
എക്‌സ്‌ക്യൂസ് മീ.
രവി തിരിഞ്ഞുനോക്കി. സുന്ദരിയായ ഒരു പെൺകുട്ടി. മഞ്ഞചുരിദാറും ഷാളും. തോളിൽ വാനിറ്റി ബാഗ്. എന്റെ മൊബൈലിൽ ചാർജ്ജ് തീർന്നു. അത്യാവശ്യമായി ഒരു കോൾ ചെയ്യണം. നിങ്ങളുടെ മൊബൈൽ ഒരു മിനിറ്റ് തരുമോ. മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് അവൾ ചോദിച്ചു.
അടുത്തദിവസം അവധിയായതിനാൽ ബാഗുമായി വീട്ടിലേയ്ക്ക് പോകാനാണ് രവി ബസ്‌സ്റ്റോപ്പിൽ എത്തിയത്. നാലുമണി ആയതേയുള്ളൂ. ബസ്‌സ്റ്റോപ്പിൽ അപ്പോൾ മറ്റാരും ഉണ്ടായിരുന്നില്ല. രവി തന്റെ മൊബൈൽ പെൺകുട്ടിയെ ഏൽപ്പിച്ചു.
ചേച്ചി ഞാൻ ഇറങ്ങി. ഒരു മണിക്കൂറിനുള്ളിൽ എത്തിച്ചേരും. വേണ്ടാ ചേച്ചി വരണ്ടാ ഞാൻ എത്തിക്കോളാം. ചേച്ചി വെറുതെ ടെൻഷൻ അടിയ്ക്കണ്ടാ.
താങ്ക്‌സ്. മൊബൈൽ രവിയെ ഏൽപ്പിച്ചുകൊണ്ട് അവൾ പറഞ്ഞു. ഒരു ബസ് വന്നുനിന്നു രവിയെ ഒന്ന് നോക്കി പുഞ്ചിരിച്ചിട്ട് അവൾ ബസിൽ കയറി.
ഹല്ലോ മൊബൈൽ നിങ്ങളുടെ അടുത്തുനിൽക്കുന്ന പെൺകുട്ടിക്ക് ഒന്ന് കൊടുക്ക്. പെൺകുട്ടി വിളിച്ച നമ്പറിൽ നിന്നും ഒരു സ്ത്രീശബ്ദം.
ആ പെൺകുട്ടി ബസിൽ കയറിപ്പോയല്ലോ.
എങ്ങോട്ട് പോയി.
അത് ഞാനെങ്ങനെ അറിയും. ഇപ്പോൾ ഒരു ബസ് വന്നു അതിൽ കയറി അവൾ പോയി. സ്ത്രീയുടെ ആധികാരികമായ സ്വരം രവിക്ക് ഇഷ്ടപ്പെട്ടില്ല.
രവി വീട്ടിലെത്തി മിനിറ്റുകൾക്കകം ഫോൺ വീണ്ടും ബെല്ലടിച്ചു.
ഹല്ലോ റീത്ത നിങ്ങൾക്ക് ഫോൺ ചെയ്തിരുന്നോ.
ഏത് റീത്ത നിങ്ങൾക്ക് ആള് തെറ്റി റോങ് നമ്പർ. രവി ഫോൺ കട്ട് ചെയ്തു. എനിക്ക് ആളൊന്നും തെറ്റിയിട്ടില്ല. ഈ നമ്പറിൽ നിന്നാണ് റീത്ത വിളിച്ചത്. ഇതുവരെ അവൾ വീട്ടിൽ എത്തിയിട്ടില്ല. ചിലപ്പോൾ അവൾ നിങ്ങളെ വിളിച്ചുകാണുമെന്ന് കരുതി.
നിങ്ങൾ എപ്പോഴും എന്നേ വിളിക്കേണ്ടാവശ്യമില്ല. ആ കുട്ടിയുടെ ഫോണിൽ ചാർജ്ജില്ലാത്തതിനാൽ എന്റെ ഫോണൊന്ന് ഉപയോഗിക്കാൻ കൊടുത്തു എന്നൊരു തെറ്റ് ഞാൻ ചെയ്തു. ഇനി എന്നെ വിളിച്ച് ശല്യം ചെയ്യരുത്.
