
ലിപിഡ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എല്‍.എ.ഐ), കേരള ചാപ്റ്റര്‍ സംഘടിപ്പിച്ച ലിപിഡോളജി കോണ്‍ഫറന്‍സ് എല്‍.എ.ഐ സ്ഥാപക പ്രസിഡന്റ് ഡോ. രമൺ പുരി ഉദ്ഘാടനം ചെയ്യുന്നു. ഡോ. അനില്‍ ബാലചന്ദ്രന്‍; ഡോ. പി. പി. മോഹനൻ, ഡോ. ചരൺജിത് സിംഗ്, ഡോ. സജി സുബ്രഹ്മണ്യൻ, ഡോ. ഗീവര്‍ സക്കറിയ എന്നിവർ സമീപം.
കൊച്ചി: ലിപിഡ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എല്‍.എ.ഐ), കേരള ചാപ്റ്റര്‍ സംഘടിപ്പിച്ച ആദ്യത്തെ ലിപിഡോളജി കോണ്‍ഫറന്‍സ് കൊച്ചിയില്‍ നടന്നു.
ശരീരത്തിലെ കൊഴുപ്പുകളുടെ (ലിപിഡുകൾ) ഘടന, പ്രവർത്തനം, ശരീരത്തിലെ ജൈവ രാസ പ്രക്രിയകൾ (മെറ്റബോളിസം), അവയുമായി ബന്ധപ്പെട്ട രോഗങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കുന്ന വൈദ്യശാസ്ത്രശാഖയിലെ വിദഗ്ദ്ധരുടെ സമ്മേളനമാണിത്.
ഹോളിഡേ ഇന്നിൽ നടന്ന സമ്മേളനം എല്‍.എ.ഐ സ്ഥാപക പ്രസിഡന്റ് ഡോ. രമൺ പുരി ഉദ്ഘാടനം ചെയ്തു.
രാജ്യത്ത് കൊളസ്‌ട്രോൾ, കൊഴുപ്പ് സംബന്ധമായ രോഗങ്ങളും, ട്രൈഗ്ലിസറൈഡുകൾ തുടങ്ങിയവയുടെ അളവിലെ വ്യതിയാനങ്ങളും, അതുമൂലമുണ്ടാകുന്ന ഹൃദ്രോഗ സാധ്യതകളും വര്‍ധിച്ചുവരികയാണ്. രോഗസാധ്യത നേരത്തെ കണ്ടെത്തുന്നതിനും പ്രതിരോധ ചികിത്സക്കും പ്രാധാന്യം നല്‍കണം , അദ്ദേഹം പറഞ്ഞു.
എല്‍.എ.ഐ കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. ഗീവര്‍ സക്കറിയ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഇന്ത്യയ്ക്ക് അനുയോജ്യമായ ചികിത്സ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപപ്പെടുത്തുന്നതിലും ഗവേഷണ പരിശീലന പദ്ധതികളിലും, ബോധവല്‍ക്കരണത്തിലും എല്‍.എ.ഐ സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എൽ.എ.ഐ കേരള ചാപ്റ്റര്‍ സെക്രട്ടറി ഡോ. അനില്‍ ബാലചന്ദ്രന്‍ പുതിയ മരുന്നുകളും ചികിത്സ മാര്‍ഗങ്ങളും രോഗഫലങ്ങള്‍ മെച്ചപ്പെടുത്തുന്ന സാഹചര്യങ്ങൾ വിശദീകരിച്ചു. ഗവേഷണവും പ്രായോഗിക ചികിത്സയും തമ്മിലുള്ള വിടവ് നികത്തുന്നതിനുള്ള വേദിയാണ് ശാസ്‌ത്ര സമ്മേളനങ്ങള്‍, അദ്ദേഹം പറഞ്ഞു.
എല്‍.എ.ഐ കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. ഗീവര്‍ സക്കറിയ; സെക്രട്ടറി ഡോ. അനിൽ ബാലചന്ദ്രൻ, എൽ ഐ എ എക്സിക്യൂട്ടീവ് കോർഡിനേറ്റർ ഡോ. ചരൺജിത് സിംഗ്, എൽ.എ.ഐ കേരള ചാപ്റ്റർ പാട്രൺ ഡോ. പി. പി. മോഹനൻ, കൂടാതെ ഡോ. സജി സുബ്രഹ്മണ്യൻ എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിച്ചു.
ശാസ്ത്രീയ സെഷനുകളില്‍ കൊഴുപ്പ് സംബന്ധമായ വിവിധ രോഗങ്ങളും പ്രതിരോധ ഹൃദയചികിത്സയും ചര്‍ച്ചയായി. രോഗസാധ്യത വിലയിരുത്തുന്നതിനുള്ള പുതിയ മാര്‍ഗങ്ങളും ഇന്ത്യയ്ക്കുള്ള പ്രത്യേക ശുപാര്‍ശകളും അവതരിപ്പിച്ചു.
കൊഴുപ്പ് അമിതമാവുന്നത് മൂലം കൊറോണറി ആർട്ടറിയിൽ ഉണ്ടാകുന്ന തടസ്സങ്ങളും ഹൃദയസ്തംഭന സാധ്യതകളും, ട്രൈഗ്ലിസറൈഡ്, നോണ്‍ എച്ച്.ഡി.എല്‍ കൊളസ്‌ട്രോള്‍ എന്നീ ഘടകങ്ങളും, ലിപിഡ് പ്രൊഫൈൽ പരിശോധനയിലൂടെ ഉയർന്ന കൊളസ്‌ട്രോൾ കണ്ടെത്തി, PCSK9 ഇൻഹിബിറ്ററുകൾ തുടങ്ങിയ മരുന്നുകൾ വഴിയുള്ള ചികിത്സയും പ്രത്യേക സെഷനുകൾ ചർച്ച ചെയ്തു. ശരിയായ ചികിത്സ ലഭിച്ചാലും ഹൃദ്രോഗ സാധ്യത പൂര്‍ണമായി കുറയാത്ത സാഹചര്യങ്ങളും ചര്‍ച്ചയായി.
കുടുംബപരമായ കൊളസ്‌ട്രോള്‍ പ്രശ്നങ്ങള്‍ നേരത്തെ കണ്ടെത്തേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് പ്രത്യേക ശാസ്‌ത്ര സെഷൻ നടന്നു . ഭക്ഷണക്രമം, വ്യായാമം എന്നിവയിലൂടെ ലിപിഡ് അളവ് നിയന്ത്രിക്കാനുള്ള ജീവിതശൈലി ക്രമീകരണവും വിദഗ്‌ദ്ധ നിർദ്ദേശങ്ങളും സെഷനിൽ നടന്നു. പ്രമേഹരോഗികളിലെ കൊഴുപ്പ് നിയന്ത്രണവും ചർച്ചാവിഷയമായി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഡോക്ടര്‍മാരും ഹൃദ്രോഗ വിദഗ്ധരും പി.ജി വിദ്യാര്‍ഥികളും സമ്മേളനത്തില്‍ പങ്കെടുത്തു.
Photo Courtesy - Google










