
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം കൂടുതൽ ശക്തമായതോടെ കേരളത്തിലും മഴ മുന്നറിയിപ്പ്. അതിതീവ്ര ന്യൂനമർദമായി മാറിയ കാലാവസ്ഥാ സംവിധാനം ബുധനാഴ്ച രാത്രിയോടെ കരതൊടുമെന്നാണ് പ്രവചനം. ഇതിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ ശക്തമാകാൻ സാധ്യതയുണ്ട്.
ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിനും ഒഡിഷയിലെ ഗോപാൽപുരിനും ഇടയിലുള്ള തീരപ്രദേശത്താണ് അതിതീവ്ര ന്യൂനമർദം ബുധനാഴ്ച രാത്രിയിലും വ്യാഴാഴ്ച പുലർച്ചെയുമായി കരയിൽ പ്രവേശിക്കുക.
മഴസാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച ഏഴ് ജില്ലകളിലും വ്യാഴാഴ്ച അഞ്ച് ജില്ലകളിലും വെള്ളിയാഴ്ച എട്ട് ജില്ലകളിലുമാണ് യെല്ലോ അലർട്ട്.
ബുധനാഴ്ച: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട്.
വ്യാഴാഴ്ച: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.
വെള്ളിയാഴ്ച: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.
ന്യൂനമർദത്തിന്റെ സഞ്ചാരപാതയും ശക്തിയും പരിഗണിച്ച് വരും ദിവസങ്ങളിൽ മഴ മുന്നറിയിപ്പിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. മഴ ശക്തമാകുന്ന മേഖലകളിൽ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.