ഫോണിന്റെ ശബ്ദം കേട്ടാണ് രവി കണ്ണുതുറന്നത്. ഞായറാഴ്ച അവധിയായതിനാൽ താമസിച്ചേ രവി സാധാരണ ഉണരാറുള്ളൂ.
ഹല്ലോ നിങ്ങൾ രണ്ടാളും എവിടെയാണ്? തലേദിവസത്തെ അതേ ശബ്ദം.
നിങ്ങൾ ആരുടെ കാര്യമാണ് സംസാരിക്കുന്നത്? രവിയുടെ ഉറക്കം നഷ്ടപ്പെട്ടു.
ഇന്നലെ രണ്ടാളും ഒന്നിച്ചായിരുന്നെന്ന് എനിക്കറിയാം. ഇന്നലെ നിങ്ങളുടെ ഫോണിൽ നിന്ന് കോൾ വന്നപ്പോഴേ എനിക്ക് മനസ്സിലായിരുന്നു. അവളെ വിവാഹം കഴിക്കാനാണേൽ കുഴപ്പമില്ല. അല്ലാതെ ഒരു പെണ്ണുമായി രാത്രി കഴിഞ്ഞിട്ട് ചതിക്കാനാണേൽ നിങ്ങൾ രക്ഷപ്പെടാൻ പോകുന്നില്ല.
നിങ്ങൾ എന്താണ് പറയുന്നതെന്ന് മനസ്സിലാകുന്നില്ല. ഞാൻ സത്യം നിങ്ങളോട് പറഞ്ഞുകഴിഞ്ഞു.
എന്ത് സത്യം? റീത്ത ഇപ്പോൾവരെ വീട്ടിൽ വന്നിട്ടില്ല.
റീത്ത ആരെന്നും അവൾ എവിടെപ്പോയെന്നും എനിക്കറിയില്ല. നിങ്ങൾ ഇനി എന്നെ വിളിക്കരുത്. രവി ഫോൺ കട്ട് ചെയ്തു.
രണ്ടാഴ്ച കൂടുമ്പോഴെ രവി വീട്ടിൽ വരാറുള്ളൂ. ഞായറാഴ്ച അടിച്ചുപൊളിക്കുക. ആ സ്ത്രീയുടെ ഫോൺ രവിയുടെ മൂഡ് നശിപ്പിച്ചു.
നിങ്ങളുടെ പേരെന്താണ്? നിങ്ങൾ ഇപ്പോൾ എവിടെയുണ്ടെന്ന് പറയൂ, വീട്ടിൽ എല്ലാവരും വിഷമിച്ചിരിക്കുകയാണ്. നിങ്ങൾ വീട്ടിലേയ്ക്ക് വരുന്നോ അതോ ഞങ്ങൾ അങ്ങോട്ട് വരണമോ? അരമണിക്കൂർ കഴിഞ്ഞപ്പോൾ വീണ്ടും ഫോൺ വന്നു.
ഇന്നത്തെക്കാലത്ത് ഒരു പെണ്ണ് വീട്ടിൽ വരാതിരിക്കുന്നതിന്റെ അപകടം നിങ്ങൾ മനസ്സിലാക്കുന്നില്ല. ഇന്ന് എവിടെയും പെണ്ണ് സുരക്ഷിതയല്ല. നിങ്ങൾ സഹകരിക്കുക. എങ്ങനെയും അവളെ കണ്ടെത്താം. ഞാൻ ഒരു സ്ത്രീ തനിയെ എന്തുചെയ്യാനൊക്കും എവിടെ അന്വേഷിക്കും? എനിക്ക് വണ്ടി ഇല്ല. ഓട്ടോയ്‌ക്കോ ടാക്‌സിക്കോ കൊടുക്കാൻ എന്റെ കയ്യിൽ പണമില്ല. അവിവാഹിതയായ അനിയത്തി വീട്ടിൽ വരാത്തതിന്റെ ദേഷ്യത്തിൽ ഞാൻ എന്തൊക്കെയോ പറഞ്ഞു.
