11:48pm 30 October 2026
NEWS
പ്രവാസി ഇൻഷുറൻസ് പ്രീമിയം വർദ്ധനവ്: മുഖ്യമന്ത്രിക്ക് ഖത്തർ ഐ.എം.സി.സി കത്തയച്ചു
30/10/2026  08:34 PM IST
nila
പ്രവാസി ഇൻഷുറൻസ് പ്രീമിയം വർദ്ധനവ്: മുഖ്യമന്ത്രിക്ക് ഖത്തർ ഐ.എം.സി.സി കത്തയച്ചു


ദോഹ: സംസ്ഥാന സർക്കാർ പ്രവാസി ക്ഷേമനിധി ബോർഡ് വഴി നടപ്പിലാക്കുന്ന ഇൻഷുറൻസ് പദ്ധതികളുടെ പ്രീമിയം തുക കുത്തനെ കൂട്ടിയ നടപടിയിൽ ആശങ്ക അറിയിച്ചും, തീരുമാനം അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടും ഖത്തർ ഐ.എം.സി.സി മുഖ്യമന്ത്രി വി. ഡി. സതീശന് ഇമെയിൽ മാർഗ്ഗം നിവേദനം അയച്ചു.
ഗൾഫ് നാടുകളിൽ നിലനിൽക്കുന്ന സാമ്പത്തിക മാന്ദ്യവും തൊഴിൽരംഗത്തെ പ്രതിസന്ധികളും കാരണം പ്രവാസികൾ കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തിലാണ് പ്രീമിയം വർദ്ധനവ് വന്നിരിക്കുന്നത്. കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന സാധാരണക്കാരായ പ്രവാസി തൊഴിലാളികളെയാണ് ഈ തീരുമാനം ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുന്നത്. നിത്യജീവിത ചെലവുകൾ പോലും താങ്ങാനാവാതെ പ്രയാസപ്പെടുന്ന പ്രവാസികൾക്ക് മേൽ അധിക സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് ഐ.എം.സി.സി കത്തിൽ ചൂണ്ടിക്കാട്ടി.
പ്രവാസികളുടെ ക്ഷേമം ഉറപ്പുവരുത്തേണ്ട ബോർഡ് തന്നെ തുക വർദ്ധിപ്പിച്ചത് തിരിച്ചടിയാണെന്നും, ഇൻഷുറൻസ് പദ്ധതിയിൽ നിന്ന് സാധാരണക്കാർ പിന്മാറാൻ ഇത് ഇടയാക്കുമെന്നും നിവേദനത്തിൽ വ്യക്തമാക്കുന്നുണ്ട്. വർദ്ധിപ്പിച്ച പ്രീമിയം തുക ഉടൻ പിൻവലിച്ച് പഴയ നിരക്ക് പുനഃസ്ഥാപിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഖത്തർ ഐ.എം.സി.സി ഭാരവാഹികൾ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img