06:44am 09 November 2026
NEWS
വരുന്നത് അതിതീവ്ര മഴ; മൂന്നു ജില്ലകളിൽ റെഡ് അലർട്ട്
06/08/2026  02:26 PM IST
nila
വരുന്നത് അതിതീവ്ര മഴ; മൂന്നു ജില്ലകളിൽ റെഡ് അലർട്ട്

 

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. മഴ അതിതീവ്രമാകുമെന്ന വിലയിരുത്തലിനെ തുടർന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും സംസ്ഥാനത്ത് വ്യാപക മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കോട്ടയം, ആലപ്പുഴ, വയനാട്, തൃശൂർ, പത്തനംതിട്ട ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി ബാധകമാകുന്നത്.

കൂടാതെ, കോട്ടയം താലൂക്കിലെയും പത്തനംതിട്ടയിലെ തിരുവല്ല താലൂക്കിലെയും ആലപ്പുഴയിലെ കുട്ടനാട്, ചെങ്ങന്നൂർ, കാർത്തികപ്പള്ളി താലൂക്കുകളിലെയും പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ക്യാമ്പുകൾ അവസാനിക്കുന്നതുവരെ അവധി തുടരുമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, മഴയുടെ ശക്തി കുറഞ്ഞെങ്കിലും കുട്ടനാട്ടിലെ വെള്ളക്കെട്ട് ജനജീവിതത്തെ ഇപ്പോഴും സാരമായി ബാധിച്ചിരിക്കുകയാണ്. താലൂക്കിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതിനാൽ നിരവധി ഗ്രാമീണ റോഡുകൾ ഗതാഗതയോഗ്യമല്ല. ട്രാക്ടറുകളും ചെറുതോണികളും ആശ്രയിച്ചാണ് പല പ്രദേശങ്ങളിലെയും ജനങ്ങളുടെ യാത്ര. വെള്ളക്കെട്ടിനെ തുടർന്ന് എസി റോഡിലൂടെയുള്ള ഗതാഗതവും ഭാഗികമായി തടസപ്പെട്ടിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img