09:07pm 19 September 2026
NEWS
പ്രവാസി പെൻഷൻ അപാകതകൾ പരിഹരിക്കണം- കെഎംസിസി ബഹ്‌റൈൻ
19/09/2026  08:17 PM IST
nila
പ്രവാസി പെൻഷൻ അപാകതകൾ പരിഹരിക്കണം- കെഎംസിസി ബഹ്‌റൈൻ

 

 

 

മനാമ: പ്രവാസി ക്ഷേമനിധിയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെഎംസിസി ബഹ്‌റൈൻ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന് നിവേദനം നൽകി. കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്‌മാൻ, ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്.

ബഹ്‌റൈൻ കെഎംസിസിയിൽ നൽകിയ സ്വീകരണത്തിൽ ഡെപ്യൂട്ടി സ്പീക്കർ പ്രവാസികളുടെ വിഷയങ്ങൾ വിശദമായി കേൾക്കുകയും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുമായി ഉടൻ ചർച്ച നടത്തി ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.

വർഷങ്ങളോളം പ്രവാസി ക്ഷേമനിധിയിൽ പണം അടച്ചുവരുന്ന അംഗങ്ങൾക്ക് ചെറിയ കുടിശ്ശികയുടെ പേരിൽ പെൻഷൻ നിഷേധിക്കുന്ന നടപടി പുനഃപരിശോധിക്കണമെന്ന് കെഎംസിസി നിവേദനത്തിൽ ആവശ്യപ്പെട്ടു. പെൻഷന് അർഹത നേടിയവർക്ക് കുടിശ്ശിക അടയ്ക്കാൻ അവസരം നൽകി പെൻഷൻ അനുവദിക്കുന്നതിനുള്ള അടിയന്തര ഇടപെടൽ നടത്തണമെന്നും അഭ്യർത്ഥിച്ചു.

പെൻഷൻ അപേക്ഷകളിൽ ആറുമാസം മുതൽ ഒരു വർഷം വരെ കാലതാമസം നേരിടുന്ന നിലവിലെ രീതി മാറ്റി ഒന്നോ രണ്ടോ മാസത്തിനുള്ളിൽ പെൻഷൻ അനുവദിക്കുന്ന സംവിധാനം നടപ്പാക്കണമെന്നും അനുവദിക്കപ്പെട്ട മുഴുവൻ തുകയും സമയബന്ധിതമായി വിതരണം ചെയ്യണമെന്നും കെഎംസിസി ആവശ്യപ്പെട്ടു.

കൃത്യമായി പെൻഷൻ ലഭിക്കാതെ കുടിശ്ശികയായി കിടക്കുന്ന തുകകൾ ഉടൻ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും പ്രവാസി ക്ഷേമനിധിയിൽ അംഗത്വം നേടുന്നതിനുള്ള പ്രായപരിധി 60 വയസ്സിൽനിന്ന് 70 വയസ്സായി ഉയർത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

പ്രവാസി ക്ഷേമനിധിയിലെ ചികിത്സാ സഹായം, മരണാനന്തര സഹായം തുടങ്ങിയ ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകളിൽ കാലതാമസം ഒഴിവാക്കി അർഹരായവർക്ക് വേഗത്തിൽ സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കെഎംസിസി അഭ്യർത്ഥിച്ചു.

സംസ്ഥാന ഭാരവാഹികളായ കെ പി മുസ്തഫ, എ പി ഫൈസൽ, ഷാഫി പറക്കട്ട, റഫീഖ് തോട്ടക്കര, സലീം തളങ്കര, ഫൈസൽ കണ്ടിതാഴ, അഷ്റഫ് കാട്ടിൽപ്പീടിക, വേൾഡ് കെഎംസിസി സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ കെഎംസിസി ജില്ലാ ഏരിയ ഭാരവാഹികൾ, പ്രവർത്തക സമിതി അംഗങ്ങൾ, ഒ ഐ സി സി ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img