11:39pm 07 November 2026
NEWS
സിപിഎം സംസ്ഥാന കമ്മിറ്റിയിൽ വൻ അഴിച്ചുപണിയുണ്ടായേക്കും

09/03/2025  10:38 AM IST
nila
സിപിഎം സംസ്ഥാന കമ്മിറ്റിയിൽ വൻ അഴിച്ചുപണിയുണ്ടായേക്കും

കൊല്ലം: സിപിഎം സംസ്ഥാന കമ്മിറ്റിയിൽ വൻ അഴിച്ചുപണിയുണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇന്ന് പുതിയ ജില്ലാ സെക്രട്ടറിമാർ അടക്കം ഇരുപതോളം നേതാക്കൾ സംസ്ഥാന കമ്മിറ്റിയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെടും എന്നാണ് റിപ്പോർട്ട്. അതേസമയം, ചില മുതിർന്ന നേതാക്കൾ സംസ്ഥാന കമ്മിറ്റിയിൽ നിന്നും പടിയിറങ്ങേണ്ടി വരും. ആനാവൂർ നാഗപ്പനും പി കെ ശ്രീമതിയും അടക്കം മുതിർന്ന നേതാക്കൾ കൊല്ലം സമ്മേളനത്തോടെ സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവാകും. 

വയനാട് ജില്ലാ സെക്രട്ടറിയായ കെ റഫീഖ്, മലപ്പുറം ജില്ലാ സെക്രട്ടറിയായ വി.പി അനിൽ, തൃശ്ശൂർ ജില്ലാ സെക്രട്ടറിയായ കെ വി അബ്ദുൽ ഖാദർ, കാസർകോട് ജില്ലാ സെക്രട്ടറിയായ എം രാജഗോപാൽ, കോഴിക്കോട് ജില്ലാ സെക്രട്ടറിയായ എം മെഹബൂബ്, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായ കണ്ണൂരിൽ നിന്നുള്ള വി കെ സനോജ്, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻറ്, കോഴിക്കോട് നിന്നുള്ള വി വസീഫ് എന്നിവർ ഇത്തവണ സംസ്ഥാന കമ്മിറ്റിയിലേക്ക് എത്തും.കോട്ടയത്ത് നിന്ന് ജെയ്ക് സി. തോമസിനെയും, കോട്ടയത്ത് നിന്ന് തന്നെ റെജി സഖറിയെയും പരിഗണിക്കുന്നുണ്ട്. 

വാമനപുരം എംഎൽഎ  ഡി.കെ. മുരളി, തിരുവനന്തപുരത്ത് നിന്ന് സിഐടിയു സംസ്ഥാനെ സെക്രട്ടറി കെ. എസ്. സുനിൽ കുമാർ,  എറണാകുളത്ത് നിന്ന് പി ആർ മുരളീധരൻ എന്നിവരും പുതുതായി സംസ്ഥാന കമ്മിറ്റിയിലേക്ക് എത്തിയേക്കും. കണ്ണൂരിൽ നിന്ന് എൻ. സുകന്യക്കും സാധ്യതയുണ്ട്. കൊല്ലത്ത് നിന്നുള്ള കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാനായ എസ്. ജയമോഹനെയും പരിഗണിക്കുന്നു. ഇരവിപുരം എംഎൽഎ എം നൗഷാദിനെയും ആലപ്പുഴയിൽ നിന്ന് പി പി ചിത്തരഞ്ജൻ എംഎൽഎയെയും കെ. എച്ച്. ബാബു ജാനെയും പരിഗണിക്കുന്നു. മന്ത്രിമാരായ വീണ ജോർജ്ജിനെയും ആ‍ർ. ബിന്ദുവിനെയും പ്രതീക്ഷിക്കുന്നു. മാധ്യമപ്രവർത്തനം വിട്ട് പാർട്ടി പ്രവർത്തനത്തിനെത്തിയ എംവി.നികേഷ് കുമാറിനെ ക്ഷണിതാവ് ആക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അതേസമയം, എം.വി.ഗോവിന്ദൻ സെക്രട്ടറിയായി തുടരും. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img