
തിരുവനന്തപുരം: സിനിമ കാണാനെത്തുന്നവർക്ക് തിയറ്ററുകളിലെ ഭക്ഷണവില വീണ്ടും തിരിച്ചടിയാകുന്നു. വെറും 25 മുതൽ 35 രൂപ വരെ ചെലവിൽ തയ്യാറാക്കുന്ന ഒരു ടബ് പോപ്കോണിന് ചില തിയറ്ററുകളിൽ ഈടാക്കുന്നത് 500 രൂപ വരെ. പോപ്കോൺ മാത്രമല്ല, കുടിവെള്ളം, ശീതളപാനീയങ്ങൾ, ജൂസ് തുടങ്ങിയവയ്ക്കും അമിതവില ഈടാക്കുന്നുവെന്ന പരാതിയെ തുടർന്ന് സംസ്ഥാനത്ത് ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന ശക്തമാക്കി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ തിയറ്ററുകളിലും മൾട്ടിപ്ലക്സുകളിലും നടത്തിയ പരിശോധനയിൽ നിരവധി ക്രമക്കേടുകളാണ് കണ്ടെത്തിയത്. നിയമലംഘനങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ കേസെടുക്കുകയും നോട്ടിസ് നൽകുകയും ചെയ്തു.
പോപ്കോണിന് 25 രൂപ ചെലവ്, വില 500 രൂപ വരെ
വിൽപനക്കാരിൽനിന്ന് ലഭിച്ച വിവരമനുസരിച്ച് ഒരു ടബ് പോപ്കോൺ തയ്യാറാക്കാൻ പരമാവധി ചെലവാകുന്നത് 25 മുതൽ 35 രൂപ വരെയാണ്.
ചോളം: 6–8 രൂപ
എണ്ണ, വെള്ളം: 5–8 രൂപ
ഉപ്പ്, കാരമൽ, മസാല: 3–9 രൂപ
കടലാസ് ടബ്: ഏകദേശം 10 രൂപ
എന്നാൽ തിയറ്ററിലെത്തുമ്പോൾ ഇതേ പോപ്കോണിന് 100 രൂപ മുതൽ 500 രൂപ വരെ വില ഈടാക്കുന്ന സാഹചര്യങ്ങളുണ്ടെന്നാണ് പരാതി.
അളവിൽ ക്രമക്കേട്; കേസുകളും നോട്ടിസും
പോപ്കോൺ ഉൾപ്പെടെയുള്ള ഭക്ഷണവിഭവങ്ങൾ നിശ്ചിത അളവിൽ നൽകാതെ വിൽപന നടത്തിയതിന് കാസർകോട്, മലപ്പുറം ജില്ലകളിൽ ഓരോ കേസ് വീതം രജിസ്റ്റർ ചെയ്തു. നിയമാനുസൃത മുദ്ര പതിക്കാത്ത ത്രാസുകൾ ഉപയോഗിച്ച് ഭക്ഷണസാധനങ്ങൾ വിൽപന നടത്തിയതിന് കാസർകോട് മൂന്ന് കേസുകളും എടുത്തു.
‘ലാർജ്’, ‘മീഡിയം’, ‘സ്മോൾ’ തുടങ്ങിയ സ്റ്റാൻഡേർഡ് അല്ലാത്ത അളവുകളിൽ ഭക്ഷണം വിൽക്കുകയും തൂക്കം രേഖപ്പെടുത്താതിരിക്കുകയും ചെയ്ത നാല് സ്ഥാപനങ്ങൾക്ക് കണ്ണൂരിൽ ഇംപ്രൂവ്മെന്റ് നോട്ടിസും നൽകി.
ഒരേ ബ്രാൻഡ്, ഒരേ അളവ്; പക്ഷേ വില വ്യത്യസ്തം
തിയറ്ററിന് പുറത്തുള്ള കടകളിൽ ലഭിക്കുന്ന അതേ ബ്രാൻഡിലുള്ള ഭക്ഷണസാധനങ്ങൾക്ക് മൾട്ടിപ്ലക്സുകളിൽ ഉയർന്ന വില ഈടാക്കുന്നതായും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
ഒരേ ബ്രാൻഡും ഒരേ അളവുമുള്ള ഉൽപന്നത്തിന് വ്യത്യസ്ത എംആർപി ഈടാക്കുന്നത് നിയമവിരുദ്ധമാണ്. ഇരട്ട എംആർപി നിരോധനം മറികടക്കാൻ ഉൽപന്നത്തിന്റെ ചേരുവകളിൽ മാറ്റം വരുത്തി മറ്റൊരു ഉൽപന്നമായി വിൽക്കുന്നുണ്ടോയെന്നും അധികൃതർ പരിശോധിക്കുന്നുണ്ട്.
ഇത്തരം ക്രമക്കേടുകൾ കണ്ടെത്തുന്നതിനായി ഫുഡ് സേഫ്റ്റി, സിവിൽ സപ്ലൈസ് വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും പരിശോധനാ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സംശയമുള്ള ഉൽപന്നങ്ങളുടെ സാംപിളുകൾ ശേഖരിക്കും
വിലയും ഉൽപന്നത്തിന്റെ സ്വഭാവവും സംബന്ധിച്ച് സംശയമുള്ള സാഹചര്യങ്ങളിൽ സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കും. തിയറ്ററുകളിലും പുറത്തുള്ള വിപണിയിലും വിൽക്കുന്ന ഉൽപന്നങ്ങൾ ഒന്നുതന്നെയാണെന്ന് പരിശോധനയിൽ തെളിഞ്ഞാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
പോപ്കോൺ, ജൂസ്, ശീതളപാനീയങ്ങൾ, കുപ്പിവെള്ളം തുടങ്ങിയവയ്ക്ക് പുറത്തുള്ള വിലയേക്കാൾ വലിയ വ്യത്യാസത്തിലാണ് തിയറ്ററുകളിൽ വില ഈടാക്കുന്നതെന്നാണ് പ്രേക്ഷകരുടെ പ്രധാന പരാതി. ചില തിയറ്ററുകളിൽ പോപ്കോൺ പായ്ക്കറ്റിലോ വിൽപനസ്ഥലത്തോ വില രേഖപ്പെടുത്തിയിട്ടില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
തിയറ്ററുകളിലെ ഭക്ഷണവിലയിലെ അമിത നിരക്ക് പരിശോധിക്കുന്ന നടപടികൾ വരും ദിവസങ്ങളിലും കർശനമായി തുടരുമെന്നാണ് ലീഗൽ മെട്രോളജി വകുപ്പ് വ്യക്തമാക്കുന്നത്.











