06:20am 13 November 2026
NEWS
എക്സൈസ് വകുപ്പിൽ വ്യാപക ഇഡി റെയ്‌ഡ്‌; മന്ത്രി സതീഷ് ജാർക്കിഹോളിയുടെ ഭാര്യാ സഹോദരനായ അഡിഷണൽ എക്സൈസ് കമ്മീഷണറും റെയ്‌ഡിന്റെ പരിധിയിൽ.
26/06/2026  11:41 AM IST
വിഷ്ണുമംഗലം കുമാർ
എക്സൈസ് വകുപ്പിൽ വ്യാപക ഇഡി റെയ്‌ഡ്‌; മന്ത്രി സതീഷ് ജാർക്കിഹോളിയുടെ ഭാര്യാ സഹോദരനായ അഡിഷണൽ എക്സൈസ് കമ്മീഷണറും റെയ്‌ഡിന്റെ പരിധിയിൽ

ബംഗളുരു: വടക്കൻ കർണാടകത്തിലെ ബെലഗാവി അടക്കി ഭരിക്കുന്നവരാണ് ജാർക്കിഹോളി കുടുംബം. ബിസിനസ്സിലും രാഷ്ട്രീയത്തിലും നിറഞ്ഞുനിൽക്കുന്ന അതിസമ്പന്നർ. ദളിത് സമൂഹത്തിന്റെ നായകർ. കരിമ്പു കൃഷിയിലൂടെ, പഞ്ചസാര ബിസിനസ്സിലൂടെ വൻ സാമ്രാജ്യം കെട്ടിപ്പടുത്ത ആളാണ് ലക്ഷ്മൺ റാവു ജാർക്കിഹോളി. അദ്ദേഹത്തിന്റെ അഞ്ച് ആൺമക്കളിൽ ഏറ്റവും മൂത്ത രമേഷ് ജാർക്കിഹോളി മുൻമന്ത്രിയും നിലവിൽ ബിജെപി എം എൽ എയുമാണ്. ഈയിടെയായി പൊതുരംഗത്ത് നിറഞ്ഞുനിൽക്കുന്നത് അദ്ദേഹത്തിന് തൊട്ടു താഴെയുള്ള സഹോദരനും കോൺഗ്രസ്സ് നേതാവുമായ സതീഷ് ജർക്കിഹോളിയാണ്. സിദ്ധരാമയ്യ മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായിരുന്ന സതീഷ് ഡി കെ യുടെ കീഴിലും ആ വകുപ്പ് നിലനിർത്തിയിട്ടുണ്ട്. മുപ്പതോളം കോൺഗ്രസ്സ് എം എൽ എമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെടുന്ന സതീഷ് ജാർക്കിഹോളിയുടെ ആത്യന്തിക ലക്ഷ്യം മുഖ്യമന്ത്രിക്കസേരയാണ്. മറ്റൊരു സഹോദരൻ ബാലചന്ദ്രയും ബിജെപി എം എൽ എയാണ് . ഇളയ സഹോദരങ്ങളായ ലക്കൻ എം എൽ സിയും ഭീമ്ഷി വ്യവസായിയുമാണ്. സതീഷ് ജാർക്കിഹോളിയുടെ ഭാര്യാസഹോദരനും സംസ്ഥാനത്തെ അഡീഷണൽ എക്സൈസ് കമ്മീഷണറുമായ വൈ മഞ്ജുനാഥിന്റെ വസതികളും അദ്ദേഹത്തിന് ബന്ധമുള്ള സ്ഥാപനങ്ങളും ഇഡി റെയ്ഡ് ചെയ്തത് രാഷ്ട്രീയകേന്ദ്രങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്. ബെല്ലാരിയിലെ മുൻ ബിജെപി എം പി വൈ ദേവേന്ദ്രപ്പയുടെ മകനാണ് മഞ്ജുനാഥ്.എക്സൈസ് വകുപ്പിലെ അനധികൃത പണമിടപാടുമായി ബന്ധപ്പെട്ടാണ് റെയ്‌ഡ്‌.എക്സൈസ് വകുപ്പിലെ മറ്റു പ്രധാന ഓഫീസർമാരും റെയ്‌ഡിന് വിധേയരായി. സംസ്ഥാനത്തെ എക്സൈസ് വകുപ്പ് കേന്ദ്രീകൃത സ്വഭാവത്തോടെ വൻ തട്ടിപ്പു സംഘമായാണ് പ്രവർത്തിക്കുന്നതെന്നു ഇഡി കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത്‌ പലേടത്തും എക്സൈസ് ഉദ്യോഗസ്ഥരാണ് ബിനാമി പേരുകളിൽ മദ്യഷോപ്പുകൾ നടത്തുന്നതും മദ്യവ്യവസായം നിയന്ത്രിക്കുന്നതും. പുതിയ മദ്യ വിതരണ ശാലകൾ അനുവദിക്കുമ്പോഴും പഴയ ലൈസൻസുകൾ പുതുക്കുമ്പോഴും കോടികളുടെ അനധികൃത പണമിടപാടുകൾ നടക്കുന്നുണ്ടെന്നാണ് ഇഡി കണ്ടെത്തിയിട്ടുള്ളത്. നിരവധി സുപ്രധാന രേഖകളും കണക്കിൽ പെടാത്ത പതിമൂന്ന് കോടിയോളം രൂപയും റെയ്‌ഡിൽ പിടിച്ചെടുത്തിട്ടുണ്ട്. മഞ്ജുനാഥ് ഉൾപ്പെടെ പല പ്രമുഖ എക്സൈസ് ഓഫീസർമാരും സംശയത്തിന്റെ നിഴലിലാണ്. പിടിച്ചെടുത്ത രേഖകളുടെ പരിശോധനയ്ക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ പുറത്തുവരികയുള്ളൂ.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
TOP NEWS
img