
കൽപറ്റ: റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടിൽ എക്സൈസ് നടത്തിയ പരിശോധനയിൽ വൻതോതിൽ വിദേശമദ്യവും വൈനും കണ്ടെത്തി. മീനങ്ങാടി വാഴവറ്റയിലെ വീട്ടിൽ നിന്നാണ് 43 ലീറ്റർ വിദേശമദ്യവും 7 ലീറ്റർ വൈനും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് എക്സൈസ് അറിയിച്ചു.
ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേട് നടന്നെന്ന പരാതിയിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് വീട്ടിലും പരിശോധന നടത്തിയത്. സാമ്പത്തിക ഇടപാടുകളുടെ രേഖകൾ, ഡിജിറ്റൽ തെളിവുകൾ എന്നിവ കണ്ടെത്തുന്നതിനായി ആന്റോ അഗസ്റ്റിന്റെ വസതികളിലും സ്ഥാപനങ്ങളിലും ഒരേസമയം പരിശോധന തുടരുന്നതിനിടെയാണ് മദ്യശേഖരം കണ്ടെത്തിയത്.
കൽപറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. വ്യക്തിപരമായ ആവശ്യങ്ങൾക്ക് നിയമപരമായി കൈവശം വയ്ക്കാവുന്ന പരിധിയേക്കാൾ കൂടുതലാണ് വീട്ടിൽ മദ്യം സൂക്ഷിച്ചിരുന്നതെന്നാണ് എക്സൈസ് കണ്ടെത്തൽ. വിദേശമദ്യത്തിന്റെ ഉറവിടം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
മെസ്സിയുടെ പേരിൽ നടന്നതായി ആരോപിക്കുന്ന സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി രാവിലെ ആറോടെയാണ് മീനങ്ങാടിയിലെ അഗസ്റ്റിൻ സഹോദരന്മാരുടെ കുടുംബവീട്ടിൽ എസ്ഐടി പരിശോധന ആരംഭിച്ചത്. ഇതോടൊപ്പം എക്സൈസ് സംഘവും വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. മദ്യശേഖരം കണ്ടെത്തിയ സംഭവത്തിൽ പ്രത്യേക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുമെന്നും എക്സൈസ് വ്യക്തമാക്കി.










