
ചെങ്ങന്നൂർ: താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. മരം വീണ് വെൺമണിയിൽ വൈദ്യുതി ബന്ധം തകരുകയും മിത്രപ്പുഴക്കടവിൽ വീടിന് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.
ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയാണ് വെൺമണി കുറ്റിക്കൽ പടിയിലെ മൃഗാശുപത്രി വളപ്പിൽ നിന്ന കൂറ്റൻ ആൽമരത്തിന്റെ വലിയ ശിഖരം ഒടിഞ്ഞുവീണത്. കൊല്ലകടവ് - കുളനട റോഡിലേക്ക് വീണ ശിഖരം വൈദ്യുതി ലൈനുകളെ തകർത്തതോടെ സമീപത്തുണ്ടായിരുന്ന ട്രാൻസ്‌ഫോർമർ ഇളകി താഴെ വീണു. ആറിലധികം ഇലക്ട്രിക് പോസ്റ്റുകളും തകർന്നിട്ടുണ്ട്. ഇതോടെ പ്രദേശം പൂർണമായി വൈദ്യുതി ബന്ധം വിശ്ചേദിക്കപ്പെടുകയും ഗതാഗതം സ്തംഭിക്കുകയും ചെയ്തു. പോലീസും ഫയർഫോഴ്സും കെഎസ്ഇബി ജീവനക്കാരും നാട്ടുകാരും സംയുക്തമായി നടത്തിയ നീണ്ട പരിശ്രമത്തിനൊടുവിൽ രണ്ട് മണിക്കൂറിനുള്ളിൽ മരച്ചില്ലകൾ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു. കഴിഞ്ഞ വർഷവും ഇതേ മരത്തിന്റെ കൊമ്പുകൾ ഒടിഞ്ഞുവീണ് സമാനമായ നാശനഷ്ടങ്ങൾ ഉണ്ടായതായി നാട്ടുകാർ പറഞ്ഞു.
കഴിഞ്ഞ ദിവസത്ത് ശക്തമായ മഴയിലും കാറ്റിലുoമിത്രപ്പുഴക്കടവിനു സമീപമുണ്ടായ കാറ്റിൽ കൂറ്റൻ ആൽമരം വീടിന് മുകളിലേക്ക് മറിഞ്ഞുവീണു. കീഴ്‌ച്ചേരിമേൽ പാണ്ടിയിൽ അനി കൃഷ്ണന്റെ വീടിന് മുകളിലേക്കാണ് മരം വീണത്. അപകടസമയത്ത് വീട്ടുകാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വീടിന് വലിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.










