
ദോഹ: വർദ്ധിച്ചുവരുന്ന യാത്രാച്ചെലവുകളും വിമാന ടിക്കറ്റ് നിരക്കിലെ അസ്ഥിരതയും കാരണം വിദേശയാത്രകൾക്ക് പകരം ഖത്തറിനുള്ളിൽ തന്നെ അവധിക്കാലം ആഘോഷിക്കുന്ന 'സ്റ്റേക്കേഷൻ' (Staycation) രീതിയിലേക്ക് പ്രവാസികൾ കൂട്ടത്തോടെ മാറുന്നു. ഈദ് അൽ അദ്ഹ ഉൾപ്പെടെയുള്ള വിശേഷദിവസങ്ങളിലും വാരാന്ത്യങ്ങളിലും ഖത്തറിലെ ഹോട്ടലുകൾ, ബീച്ചുകൾ, സാംസ്കാരിക കേന്ദ്രങ്ങൾ എന്നിവടങ്ങളിലെല്ലാം വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.വിമാനത്താവളങ്ങളിലെ നീണ്ട ക്യൂവും ഭാരമേറിയ ലഗേജുകളുമായുള്ള യാത്രകളും ഒഴിവാക്കി, സ്വന്തം വാഹനത്തിൽ തൊട്ടടുത്തുള്ള ഹോട്ടലുകളിലേക്കോ റിസോർട്ടുകളിലേക്കോ പോയി അവധിക്കാലം ആസ്വദിക്കുന്നതിനാണ് പലരും ഇപ്പോൾ മുൻഗണന നൽകുന്നത്. നിലവിലെ പ്രാദേശിക സാഹചര്യങ്ങളും യാത്രാ തടസ്സങ്ങളെക്കുറിച്ചുള്ള ആശങ്കകളും ഈ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് താമസക്കാർ പറയുന്നു.
വിദേശയാത്രകൾ എപ്പോഴും ആവേശകരമാണ്, എന്നാൽ വൻതുക യാത്രാച്ചെലവില്ലാതെ തന്നെ ഒരു അവധിക്കാലത്തിന്റെ അതേ അനുഭൂതി സ്റ്റേക്കേഷനുകൾ സമ്മാനിക്കുന്നുണ്ട്. സങ്കീർണ്ണമായ യാത്രാ പ്ലാനുകൾ തയ്യാറാക്കുന്നതിന് പകരം സുഹൃത്തുക്കൾക്കൊപ്പം ബീച്ചിനോട് ചേർന്നുള്ള ഹോട്ടലിൽ സമയം ചിലവഴിക്കാനാണ് ഞാൻ ഇത്തവണ തീരുമാനിച്ചതെന്ന് പ്രവാസിയായ ജെറാൾഡിൻപ്രതികരിച്ചു.കുട്ടികളുള്ള കുടുംബങ്ങൾക്കും ഇത്തരം പ്രാദേശിക യാത്രകൾ വലിയ ആശ്വാസമാണ് നൽകുന്നത്. വിമാനത്താവളങ്ങളിലെ കർശനമായ പരിശോധനകളും ദീർഘദൂര യാത്രകളും കുട്ടികളിൽ ഉണ്ടാക്കുന്ന മാനസിക സമ്മർദ്ദം ഒഴിവാക്കാൻ സ്റ്റേക്കേഷനുകൾ സഹായിക്കുന്നുണ്ടെന്ന് ഫിലിപ്പീൻസ് സ്വദേശിയായ നാർഡ്സ് പറഞ്ഞു.ആഭ്യന്തര സഞ്ചാരികളുടെ ഈ വർദ്ധിച്ചുവരുന്ന താല്പര്യം മുൻനിർത്തി ഖത്തറിലെ ഹോട്ടലുകളും വിനോദകേന്ദ്രങ്ങളും ആകർഷകമായ പാക്കേജുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കുടുംബങ്ങൾക്കായുള്ള പ്രത്യേക പരിപാടികൾ, സ്പാ, സ്വിമ്മിംഗ് പൂൾ സൗകര്യങ്ങൾ, ഫിറ്റ്നസ് പ്രോഗ്രാമുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. തിരക്കേറിയ വിദേശ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെ ഓടിനടക്കുന്നതിന് പകരം, കുടുംബത്തോടൊപ്പം വിശ്രമിക്കാനും വ്യായാമങ്ങളിൽ ഏർപ്പെടാനും ഇത്തരം ഹോട്ടൽ വാസങ്ങൾ സഹായിക്കുന്നതായി യുവാക്കൾ സാക്ഷ്യപ്പെടുത്തുന്നു.
ദീർഘകാലമായി ഖത്തറിൽ ജീവിക്കുന്ന പലരും ഇതുവരെ കാണാത്ത രാജ്യത്തെ പ്രധാന മ്യൂസിയങ്ങൾ, പൊതു ബീച്ചുകൾ, മരുഭൂമിയിലെ വിനോദകേന്ദ്രങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ എന്നിവ കാണാനും ഈ അവസരം ഉപയോഗപ്പെടുത്തുന്നുണ്ട്. ഒരു വിദേശ സഞ്ചാരിയുടെ കണ്ണിലൂടെ സ്വന്തം പ്രവാസഭൂമിയെ വീണ്ടും കണ്ടറിയാനും ആസ്വദിക്കാനും കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പല പ്രവാസികളും ഈ അവധിക്കാലം പൂർത്തിയാക്കുന്നത്.










