
പി വി എ നാസർ
ദോഹ: പ്രവാസത്തിന്റെ തിരക്കുകൾക്കിടയിലും നാട്ടിലെ ആഘോഷങ്ങളുടെ അതേ നിറപ്പകട്ടോടെ ഓണത്തെ വരവേൽക്കാൻ ഒരുങ്ങി ഖത്തർ മലയാളികൾ. ഗൾഫ് മണ്ണിൽ കൂട്ടായ്മയുടെയും പങ്കുവെക്കലിന്റെയും സന്ദേശമറിയിക്കുന്ന ഓണാഘോഷങ്ങൾക്ക് വരുംദിവസങ്ങളിൽ വിവിധ മലയാളി അസോസിയേഷനുകളും ക്ലബ്ബുകളും വേദിയൊരുക്കും.
വിപണികളിൽ ആഴ്ചകൾക്ക് മുൻപേ ഓണക്കാലത്തിന്റെ തിരക്ക് പ്രകടമാണ്. പൂക്കളും സദ്യവട്ടത്തിനായുള്ള വിഭവങ്ങളും സൂപ്പർമാർക്കറ്റുകളിലും ഹൈപ്പർമാർക്കറ്റുകളിലും സുലഭമായി എത്തിക്കഴിഞ്ഞു. ഓണം പ്രമാണിച്ച് വൻ ഓഫറുകളാണ് പ്രധാന വ്യാപാരസ്ഥാപനങ്ങളൊക്കെയും ഉപഭോക്താക്കൾക്കായിഒരുക്കിയിരിക്കുന്നത്.തിരുവോണദിനം സാധാരണ പ്രവൃത്തിദിനമായതിനാൽ ഭൂരിഭാഗം കുടുംബങ്ങൾക്കും ബാച്ചിലേഴ്സിനും വരാനിരിക്കുന്ന വെള്ളിയാഴ്ചത്തെ വാരാന്ത്യ അവധിയിലാകും പ്രധാന ആഘോഷങ്ങൾ.ജോലിത്തിരക്കുള്ളവർക്കായി ഹോട്ടലുകളിൽ വിഭവസമൃദ്ധമായ ഓണസദ്യയും മുൻകൂട്ടി ഓർഡർ ചെയ്ത് വീട്ടിലെത്തിക്കുന്ന പാക്കേജുകളും സജ്ജമാണ്. പായസങ്ങളിലെ വൈവിധ്യം കൊണ്ട് ഉപഭോക്താക്കളെ ആകർഷിക്കാൻ ഹോട്ടലുകൾ മത്സരരംഗത്തുണ്ട്.കൂട്ടുകാർ ഒത്തുചേർന്ന് താമസസ്ഥലങ്ങളിൽ സദ്യയൊരുക്കുന്ന ബാച്ചിലേഴ്സും, വ്യത്യസ്ത വിഭവങ്ങൾ വീടുകളിൽ നിന്ന് തയ്യാറാക്കി ഒരിടത്തുകൂടി പങ്കുവെക്കുന്ന കുടുംബങ്ങളും പ്രവാസത്തിലെ ഓണക്കാഴ്ചയ്ക്ക് മാറ്റുകൂട്ടുന്നു.മധ്യവേനലവധി കഴിഞ്ഞ് നാട്ടിൽ നിന്ന്മടങ്ങിയെത്തുന്നവർ കൊണ്ടുവരുന്ന കായ വറുത്തതും ശർക്കര ഉപ്പേരിയും നാട്ടിലെ സ്നേഹത്തിന്റെ രുചിയായി ഇവിടെയുള്ളവരുമായി പങ്കുവെക്കും. ജോലിത്തിരക്കുകൾ മാറ്റിവെച്ച്, ഓണക്കോടിയുടുത്തും പൂക്കളമിട്ടും മറുനാട്ടിലും മാവേലിത്തമ്പുരാനെ വരവേൽക്കാൻ മനസ്സുനിറഞ്ഞ് കാത്തിരിക്കുകയാണ് ഖത്തറിലെ മലയാളി സമൂഹം.











