നേത്രചികിത്സാവിദഗ്ധര്‍. ലോക റെറ്റിനാ ദിനം പ്രമാണിച്ച് കൊച്ചി ഗിരിധര്‍ ഐ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘടിപ്പിച്ച റൗണ്ടടേബ്‌ളില്‍ പങ്കെടുത്ത് ഗിരിധര്‍ ഐ ഇന്‍സ്റ്റിറ്റ്യൂട്ടിലെ കണ്‍സള്‍ട്ടന്റും വിട്രിയോ റെറ്റിന എച്ച്ഒഡിയുമായ ഡോ. മഹേഷ് ജി പ്രസംഗിക്കുന്നു.
കൊച്ചി: റെറ്റിനയെ ബാധിക്കുന്ന രോഗങ്ങള്‍ അതിവേഗത്തില്‍ ലോകമെങ്ങും കാഴ്ചനഷ്ടത്തിന് കാരണമാകുന്നുവെന്നും എന്നാല്‍ രോഗത്തിന്റെ പ്രാഥമികഘട്ടങ്ങളില്‍ത്തന്നെ ആവശ്യമായ ചികിത്സ ആരംഭിച്ചാല്‍ ഇതില്‍ 90%ത്തിലേറെയും ചികിത്സിച്ച് ഭേദമാക്കാവുന്നയാണെന്നും നേത്രചികിത്സാവിദഗ്ധര്‍. ലോക റെറ്റിനാ ദിനം പ്രമാണിച്ച് കൊച്ചി ഗിരിധര്‍ ഐ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘടിപ്പിച്ച റൗണ്ടടേബ്‌ളില്‍ പങ്കെടുത്ത് ഗിരിധര്‍ ഐ ഇന്‍സ്റ്റിറ്റ്യൂട്ടിലെ കണ്‍സള്‍ട്ടന്റും വിട്രിയോ റെറ്റിന എച്ച്ഒഡിയുമായ ഡോ. മഹേഷ് ജി., അങ്കമാലി ലിറ്റ്ല്‍ ഫ്‌ളവര്‍ ഹോസ്പിറ്റലിലെ വിട്രിയോ റെറ്റിനല്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. തോമസ് ചെറിയാന്‍ എന്നിവരാണ് ഈ വിവരങ്ങള്‍ പങ്കുവെച്ചത്. ആഗോളതലത്തില്‍ 100 കോടിയോളം ആളുകള്‍ വിവിധ തരത്തിലുള്ള കാഴ്ച നഷ്ടം സഹിച്ചു ജീവിക്കുന്നു. 2020-ല്‍ മാത്രം കാഴ്ച വൈകല്യത്തിന്റെ ഫലമായി ആഗോള സാമ്പത്തിക ഉല്‍പ്പാദനത്തില്‍ 410.9 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായെന്നാണ് കണക്ക്. ഡയബറ്റിക് റെറ്റിനോപ്പതി (ഡിആര്‍), ഡയബറ്റിക് മാക്യുലര്‍ എഡിമ (ഡിഎംഇ) പ്രായവുമായി ബന്ധപ്പെട്ട നിയോവാസ്‌കുലര്‍ മാക്യുലര്‍ ഡീജനറേഷന്‍ തുടങ്ങിയ റെറ്റിനാ രോഗങ്ങളാണ് ഇക്കാര്യത്തില്‍ വില്ലനാകുന്നത്. 21 ദശലക്ഷം ആളുകളാണ് ഡിഎംഇയുമായി ജീവിക്കുന്നതെന്നും ഇത് ജോലി ചെയ്യുന്ന പ്രായമായവരില്‍ കാഴ്ച നഷ്ടപ്പെടാനുള്ള പ്രധാന കാരണമാണെന്നും ഇവര്‍ പറഞ്ഞു.
ലോകത്തില്‍ കാഴ്ചയില്ലാത്തവരുടെ മൂന്നിലൊരു ഭാഗം ആളുകളും ഇന്ത്യയിലാണ്, രാജ്യത്ത് 1.1 കോടിപ്പേര്‍ക്ക് റെറ്റിന സംബന്ധമായ രോഗാവസ്ഥയുണ്ട്. ഇന്ത്യയില്‍ അന്ധതയ്ക്കുള്ള റെറ്റിന തകരാറുകളുടെ പങ്ക് 4.7% (2010) ല്‍ നിന്ന് 8% (2019) ആയി വര്‍ദ്ധിച്ചുവെന്നും ഇവര്‍ ചൂണ്ടിക്കാണിച്ചു. 10 കോടിയിലധികം പ്രമേഹരോഗികളും പ്രായമാകുന്നവരുമുള്ള ഇന്ത്യയില്‍ റെറ്റിന ആരോഗ്യത്തിന് മുന്‍ഗണന നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കൃത്യസമയത്ത് രോഗനിര്‍ണയം നടത്തുകയും ചികിത്സിക്കുകയും ചെയ്തില്ലെങ്കില്‍ റെറ്റിന രോഗങ്ങള്‍ കാഴ്ചയ്ക്ക് ഭീഷണിയായേക്കാമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.