02:07pm 01 May 2026
NEWS
എക്സിറ്റ് പോളുകളെ വിശ്വസിക്കാമോ? മുൻകാലങ്ങളിലെ എക്സിറ്റ് പോളുകളും യഥാർത്ഥ ഫലങ്ങളും ഇങ്ങനെ...
01/05/2026  11:57 AM IST
NILA
എക്സിറ്റ് പോളുകളെ വിശ്വസിക്കാമോ? മുൻകാലങ്ങളിലെ എക്സിറ്റ് പോളുകളും യഥാർത്ഥ ഫലങ്ങളും ഇങ്ങനെ...

ന്യൂഡൽഹി: കേരളത്തിലും പശ്ചിമബംഗാളിലും ഇത്തവണത്തെ എക്‌സിറ്റ്‌പോൾ പ്രവചനങ്ങൾ വലിയ രാഷ്ട്രീയചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. എന്നാൽ, എക്സിറ്റ് പോൾ കണക്ക് അത്ര എളുപ്പത്തിൽ വിശ്വസിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. മുൻ തിരഞ്ഞെടുപ്പുകളുടെ അനുഭവം ചൂണ്ടിക്കാട്ടിയാണ് എക്സിറ്റ് പോളിനെ ഒരുവിഭാ​ഗം തള്ളുന്നത്. പ്രത്യേകിച്ച് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എക്‌സിറ്റ്‌പോളുകളും യഥാർത്ഥ ഫലങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ടായിരുന്നുവെന്നതാണ് പ്രധാന ചർച്ചാവിഷയം.

പശ്ചിമബംഗാളിൽ 2021ൽ മിക്ക എക്‌സിറ്റ്‌പോൾ ഏജൻസികളും തൃണമൂൽ കോൺഗ്രസിന് മുൻതൂക്കം നൽകിയിരുന്നെങ്കിലും, ബി.ജെ.പി. ശക്തമായ വെല്ലുവിളിയുയർത്തുന്ന ഇഞ്ചോടിഞ്ച് പോരാട്ടമെന്ന ചിത്രമാണ് വരച്ചുകാട്ടിയത്. ചില ഏജൻസികൾ ബി.ജെ.പി. അധികാരത്തിലെത്തുമെന്നുവരെ പ്രവചിച്ചിരുന്നു. എന്നാൽ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് വൻ ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തി.

2016ലും ഇതേപോലൊരു സാഹചര്യം ഉണ്ടായിരുന്നു. അന്ന് ഇടത്-കോൺഗ്രസ് സഖ്യവും തൃണമൂലും തമ്മിൽ കടുത്ത മത്സരം ഉണ്ടാകുമെന്നായിരുന്നു പല സർവേകളുടെയും വിലയിരുത്തൽ. പക്ഷേ ഫലം വന്നപ്പോൾ തൃണമൂൽ വ്യക്തമായ മുൻതൂക്കത്തോടെ വിജയിച്ചു. അതിനാൽ ഇത്തവണ ബി.ജെ.പി.ക്ക് അനുകൂലമായ പ്രവചനങ്ങളെ തൃണമൂൽ കോൺഗ്രസ് അത്ര ഗൗരവമായി കാണുന്നില്ല. മുൻകാല പ്രവചനങ്ങളിലെ പിഴവുകളാണ് അവർ ചൂണ്ടിക്കാണിക്കുന്നത്.

കേരളത്തിലും 2021ലെ എക്‌സിറ്റ്‌പോളുകൾ ഇടതുമുന്നണിക്ക് ഭൂരിപക്ഷസാധ്യത പ്രവചിച്ചിരുന്നെങ്കിലും, അത്ര വലിയ തരംഗമുണ്ടാകുമെന്ന സൂചന നൽകിയിരുന്നില്ല. എന്നാൽ യഥാർത്ഥ ഫലം വന്നപ്പോൾ എൽ.ഡി.എഫ്. 99 സീറ്റുകൾ നേടി ചരിത്രവിജയം സ്വന്തമാക്കി. 140 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിനാവശ്യമായത് 71 സീറ്റുകളാണ്. അന്ന് മിക്ക ഏജൻസികളും എൽ.ഡി.എഫിന് ശരാശരി 80ഓളം സീറ്റുകളാണ് പ്രവചിച്ചത്.

