02:04am 08 November 2026
NEWS
മികച്ച തൊഴില്‍ അന്തരീക്ഷം: തിരുവനന്തപുരം കിംസ്‌ഹെല്‍ത്തിന് മുഖ്യമന്ത്രിയുടെ എക്‌സലന്‍സ് അവാര്‍ഡ്
29/03/2025  05:54 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മികച്ച തൊഴില്‍ അന്തരീക്ഷം: തിരുവനന്തപുരം കിംസ്‌ഹെല്‍ത്തിന് മുഖ്യമന്ത്രിയുടെ എക്‌സലന്‍സ് അവാര്‍ഡ്

തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യമേഖലയിലെ മികച്ച സ്ഥാപനത്തിനുള്ള മുഖ്യമന്ത്രിയുടെ എക്‌സലന്‍സ് അവാര്‍ഡ് കരസ്ഥമാക്കി തിരുവനന്തപുരം കിംസ്‌ഹെല്‍ത്ത്. 2024 വര്‍ഷത്തെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യമേഖലയിലെ മികച്ച തൊഴിലിടമായി കിംസ്‌ഹെല്‍ത്തിനെ തിരഞ്ഞെടുത്തത്. മികച്ച വേതന വ്യവസ്ഥകള്‍, തൊഴില്‍ നിയമങ്ങള്‍ കൃത്യമായി നടപ്പിലാക്കുക, ഉത്തമമായ തൊഴില്‍ അന്തരീക്ഷം, വേതന സുരക്ഷാ പദ്ധതിയിലൂടെ വേതനം വിതരണം ചെയ്യുക തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ തൊഴിലും നൈപുണ്യവും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയില്‍ നിന്ന് കിംസ്‌ഹെല്‍ത്ത് ഹ്യൂമൻ റിസോഴ്സസ് ഹെഡ് ജെസ്വിൻ കെ കടവൻ പുരസ്‌കാരം ഏറ്റുവാങ്ങി. ചടങ്ങില്‍ ആന്റണി രാജു എം.എല്‍.എ അധ്യക്ഷത വഹിച്ചു. തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി ഡോ. കെ വാസുകി ഐ.എ.എസും ചടങ്ങിന്റെ ഭാഗമായി. ജീവനക്കാരുടെ ദൈനംദിന ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള തൊഴില്‍ സംസ്‌കാരമാണ് കിംസ്‌ഹെല്‍ത്ത് പിന്തുടര്‍ന്നു വരുന്നതെന്നും, അവരുടെ ആശയങ്ങളോടും ആശങ്കകളോടും ആശുപത്രി തുറന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ഡോ. എം.ഐ സഹദുള്ള പുരസ്‌കാര നേട്ടത്തെക്കുറിച്ച് പറഞ്ഞു. ഈ സമീപനമാണ് രോഗീ പരിചരണത്തില്‍ മികവ് പുലര്‍ത്താന്‍ കിംസ്‌ഹെല്‍ത്തിനെ പ്രാപ്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ജീവനക്കാര്‍ക്കായുള്ള നിരന്തര പരിശീലനത്തിലും കിംസ്‌ഹെല്‍ത്ത് ശ്രദ്ധ പുലര്‍ത്തുന്നു. ക്ലിനിക്കല്‍ മേഖലയിലും ഒപ്പം വ്യക്തിത്വ വികസനത്തിലും ചിട്ടയായ പരിശീലനം ജീവനക്കാര്‍ക്ക് നല്‍കിവരുന്നുണ്ട്. ജീവനക്കാര്‍ക്കായി മിതമായ നിരക്കിലുള്ള ഭക്ഷണം, ലോകോത്തര നിലവാരത്തിലുള്ള ഹോസ്റ്റലുകള്‍, ഗതാഗത സൗകര്യങ്ങള്‍, മെഡിക്കല്‍ ആനുകൂല്യങ്ങള്‍ തുടങ്ങിയവയും കിംസ്‌ഹെല്‍ത്തിന്റെ സവിശേഷതകളാണ്. കൂടാതെ, ആരോഗ്യ പരിപാലനം, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍, കായിക-അക്കാദമിക് മേഖലകളിലെ മികവിനുള്ള പുരസ്‌കാരങ്ങള്‍, ജീവനക്കാരുടെ വിവരങ്ങള്‍ സുതാര്യമായി കൈമാറുന്നതിനും പ്രകടനങ്ങള്‍ വിലയിരുത്തുന്നതിനുമായുള്ള എച്ച്.ആര്‍.എം.എസ് പ്ലാറ്റ്‌ഫോം, 'മിത്ര' പോലുള്ള മാനസീകാരോഗ്യ ക്ഷേമ പരിപാടികള്‍, ജീവനക്കാരുടെ കുട്ടികള്‍ക്കുള്ള തൊഴില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം തുടങ്ങിയ കാര്യങ്ങളും കിംസ്‌ഹെല്‍ത്ത് നടപ്പിലാക്കിവരുന്നു.