രവിയും ദേഷ്യപ്പെട്ടപ്പോൾ അവൾ അനുനയത്തിന്റെ പാതയിൽ എത്തി. താൻ അറിയാതെ ഒരു സഹായം ചെയ്തുപോയില്ലേ ഓട്ടോയ്ക്കുള്ള പണം ഞാൻ തരാം. നിങ്ങളുടെ കൂടെ അവളെ തിരക്കിനടക്കാനൊന്നും എനിക്ക് സമയമില്ല. നിങ്ങൾക്ക് എത്ര പണം വേണം? ചിന്തിച്ചപ്പോൾ തനിക്കും പ്രശ്‌നമുണ്ടെന്ന് തോന്നിയ രവി പറഞ്ഞു.
കൂടുതൽ ഒന്നും വേണ്ട ഒരു ലക്ഷം രൂപാ മതി.
ഒരു ലക്ഷം രൂപയോ? ഇത്രയും പണം എന്തിന്?
അവൾ എവിടെയെന്ന് എങ്ങനെ അറിയും? എത്ര ദിവസം തിരക്കണമെന്ന് ആർക്കറിയാം. അന്യസംസ്ഥാനത്തോ വിദേശത്തോ തിരക്കേണ്ടി വന്നാൽ ഞാൻ എന്ത് ചെയ്യും?
ഒരുലക്ഷം രൂപാ ജീവിതത്തിൽ കണ്ടിട്ടുപോലുമില്ല. എന്റെ കയ്യിൽ തരാനുമില്ല.
ശരി അമ്പതിനായിരം രൂപാ തരൂ. എന്റെ അനിയത്തിയെ ഞാൻ കണ്ടുപിടിച്ചോളാം. അതിൽ കുറയില്ല.
അതിൽ കുറയില്ലെന്ന് പറഞ്ഞപ്പോഴാണ് ഇതൊരു ആസൂത്രിത പരിപാടിയാണെന്ന് രവിക്ക് മനസ്സിലായത്. ബുദ്ധിപൂർവ്വം കൈകാര്യം ചെയ്തില്ലേൽ തന്നേ ഇവർ കുരുക്കും.
എന്റെ പൊന്നുചേച്ചി ഡിഗ്രി കഴിഞ്ഞ് തൊഴിൽ തേടി നടക്കുന്ന ചെറുപ്പക്കാരനാണ് ഞാൻ. ഒരു ഇന്റർവ്യൂവിന് പോയപ്പോഴാണ് ടൗണിൽ വച്ച് നിങ്ങളുടെ അനിയത്തിയെ കണ്ടത്. സ്വന്തമായി വീടില്ലാത്തതിനാൽ സഹോദരിയുടെ കൂടെയാണ് ഞാൻ താമസിക്കുന്നത്. ഇന്റർവ്യൂവിന് പോകാൻ വണ്ടിക്കൂലി പോലും ചേച്ചിയാണ് തന്നത്. അങ്ങനെയുള്ള ഞാൻ എവിടുന്ന് അമ്പതിനായിരം രൂപാ തരാനാണ്. എച്ച് എം ടിയുടെ വാച്ചും പഴയ മൊബൈലുമാണ് എനിക്ക് സ്വന്തമായുള്ളത്. അത് ഞാൻ എത്തിച്ചുതരാം. എന്നെ വിട്ടേക്ക്. ദയനീയ സ്വരത്തിൽ രവി പറഞ്ഞു.
ശരി നിങ്ങളോട് കൂടുതലൊന്നും ആവശ്യപ്പെടുന്നില്ല. നിങ്ങൾക്ക് ജോലിയില്ലെന്നുള്ളത് ഞാൻ വിശ്വസിക്കുന്നു. നിങ്ങൾ ഒരു പതിനായിരം രൂപാ തന്നാൽ ഈ പ്രശ്‌നം ഇവിടെ അവസാനിപ്പിക്കാം. പണം എപ്പോൾ എവിടെ എത്തിക്കണമെന്ന് അറിയിക്കാം.
രവി എന്തെങ്കിലും പറയുന്നതിന് മുമ്പ് ഫോൺ കട്ടായി. അപ്പോൾ ഇത് ഇവളുമാരുടെ സ്ഥിരം പരിപാടിയാണ്. പെണ്ണിനെ കാണാനില്ലെന്നും സ്ത്രീപീഡനമെന്നുമൊക്കെ കേൾക്കുമ്പോൾ ആരും ഭയന്നുപോകും.
