
തിരുവനന്തപുരം: അടുത്ത അഞ്ച് വർഷം കേരളം ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ഇനി കൃത്യം ഒരാഴ്ച മാത്രം. മെയ് നാലിന് വോട്ടെണ്ണൽ നടക്കാനിരിക്കെ, കേരളത്തിന്റെ രാഷ്ട്രീയ മനസ്സ് എങ്ങോട്ടാണെന്ന സൂചന നൽകുന്ന എക്സിറ്റ് പോൾ ഫലങ്ങൾ നാളെ (ഏപ്രിൽ 29) വൈകിട്ട് 6.30 മുതൽ പുറത്തുവരും. പശ്ചിമ ബംഗാളിലെ അവസാന ഘട്ട വോട്ടെടുപ്പും പൂർത്തിയാകുന്നതോടെയാണ് രാജ്യത്തെ പ്രമുഖ ഏജൻസികൾ പ്രവചനങ്ങൾ പുറത്തുവിടുക.
ഭരണം നിലനിർത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് എൽ.ഡി.എഫ്. മൂന്നാമതും ഭരണത്തിലെത്താനായാൽ അത് കേരള രാഷ്ട്രീയത്തിലെ ചരിത്രപരമായ വിജയമാകും. 75 നും 80 നും ഇടയിൽ സീറ്റാണ് ഇടതുമുന്നണി പ്രതീക്ഷിക്കുന്നത്. അതേസമയം, പത്ത് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഭരണം തിരിച്ചുപിടിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ്. 85 സീറ്റുവരെ ലഭിക്കുമെന്നാണ് അവരുടെ കണക്കുകൂട്ടൽ. തോറ്റാൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രഖ്യാപനം യു.ഡി.എഫിനെ സംബന്ധിച്ച് ഈ പോരാട്ടത്തെ ജീവന്മരണ പ്രശ്നമാക്കി മാറ്റിയിട്ടുണ്ട്.
നിലവിൽ നിയമസഭയിൽ അക്കൗണ്ടില്ലാത്ത ബി.ജെ.പി, ഇത്തവണ നേമത്തും കഴക്കൂട്ടത്തും ഉൾപ്പെടെ രണ്ടിടത്തധികം സീറ്റുകളിൽ വിജയം ഉറപ്പിക്കുന്നുണ്ട്.
ആഘോഷങ്ങൾക്കായി 'വിജയഗാനങ്ങൾ' റെഡി
ഫലം വരുന്നതിന് മുൻപേ ആവേശം വാനോളമാണ്. എൽ.ഡി.എഫിന്റെ വിജയാഘോഷങ്ങൾക്കായി തയ്യാറാക്കിയ പാരഡി ഗാനം ഇതിനോടകം സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കഴിഞ്ഞു. 'വാഴ 2' എന്ന ചിത്രത്തിലെ ഹിറ്റ് പാട്ടിന്റെ ഈണത്തിലാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. മറുഭാഗത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ 'കടക്കുപുറത്ത്' പരാമർശമടക്കം ഉൾപ്പെടുത്തി മാപ്പിളപ്പാട്ട് ശൈലിയിലുള്ള ഗാനങ്ങളുമായി യു.ഡി.എഫും സജ്ജമാണ്.
എക്സിറ്റ് പോൾ ഫലങ്ങൾ എപ്പോഴും കൃത്യമാകണമെന്നില്ലെങ്കിലും, ജനവിധി എങ്ങോട്ടാണെന്നതിന്റെ കൃത്യമായ സൂചനകൾ നാളത്തെ പ്രവചനങ്ങൾ നൽകുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ കേരളം.