Image Caption: സംസ്ഥാനത്തെ സ്വകാര്യമേഖലയിലെ മികച്ച സ്ഥാപനത്തിനുള്ള മുഖ്യമന്ത്രിയുടെ എക്‌സലന്‍സ് അവാര്‍ഡ് തൊഴിലും നൈപുണ്യവും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയില്‍ നിന്ന് കിംസ്‌ഹെല്‍ത്ത് ഹ്യൂമൻ റിസോഴ്സസ് ഹെഡ് ജെസ്വിൻ കെ കടവൻ ഏറ്റുവാങ്ങുന്നു. തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി ഡോ. കെ വാസുകി ഐ.എ.എസ്, ആന്റണി രാജു എം.എല്‍.എ എന്നിവർ സമീപം.

ഫലസ്തീന്‍ കൂട്ടക്കുരുതി, വഖ്ഫ് സ്വത്ത് തട്ടിയെടുക്കാനുള്ള നീക്കം, ഇഡി വേട്ട: ഈദ് ദിനത്തില്‍ കാംപയിന്‍ നടത്തും- അന്‍സാരി ഏനാത്ത്


29/03/2025  06:04 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഫലസ്തീന്‍ കൂട്ടക്കുരുതി, വഖ്ഫ് സ്വത്ത് തട്ടിയെടുക്കാനുള്ള നീക്കം, ഇഡി വേട്ട:  ഈദ് ദിനത്തില്‍ കാംപയിന്‍ നടത്തും- അന്‍സാരി ഏനാത്ത്

തിരുവനന്തപുരം: ഫലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കുരുതി, വഖ്ഫ് സ്വത്തുക്കള്‍ തട്ടിയെടുക്കാനുള്ള കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ ഗൂഢശ്രമം, പ്രതിപക്ഷ നേതാക്കളെയും വിമര്‍ശകരെയും കൈയാമം വെക്കാനുള്ള രാഷ്ട്രീയ ഉപകരണമായി ഇഡിയെ ഉപയോഗപ്പെടുത്തുന്നത് തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് ഈദ് ദിനത്തില്‍ കാംപയിന്‍ നടത്തുമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത്. പാര്‍ട്ടി ദേശീയ സെക്രട്ടറിയേറ്റ് തീരുമാനപ്രകാരമാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കാംപയിന്റെ ഭാഗമായി വിഷയങ്ങള്‍ വ്യക്തമാക്കുന്ന പ്ലക്കാഡുകള്‍ ഉയര്‍ത്തിപ്പിടിക്കും. കൂടാതെ ലഘുലേഖകളും വിതരണം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ സുഗമമാക്കുന്നതിനുള്ള ഉപകരണമായി കേന്ദ്ര ഏജന്‍സികള്‍ മാറിയിരിക്കുകയാണ്. രാഷ്ട്രീയ എതിരാളികളെ നിശബ്ദമാക്കാനും നിയന്ത്രിക്കാനും വരുതിയിലാക്കാനും ഇഡിയെ ഉപയോഗപ്പെടുത്തുന്നതിന്റെ നേര്‍ചിത്രമാണ് കേന്ദ്രസര്‍ക്കാര്‍ തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കണക്ക്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ രാഷ്ട്രീയ നേതാക്കള്‍തിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രജിസ്റ്റര്‍ ചെയ്ത 193 കേസുകളില്‍ വെറും രണ്ട് കേസുകള്‍ മാത്രമാണ് ശിക്ഷയില്‍ കലാശിച്ചതെന്ന  പാര്‍ലമെന്റിലെ സര്‍ക്കാരിന്റെ  വെളിപ്പെടുത്തല്‍, മോദി ഭരണകാലത്ത് ഇഡി യെ ദുരുപയോഗം ചെയ്തതിന്റെ കൃത്യമായ തെളിവാണ്. രാജ്യാന്തര നിയമങ്ങളും മാനുഷികമായ പരിഗണനയും കാറ്റില്‍ പറത്തി ഫലസ്തീനില്‍ ഇസ്രയേല്‍ തുടരുന്ന കൂട്ടക്കുരുതിയില്‍ സ്ത്രീകളും കുട്ടികളും വൃദ്ധരും ഉള്‍പ്പെടെ നിരവധി പേരാണ് ദിനംപ്രതി കൊലചെയ്യപ്പെടുന്നത്. ഇസ്രയേല്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും ഫലസ്തീനിനൊപ്പം നില്‍ക്കാനുമുള്ള സന്ദേശമാണ് കാംപയിനിലൂടെ നല്‍കുന്നത്. സാമൂഹിക നന്മ ലക്ഷ്യംവെച്ച് തങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിയുള്‍പ്പെടെയുള്ള സ്വത്തുക്കള്‍ ദാനം ചെയ്തത് നിയമനിര്‍മാണത്തിലൂടെ തട്ടിയെടുക്കാനാണ് പുതിയ വഖഫ് ഭേദഗതി നിയമം കൊണ്ടുവരുന്നത്. ഇത് ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ഇതിനെതിരായ ജനാധിപത്യപോരാട്ടം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ജനകീയ ബോധവല്‍ക്കരണവും കാംപയിന്റെ ഭാഗമായി നടക്കുമെന്നും അന്‍സാരി ഏനാത്ത് കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img