രവിയോ, എന്താണ് പതിവില്ലാതെ പോലീസ് സ്റ്റേഷനിൽ. ആരെയെങ്കിലും പൊക്കണമോ. ഇൻസ്‌പെക്ടർ പണിക്കർ നല്ല മൂഡിലാണ്. ഇരിക്കൂ. അടുത്ത കസേര ചൂണ്ടി പണിക്കർ പറഞ്ഞു.
ചെറിയൊരു പ്രശ്‌നമുണ്ട്.
ഇത് ബി.എസ്.എൻ.എൽ നമ്പറാണ്. അന്വേഷിച്ചാൽ ആളെ കിട്ടണമെന്ന് നിർബന്ധമില്ല. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ പണിക്കർ പറഞ്ഞു.
ഈ നമ്പറിലേക്ക് പിന്നീട് ഞാൻ വിളിച്ചിരുന്നു. സ്വിച്ചോഫ് ആണ്. പിന്നീട് കാര്യങ്ങൾ വേഗത്തിലായിരുന്നു.
മൊബൈലിലൂടെ ആൾക്കാരെ ബ്ലാക്ക്‌മെയിൽ ചെയ്യുന്ന സംഘം അറസ്റ്റിൽ. അമ്മയും രണ്ട് പെൺമക്കളും അടങ്ങുന്ന മൂവർ സംഘമാണ് ആൾക്കാരെ തട്ടിപ്പിനിരയാക്കിയത്. തനിയെ നിൽക്കുന്ന ചെറുപ്പക്കാരെ സമീപിച്ച് ഫോൺ ചെയ്യാൻ മൊബൈൽ ആവശ്യപ്പെടും. നമ്പർ മനസ്സിലാക്കിക്കഴിഞ്ഞാൽ പെൺകുട്ടിയെ കാണാനില്ലെന്നും സ്ത്രീപീഡനമെന്നും പറഞ്ഞ് ബ്ലാക്ക്‌മെയിൽ ചെയ്യും. നിരപരാധിയാണെങ്കിലും നിയമത്തിന്റെ നൂലാമാലകളിൽ കുരുങ്ങി അഭിമാനം നഷ്ടപ്പെടുമെന്ന ഭയത്താൽ പലരും പണം നൽകി രക്ഷപ്പെടുകയാണ് പതിവ്.
അയൽക്കാരനും പരിചക്കാരനുമായ ഇൻസ്‌പെക്ടർ ഉള്ളതിനാൽ പണവും അഭിമാനവും നഷ്ടപ്പെടാതെ രക്ഷപ്പെട്ടു എന്നതിലും ഉപരി കൂടുതൽ ആൾക്കാർ പറ്റിക്കപ്പെടില്ലല്ലോ എന്ന ആശ്വാസത്തോടെയാണ് തിരികെ പോകാൻ രവി ബസ് സ്റ്റോപ്പിൽ എത്തിയത്.
എക്‌സ്‌ക്യൂസ് മീ.
രവി തിരിഞ്ഞുനോക്കി. സുന്ദരിയായ ഒരു പെൺകുട്ടി മുൻപിൽ.
എന്റെ മൊബൈൽ ചാർജ്ജില്ലാതെ ഡെഡ്ഡായി. ഒരു കാൾ ചെയ്യാൻ നിങ്ങളുടെ മൊബൈൽ ഒന്ന് തരുമോ. എന്ത് വേണമെന്ന് രവി ചോദിക്കുന്നതിന് മുമ്പ് പെൺകുട്ടി ചോദിച്ചു.
താൻ തെറ്റായി ഒന്നും പറഞ്ഞില്ല. പക്ഷേ തന്റെ മുൻപിൽ നിന്നിരുന്ന ചെറുപ്പക്കാരൻ ഇറങ്ങി ഓടുന്നതാണ് പെൺകുട്ടി കണ്ടത്. അത് എന്തിനെന്ന് പെൺകുട്ടിക്ക് മനസ്സിലായില്ല. ചൂടുപാൽ കുടിച്ച പൂച്ച ഏത് പാൽ കണ്ടാലും ഓടുമെന്ന് പാവം പെൺകുട്ടിക്ക് അറിയില്ലല്ലോ.
ഗോപിനാഥ് ചെത്തിപ്പുഴ
7276376827
Photo Courtesy - subhash.kalloor











