04:50am 12 October 2026
NEWS
ഡിജിറ്റൽ ലോകത്തെ അപകടങ്ങൾ: കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ കർശന നടപടികൾ വേണമെന്ന് വിദഗ്ധർ
10/10/2026  12:13 PM IST
nila
ഡിജിറ്റൽ ലോകത്തെ അപകടങ്ങൾ: കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ കർശന നടപടികൾ വേണമെന്ന് വിദഗ്ധർ

 


​ദോഹ: ഡിജിറ്റൽ യുഗത്തിൽ കുട്ടികൾ നേരിടുന്ന വിവിധതരം അപകടങ്ങളിൽ നിന്നും ഭീഷണികളിൽ നിന്നും അവരെ സംരക്ഷിക്കുന്നതിനായി രാജ്യത്ത് കൂടുതൽ കർശനമായ നിയമങ്ങളും സുരക്ഷാ നടപടികളും നടപ്പിലാക്കണമെന്ന് വിദഗ്ധർ ആവശ്യപ്പെട്ടു. ഖത്തർ എജ്യുക്കേഷൻ, കൾച്ചർ ആൻഡ് സയൻസ് നാഷണൽ കമ്മീഷനും ഖത്തർ യൂണിവേഴ്‌സിറ്റിയിലെ ഏർലി ചൈൽഡ്ഹുഡ് സെന്ററും ചേർന്ന് സംഘടിപ്പിച്ച ‘ഡിജിറ്റൽ ലോകത്ത് എന്റെ ബാല്യം’ എന്ന വിഷയത്തിലെ സെമിനാറിലാണ് ഈ ആഹ്വാനം ഉയർന്നത്.
​വിദ്യാഭ്യാസ മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും (AI) സാങ്കേതികവിദ്യയും ഉത്തരവാദിത്തത്തോടെഉപയോഗിക്കണമെന്ന് വിദഗ്ധർ ഓർമ്മിപ്പിച്ചു. കുട്ടികളുടെ സ്വകാര്യതയും സുരക്ഷയും മാനസിക-ശാരീരിക ആരോഗ്യവും ഉറപ്പാക്കാൻ കാലാനുസൃതമായ നയരൂപീകരണം അത്യാവശ്യമാണ്. കുട്ടികളുടെ സംരക്ഷണം കുടുംബങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സർക്കാരിന്റെയും സാങ്കേതിക മേഖലയുടെയും സംയുക്ത ഉത്തരവാദിത്തമാണെന്ന് സെമിനാർ വിലയിരുത്തി.ഖത്തറിന്റെ സാംസ്‌കാരിക തനിമയും സാമൂഹിക മൂല്യങ്ങളും പ്രതിഫലിപ്പിക്കുന്ന തദ്ദേശീയ ഡിജിറ്റൽ ഉള്ളടക്കങ്ങൾ വികസിപ്പിക്കണമെന്ന് ഖത്തർ യൂണിവേഴ്‌സിറ്റി ആർട്ട് എജ്യുക്കേഷൻ മേധാവി ഡോ. ലത്തീഫ അൽ മഗൈസിബ് അഭിപ്രായപ്പെട്ടു. സാങ്കേതികവിദ്യ കുട്ടികളുടെ സർഗ്ഗാത്മകത വർദ്ധിപ്പിക്കണമെങ്കിലും അത് നേരിട്ടുള്ള കളിചിരികൾക്കും പര്യവേക്ഷണങ്ങൾക്കും തടസ്സമാകരുതെന്നും അദ്ദേഹം പറഞ്ഞു.സൈബർ ബുളീയിംഗ്, ബ്ലാക്ക്‌മെയിലിംഗ്, വ്യാജ പ്രൊഫൈലുകൾ, ഡീപ്പ് ഫേക്ക് സാങ്കേതികവിദ്യ തുടങ്ങിയ ഭീഷണികളെക്കുറിച്ച് സാംസ്‌കാരിക മന്ത്രാലയത്തിലെ പ്ലാനിംഗ് ആന്റ് ക്വാളിറ്റി വിഭാഗം ഡയറക്ടർ ലത്തീഫ സാദ് അൽ കുവാരി മുന്നറിയിപ്പ് നൽകി. രക്ഷാകർത്താക്കൾ പാരന്റൽ കൺട്രോൾ സംവിധാനങ്ങൾ കാര്യക്ഷമമായി ഉപയോഗിക്കണമെന്നും അവർ നിർദ്ദേശിച്ചു.കുട്ടികളുടെ ഭാഷാ വികാസത്തെയും ചിന്താശേഷിയെയും അമിതമായ സ്ക്രീൻ ഉപയോഗം ദോഷകരമായി ബാധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഗൈഡൻസ് വിദഗ്ധ സമീറ അൽ ഹർമി പറഞ്ഞു. സാങ്കേതികവിദ്യ അറിവ് നേടാനുള്ള ഉപാധി മാത്രമായിരിക്കണം, നേരിട്ടുള്ള ആശയവിനിമയങ്ങൾക്ക് പകരമാകരുതെന്നും 
സമീറ അൽ ഹർമി അഭിപ്രായപെട്ടു.ദോഹ ഇന്റർനാഷണൽ ഫാമിലി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ഹലാ അൽ അഹമ്മദി അവതരിപ്പിച്ച പഠന റിപ്പോർട്ട് അനുസരിച്ച് രക്ഷിതാക്കളുടെ ഫോൺ ഉപയോഗ ശീലങ്ങൾ കുട്ടികളുടെ ഡിജിറ്റൽ സ്വഭാവത്തെ നേരിട്ട്സ്വാധീനിക്കുന്നുണ്ട്. 578 കുട്ടികളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ, വിലക്കുകൾ ഏർപ്പെടുത്തുന്നതിനേക്കാൾ തുറന്ന സംസാരവും മാതൃകാപരമായ പെരുമാറ്റവുമാണ് പ്രധാനം എന്ന് അവർ വ്യക്തമാക്കി. കൂടാതെ വായന, കായികം, സാമൂഹിക പ്രവർത്തനങ്ങൾ എന്നിവയിൽ കുട്ടികളെ കൂടുതൽ വ്യാപൃതരാക്കാൻ കുടുംബങ്ങൾ മുൻകൈയെടുക്കണമെന്നും അവർ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img