കൊച്ചി: എക്സൈസ് പെന്‍ഷനേഴ്സ് അസോസിയേഷന് രണ്ടാം സംസ്ഥാന സമ്മേളനം സെപ്റ്റംബര്‍ 20ന് ആലുവ ഫെഡറര്‍ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന് ഹാളില്‍ നടക്കും. വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ബെന്നി ബഹനാന് എം പി മുഖ്യാതിഥിയായിരിക്കും.
സാംസ്ക്കാരിക സമ്മേളനം അന്‍വര്‍ സാദത്ത് എം എല്‍ എ ഉദ്ഘാടനം ചെയ്യും. എക്സൈസ് പെന്‍ഷന്‍കാരില്‍ കലാ- കായിക സാംസ്ക്കാരിക രംഗത്ത് മികവാര്‍ന്ന പ്രവര്‍ത്തനം നടത്തുന്നവരേയും മുതിര്‍ന്ന അംഗങ്ങളേയും ആദരിക്കും. പുതിയ ഭാരവാഹികളേയും സമ്മേളനം തെരഞ്ഞെടുക്കും.
സര്‍വീസ് കാലയളവില്‍ എടുത്ത അബ്കാരി കേസുകളില്‍ മൊഴി നല്കാന് കോടതികളില്‍ പോകുന്ന എക്സൈസ് പെന്‍ഷന്‍കാര്‍ക്ക് മൊഴി നല്കിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറക്ക് ബന്ധപ്പെട്ട കോടതിയില്‍ നിന്നോ റെയിഞ്ചില്‍ നിന്നോ യാത്രാ ബത്ത അനുവദിക്കുക, മദ്യോപയോഗം കുറച്ചുകൊണ്ടുവരാന്‍ വീര്യം കുറഞ്ഞ മദ്യം വിതരണം ചെയ്യണമെന്ന ഉദയഭാനു കമ്മീഷന് റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുക, കേരളത്തില്‍ നിരോധിക്കപ്പെട്ട പാന്‍മസാലകള്‍ കടത്തിക്കൊണ്ടുവരുന്ന വാഹനങ്ങള്‍ കണ്ടുകെട്ടാനും കേസിള്‍ ഉള്‍പ്പെടുന്ന പ്രതികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്താനും കഴിയുന്ന വിധത്തില്‍ നിയമം ഭേദഗതി ചെയ്യുക, ലഹരി വര്‍ജ്ജന ബോധവത്ക്കരണം നടത്തുന്ന വിമുക്തി മിഷന്റെ പ്രവര്‍ത്തനത്തില്‍ എക്സൈസ് പെന്‍ഷന്‍കാരെ പങ്കാളികളാക്കുക, ബോധവത്ക്കരണ ക്ലാസ് എടുക്കുന്നവര്‍ക്ക് ശരിയായ ബോധവത്ക്കരണ പരിശീലനം നല്‍കുക തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും.








