
പി വി എ നാസർ
ദോഹ: പ്രാദേശികമായ വെല്ലുവിളികളും സംഘർഷ സാഹചര്യങ്ങളും നിലനിൽക്കുന്നുണ്ടെങ്കിലും പ്രത്യാശയുടെയും ഐശ്വര്യത്തിന്റെയും സന്ദേശവുമായി ഖത്തറിലെ മലയാളി സമൂഹം വിഷു ആഘോഷിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുമ്പോഴും ആഘോഷങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാതെയാണ് പ്രവാസികൾ ഈ ദിനത്തെ വരവേറ്റത്.
പുലർച്ചെ തന്നെ വീടുകളിൽ കണിയൊരുക്കി മുതിർന്നവരും കുട്ടികളും വിഷുവിനെവരവേറ്റു.പൂത്തുലഞ്ഞ കണിക്കൊന്നകൾ നാട്ടിൽ നിന്ന് എത്തിയതിനാൽ മലയാളി ഗൃഹങ്ങളിൽ യഥാർത്ഥ വിഷുക്കാലത്തിന്റെ പ്രതീതിയായിരുന്നു. വസ്ത്ര- ആഭരണ വിപണികളിലും പച്ചക്കറി കടകളിലും കഴിഞ്ഞ ദിവസങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
അവധി ദിവസമല്ലാത്തതിനാൽ
കുടുംബങ്ങൾ ഒത്തുചേർന്നുള്ള വിഷു സദ്യകൾപലർക്കും സാധ്യമാകില്ലെങ്കിലും സാഹചര്യം അനുവദിക്കുന്നവർക്ക് ഒരു മിച്ചുള്ള സദ്യആഘോഷത്തിന് മാറ്റുകൂട്ടും.
മുതിർന്നവർ കുട്ടികൾക്ക് വിഷുക്കൈനീട്ടം നൽകുന്ന പതിവ് ഇത്തവണയും ആവേശത്തോടെ നടന്നു. ജോലിക്കിടയിലും സമയം കണ്ടെത്തി ബാച്ചിലർമാരും ഫ്ലാറ്റുകളിൽ കൂട്ടായി വിഷു സദ്യ ഒരുക്കി. ലുലു, സഫാരി തുടങ്ങിയ പ്രമുഖ ഹൈപ്പർമാർക്കറ്റുകളിൽ വിഷു കിറ്റുകളും സദ്യയ്ക്കുള്ള വിഭവങ്ങളും വാങ്ങാൻ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്.മേഖലയിലെ നിലവിലെ അസ്ഥിരതയെക്കുറിച്ച് ആശങ്കകൾ ഉണ്ടെങ്കിലും സമാധാനപരമായ നാളെയെക്കുറിച്ചുള്ള പ്രതീക്ഷയിലാണ് വിഷു.സോഷ്യൽ മീഡിയയിലൂടെ നാട്ടിലെയും പ്രവാസലോകത്തെയും സുഹൃത്തുക്കൾക്ക് വിഷു ആശംസകൾ കൈമാറുന്ന തിരക്കിലായിരുന്നു എല്ലാവരും. ഇന്ത്യൻ കൾച്ചറൽ സെന്റർ പ്രതിവാര സാംസ്കാരിക വിരുന്നായ ബുധനാഴ്ച ഫിയസ്റ്റ് സംഘർഷസാഹചര്യത്തെ തുടർന്ന് നീണ്ട നാളുകൾക്കു ശേഷം ഇന്ന് വീണ്ടും പുനരാരംഭിക്കുന്നത് വിഷുആഘോഷത്തോടെയാണ്. ഇന്ന് വൈകുന്നേരം അബുഹുമൂറിലെ ഐ സി സി അശോകഹാളിൽ നടക്കുന്ന
ബുധനാഴ്ച്ച ഫിയസ്റ്റയിൽ
വൈവിധ്യമാർന്ന കലാവിരുന്നുകൾ
വിഷുവിന്റെ ആഘോഷപൊലിമയോടെ
വർണ്ണാഭമാകും.
ഗൾഫ് രാജ്യങ്ങളിലെ വിവിധ പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിലും വിഷു സംഗമങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.
ഭീതിയുടെയും ആശങ്കയുടെയും വാർത്തകൾക്കിടയിലും മാനുഷികമായ ഒരുമയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായി ഖത്തറിലെ ഈ വിഷു ആഘോഷം മാറി.











