം

​രാജി തീരുമാനത്തിന് ശേഷം ധൻകർ തിങ്കളാഴ്ച രാത്രി ഒമ്പതോടെ രാഷ്ട്രപതി ഭവനിലെത്തിയത് അപ്രതീക്ഷിത നീക്കമായിരുന്നു. മുൻകൂർ അനുമതി തേടാതെയും പ്രോട്ടോക്കോൾ പാലിക്കാതെയുമുള്ള ഈ സന്ദർശനം ഉദ്യോഗസ്ഥരെ അക്ഷരാർത്ഥത്തിൽ വലച്ചു. രാഷ്ട്രപതി ദ്രൗപദി മുർമുവുമായി തിടുക്കത്തിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം രാത്രി 9.25 ഓടെയാണ് ധൻകർ രാജി പരസ്യമാക്കിയത്.
​ധൻകറിൻ്റെ രാജിക്കുശേഷം രാജ്യസഭാ ചുമതല ഏറ്റെടുത്ത ഉപാധ്യക്ഷൻ ഹരിവംശും രാഷ്ട്രപതി ഭവൻ സന്ദർശിച്ചു. കൂടിക്കാഴ്ചയുടെ ചിത്രം പുറത്തുവിട്ട രാഷ്ട്രപതി ഭവൻ, ധൻകർ-മുർമു കൂടിക്കാഴ്ചയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവെച്ചിട്ടില്ല. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇനി എന്തൊക്കെ അപ്രതീക്ഷിത നീക്കങ്ങൾ നടക്കുമെന്ന ആകാംഷയിലാണ് രാഷ്ട്രീയ ലോകം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img