
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദം ഇന്ന് ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നവംബർ 16 വൈകുന്നേരത്തോടെ ന്യൂനമർദം ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്നാണ് പ്രവചനം. ഇതിന്റെ സ്വാധീനഫലമായി കേരളത്തിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. തീരദേശ മേഖലകളിൽ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
നിലവിൽ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപത്തെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലുമായി സ്ഥിതിചെയ്യുന്ന അതിതീവ്ര ന്യൂനമർദം വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിലാണ് നീങ്ങുന്നത്. ഇന്ന് ചുഴലിക്കാറ്റായി മാറുന്ന പ്രതിഭാസം നാളെ (നവംബർ 17) തീവ്ര ചുഴലിക്കാറ്റിന്റെ ശക്തി കൈവരിക്കാനാണ് സാധ്യത.
തുടർന്നുള്ള ദിവസങ്ങളിൽ ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയും ശക്തിയും കണക്കിലെടുത്ത് തീരദേശവാസികൾ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും നിർദേശിക്കുന്നു.










