
ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിൽ വൻ ലഹരിമരുന്ന് വേട്ട. പെരുമ്പാവൂർ പൂപ്പാനിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന വെസ്റ്റ് ബംഗാൾ സ്വദേശികളായ മൂന്ന് പേരെ ഒൻപത് കിലോയിലധികം കഞ്ചാവുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
ലാലൻ മണ്ഡൽ, ഭാര്യ സബികുന്നഹാർ ഖാത്തൂൺ, മകൻ സാഹിൻ മണ്ഡൽ എന്നിവരാണ് പിടിയിലായത്. 9.219 കിലോഗ്രാം കഞ്ചാവാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.
പെരുമ്പാവൂർ വില്ലേജ് കാഞ്ഞിരക്കാട് പൂപ്പാനി കരയിൽ, ബഷീർ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ഇവിടെ പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘം വീടിന്റെ ഹാൾ മുറിയിൽ നിന്നാണ് വിൽപനയ്ക്കായി സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെടുത്തത്.
പെരുമ്പാവൂർ എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് കെ. പി. യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് (NDPS) നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചു വരുന്നു. മേഖലയിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കർശനമാക്കിയതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.
Photo Courtesy - Google










