
പ്രവാസി മലയാളികളെയും മടങ്ങിയെത്തിയ പ്രവാസികളെയും സംസ്ഥാനത്തിന്റെ വ്യാവസായിക വളർച്ചയിൽ പങ്കാളികളാക്കാൻ പുതിയ പദ്ധതിയുമായി വ്യവസായ വകുപ്പ്. ‘നോർക്ക സ്വകാര്യ വ്യവസായ എസ്റ്റേറ്റ്’ എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിയിലൂടെ പ്രവാസികൾക്ക് സ്വന്തം നാട്ടിൽ വ്യവസായ എസ്റ്റേറ്റുകളും സ്റ്റാൻഡേഡ് ഡിസൈൻ ഫാക്ടറികളും ആരംഭിക്കാം. അടിസ്ഥാനസൗകര്യ വികസനത്തിനായി പരമാവധി മൂന്ന് കോടി രൂപ വരെയാണ് സർക്കാർ സഹായം ലഭിക്കുക.
പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും പുറമേ, പ്രവാസികൾക്ക് ഭൂരിപക്ഷം ഓഹരിയുള്ള കമ്പനികൾ, സഹകരണസംഘങ്ങൾ, ചാരിറ്റബിൾ സൊസൈറ്റികൾ, പങ്കാളിത്ത സ്ഥാപനങ്ങൾ, എം.എസ്.എം.ഇ. കൺസോർഷ്യങ്ങൾ എന്നിവയ്ക്കും പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്താം.
അടിസ്ഥാനസൗകര്യ വികസനത്തിന് സാമ്പത്തിക സഹായം
വ്യവസായ എസ്റ്റേറ്റുകളിലും സ്റ്റാൻഡേഡ് ഡിസൈൻ ഫാക്ടറികളിലും റോഡ്, വൈദ്യുതി, കുടിവെള്ളം, മാലിന്യസംസ്കരണ സംവിധാനം, മറ്റ് പൊതുസൗകര്യങ്ങൾ എന്നിവ ഒരുക്കുന്നതിനാണ് സർക്കാർ സഹായം. ചെലവഴിച്ച തുകയുടെ അടിസ്ഥാനത്തിൽ റീഇംബേഴ്സ്മെന്റ് രീതിയിലാണ് ധനസഹായം അനുവദിക്കുക.
ഏഴുമീറ്റർ വീതിയുള്ള ആഭ്യന്തര റോഡുകൾക്ക് മീറ്ററിന് 15,000 രൂപ നിരക്കിൽ പരമാവധി 75 ലക്ഷം രൂപ ലഭിക്കും. വൈദ്യുതി സബ്സ്റ്റേഷൻ, ലൈനുകൾ എന്നിവയ്ക്ക് 40 ലക്ഷം രൂപയും കുടിവെള്ള വിതരണ സംവിധാനത്തിന് 40 ലക്ഷം രൂപയും അനുവദിക്കും. ഇ.ടി.പി., സി.ഇ.ടി.പി. മാലിന്യസംസ്കരണ സംവിധാനങ്ങൾക്ക് 30 ലക്ഷം രൂപയും മറ്റ് പൊതുസൗകര്യങ്ങൾക്ക് 80 ലക്ഷം രൂപയും വരെ സഹായം ലഭിക്കും. സ്റ്റാൻഡേഡ് ഡിസൈൻ ഫാക്ടറി നിർമാണത്തിനായി 1.50 കോടി രൂപ വരെയും അനുവദിക്കും. പദ്ധതിയിലെ വ്യവസ്ഥകൾക്കനുസരിച്ചായിരിക്കും സഹായം ലഭിക്കുക.
മൂന്നേക്കർ ഭൂമിയുണ്ടെങ്കിൽ ഫാക്ടറി സമുച്ചയം
മൂന്ന് മുതൽ ഏഴ് ഏക്കർ വരെ ഭൂമിയുള്ളവർക്ക് സ്റ്റാൻഡേഡ് ഡിസൈൻ ഫാക്ടറി (എസ്.ഡി.എഫ്.) സ്ഥാപിക്കാൻ അപേക്ഷിക്കാം. വ്യവസായ ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന, ഒന്നിലധികം യൂണിറ്റുകൾ പ്രവർത്തിപ്പിക്കാൻ സൗകര്യമുള്ള ബഹുനില കെട്ടിടസമുച്ചയമാണിത്.
കെട്ടിടത്തിന് കുറഞ്ഞത് 10,000 ചതുരശ്ര അടി വിസ്തീർണം ഉണ്ടായിരിക്കണം. കുറഞ്ഞത് 1,000 ചതുരശ്ര അടി വിസ്തീർണമുള്ള അഞ്ച് നിർമാണ യൂണിറ്റുകളെങ്കിലും സമുച്ചയത്തിൽ ഒരുക്കണം. നിർമാണത്തിനും അടിസ്ഥാനസൗകര്യ വികസനത്തിനുമായി ആകെ മൂന്ന് കോടി രൂപ വരെ റീഇംബേഴ്സ്മെന്റ് ലഭിക്കാം.
ഏഴ് ഏക്കറിനു മുകളിൽ 15 ഏക്കർ വരെ ഭൂമിയുള്ളവർക്ക് വ്യവസായ എസ്റ്റേറ്റ് സ്ഥാപിക്കുന്നതിനും അപേക്ഷിക്കാം. സ്വന്തം ഭൂമിയോ കുറഞ്ഞത് 30 വർഷത്തെ പാട്ടാവകാശമുള്ള ഭൂമിയോ ഉണ്ടായിരിക്കണം.
നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ പരിധിയിലുള്ള ഭൂമി, പരിസ്ഥിതി ലോല മേഖല (ഇ.എസ്.എ.), തീരദേശ നിയന്ത്രണ മേഖല (സി.ആർ.ഇസെഡ്.), തോട്ടഭൂമി എന്നിവയിൽ ഉൾപ്പെടുന്ന സ്ഥലങ്ങൾ പദ്ധതിക്ക് ഉപയോഗിക്കാനാകില്ല.
ഏകജാലക സംവിധാനം; ചുവപ്പ് വിഭാഗം വ്യവസായങ്ങൾക്ക് വിലക്ക്
വ്യവസായ എസ്റ്റേറ്റ് ഡെവലപ്പർ പെർമിറ്റിനൊപ്പം ഓരോ നോർക്ക സ്വകാര്യ വ്യവസായ എസ്റ്റേറ്റിനും പ്രത്യേക ഏകജാലക ക്ലിയറൻസ് ബോർഡും രൂപീകരിക്കും. കെട്ടിടനിർമാണാനുമതി ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ ഈ സംവിധാനം സഹായിക്കും.
പെർമിറ്റ് ലഭിച്ച് രണ്ടുമാസത്തിനകം കെട്ടിടനിർമാണാനുമതിക്കായി അപേക്ഷിക്കണം. മൂന്നു മാസത്തിനകം നിർമാണം ആരംഭിക്കുകയും രണ്ടുവർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുകയും വേണം.
പരിസ്ഥിതി മലിനീകരണത്തിന് ഉയർന്ന സാധ്യതയുള്ള റെഡ് കാറ്റഗറി വ്യവസായങ്ങൾക്ക് എസ്റ്റേറ്റുകളിൽ അനുമതി നൽകില്ല. പ്രവാസികളുടെ നിക്ഷേപം പ്രയോജനപ്പെടുത്തി കൂടുതൽ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുകയും പ്രാദേശികതലത്തിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.










