
കേരളത്തിൽ ഇന്നും അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഇന്നും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. തൃശ്ശൂർ, മലപ്പുറം, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമാണുള്ളത്. കണ്ണൂർ, വയനാട്, കോട്ടയം, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്.
കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിന് മുകളിലായി ഇന്ന് മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
ശക്തമായ മഴയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ നാശനഷ്ടങ്ങളാണുണ്ടായത്. കോഴിക്കോടും ആലുവയിലും കനത്ത മഴയെ തുടർന്ന് റെയിൽവേ ട്രാക്കിലേക്ക് മരം കടപുഴകി വീണു. കോഴിക്കോട് അരീക്കാടുണ്ടായ ചുഴലിക്കാറ്റിൽ റെയിൽവേ ട്രാക്കിലേക്ക് മൂന്നു മരങ്ങൾ കടപുഴകി വീണു. വീടിന്റെ മേൽക്കൂര റെയിൽവേ ട്രാക്കിലേക്ക് പറന്നുവീണു. റെയിൽവേ ട്രാക്കിന്റെ വൈദ്യുതി ലൈൻ ഉൾപ്പെടെ കാറ്റിൽ തകർന്നു. അപകടത്തെ തുടർന്ന് ട്രെയിൻ സർവീസുകൾ താറുമാറായി. കൊച്ചി ആലുവ അമ്പാട്ടുകാവിൽ റെയിൽവേ ട്രാക്കിലേക്ക് മരം വീണു. ഇരുഭാഗത്തേക്കുമുള്ള ട്രാക്കുകളിലും മരം വീണതോടെ ട്രെയിൻ ഗതാഗതത്തെ ബാധിച്ചു. നിരവധി ട്രെയിനുകൾ വൈകി ഓടിക്കൊണ്ടിരിക്കുകയാണ്.











