
ദോഹ: കേരളത്തിലെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണ (SIR) പ്രവർത്തനങ്ങളുടെ ഭാഗമായി, പ്രവാസികൾക്ക് സംശയ നിവാരണത്തിന് ദോഹയിൽ പ്രത്യേക കോൾ സെന്റർ പ്രവർത്തനം തുടങ്ങി. 0471-2551965 എന്ന നമ്പറിൽ ഇന്ത്യൻ സമയം രാവിലെ 9 മുതൽ വൈകിട്ട് 7 വരെ വിളിച്ച് സംശയങ്ങൾ തീർക്കാം. കൂടാതെoverseaselectorsir26@gmail.com എന്ന വിലാസത്തിലേക്കും ഇമെയിൽ ചെയ്യാം.
കേരളത്തിൽ എന്യൂമറേഷൻ ഫോമുകളുടെ വിതരണം ശക്തമായി മുന്നേറുകയാണ്. ഇതുവരെ 1.84 കോടി ആളുകൾക്ക്, അഥവാ മൊത്തം വോട്ടർമാരുടെ 66.27%, ഫോറം വിതരണം ചെയ്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ബാക്കി ഫോറങ്ങളും അടുത്ത ദിവസങ്ങളിൽ വിതരണം പൂർത്തിയാക്കും.
നാട്ടിലില്ലാത്ത പ്രവാസികൾക്ക് ഫോമുകൾ പൂരിപ്പിക്കാൻ രണ്ട് മാർഗങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്:
വീടുകളിലെത്തുന്ന ഉദ്യോഗസ്ഥർ നൽകുന്ന ഫോറം ബന്ധുക്കൾ വഴി പൂരിപ്പിക്കൽ.
ഓൺലൈനായി ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അപ്ലോഡ് ചെയ്യൽ.
പ്രവാസികളുടെ വിലാസമാറ്റം, നോട്ടീസുകൾ ലഭിക്കാത്ത സാധ്യത, രേഖകൾ പരിശോധിക്കുന്ന BLO ഉദ്യോഗസ്ഥരുമായി ബന്ധപ്പെടൽ തുടങ്ങി നിരവധി പ്രായോഗിക പ്രശ്നങ്ങൾ പരിഗണിച്ച്, ദോഹ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ ഹെൽപ് ഡെസ്കുകൾ പ്രവർത്തനം തുടങ്ങി.
ദോഹയിലെ പ്രവാസി വെൽഫെയർ ഇൻഫർമേഷൻ ഡെസ്ക് എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ സേവനം നൽകുന്നു. 33357011 എന്ന വാട്ട്സാപ്പ് നമ്പറിലും സംശയങ്ങൾ തീർക്കാം.