അന്നത്തെ പ്രവചനങ്ങളിൽ യഥാർത്ഥ ഫലത്തോട് ഏറ്റവും അടുത്തുനിന്നത് ‘ടുഡേയ്‌സ് ചാണക്യ’യായിരുന്നു. അവർ എൽ.ഡി.എഫിന് 93 മുതൽ 111 വരെ സീറ്റുകൾ ലഭിക്കാമെന്നായിരുന്നു വിലയിരുത്തിയത്. ഇത്തവണ കേരളത്തിൽ യു.ഡി.എഫ്. അധികാരത്തിലെത്തുമെന്ന സൂചനയാണ് പല എക്‌സിറ്റ്‌പോളുകളും നൽകുന്നത്. ചില സർവേകൾ യു.ഡി.എഫിന് 80ലേറെ സീറ്റുകൾ പ്രവചിക്കുമ്പോൾ, ചിലത് 90 വരെ സീറ്റുകൾ നേടാമെന്ന വിലയിരുത്തലും മുന്നോട്ടുവയ്ക്കുന്നു. അതേസമയം, ഇക്കുറി കേരളത്തിൽ തൂക്കുസഭയാണ്  ‘ടുഡേയ്‌സ് ചാണക്യ’ പ്രവചിക്കുന്നത്. 

ബംഗാളിൽ 294 അംഗ നിയമസഭയിൽ അധികാരത്തിലെത്താൻ 148 സീറ്റുകളാണ് വേണ്ടത്. 2021ൽ മിക്ക സർവേകളും തൃണമൂലിന് 160ഓളം സീറ്റുകൾ മാത്രമാണ് പ്രവചിച്ചത്. ചില ഏജൻസികൾ ബി.ജെ.പി.ക്ക് 185 വരെ സീറ്റുകൾ ലഭിക്കാമെന്നുമായിരുന്നു വിലയിരുത്തൽ. എന്നാൽ അന്തിമഫലത്തിൽ തൃണമൂൽ കോൺഗ്രസ് 215 സീറ്റുകൾ നേടി വൻ ജയം സ്വന്തമാക്കി; ബി.ജെ.പി. 77 സീറ്റിലൊതുങ്ങി. അവിടെയും ‘ടുഡേയ്‌സ് ചാണക്യ’യുടെ പ്രവചനമാണ് യഥാർത്ഥ ഫലത്തോട് കൂടുതൽ അടുത്തുനിന്നത്. അവർ തൃണമൂലിന് 191 സീറ്റുവരെയും ബി.ജെ.പി.ക്ക് 97 മുതൽ 119 വരെ സീറ്റുകളുമാണ് പ്രവചിച്ചത്.

ഇത്തവണ ബംഗാളിലെ സർവേകളുടെ ആകെ ചിത്രം നോക്കുമ്പോൾ ശക്തമായ മത്സരം തന്നെയാണ് സൂചിപ്പിക്കുന്നത്. ചില ഏജൻസികൾ ബി.ജെ.പി.ക്ക് നേരിയ മുൻതൂക്കം നൽകുമ്പോൾ, മറ്റുചിലർ തൃണമൂലിന് വീണ്ടും ഭൂരിപക്ഷസാധ്യത പ്രവചിക്കുന്നു. മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് എസ്.ഐ.ആർ. ഉൾപ്പെടെയുള്ള ഘടകങ്ങൾ ഇത്തവണത്തെ ഫലത്തെ നിർണായകമായി സ്വാധീനിക്കാമെന്ന വിലയിരുത്തലും രാഷ്ട്രീയവൃത്തങ്ങളിൽ സജീവമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img