09:55pm 25 October 2026
NEWS
​പരീക്ഷാ തട്ടിപ്പിന് ഇനി പത്തു കൊല്ലം തടവും 10 കോടിയും പിഴ; ക്രമക്കേട് തടയൽ ബിൽ രാജ്യസഭയും പാസാക്കി
31/07/2026  10:07 AM IST
പ്രത്യേക ലേഖകൻ
​പരീക്ഷാ തട്ടിപ്പിന് ഇനി പത്തു കൊല്ലം തടവും 10 കോടിയും പിഴ; ക്രമക്കേട് തടയൽ ബിൽ രാജ്യസഭയും പാസാക്കി

ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷകളിലെ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും തടയുന്നതിനുള്ള 'പൊതുപരീക്ഷാ ക്രമക്കേട് തടയൽ ബിൽ' (Public Examinations Prevention of Unfair Means Bill) പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ രാജ്യസഭയും പാസാക്കി. വ്യാഴാഴ്‌ച ലോക്‌സഭ പാസാക്കിയ ബില്ലിന് ഇനി രാഷ്‌ട്രപതി ഒപ്പിട്ട് വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ നിയമസാധുത ലഭിക്കും.
​പരീക്ഷാ ക്രമക്കേടുകൾ തടയാൻ കടുത്ത വ്യവസ്ഥകളാണ് പുതിയ നിയമത്തിലുള്ളത്. ക്രമക്കേട് കാട്ടുന്നവർക്ക് പരമാവധി 10 വർഷം വരെ തടവും 10 കോടി രൂപ പിഴയുമാണ് ശിക്ഷയെന്ന് കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.
​സഭയിൽ കടുത്ത ഭരണ-പ്രതിപക്ഷ വാക്‌പോര്
​പ്രതിപക്ഷ അംഗങ്ങളുടെ വാക്കൗട്ടിനിടെ ശബ്‌ദവോട്ടോടെയാണ് ബിൽ രാജ്യസഭയിൽ പാസായത്. പ്രതിപക്ഷം മുന്നോട്ടുവെച്ച ഭേദഗതികൾ സഭ തള്ളി. ഡൽഹിയിൽ വിദ്യാർത്ഥി പ്രക്ഷോഭത്തിനു നേർക്കുണ്ടായ പൊലീസ് നടപടിയെച്ചൊല്ലി ഇരുപക്ഷവും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. മഫ്‌ടിയിൽ വിദ്യാർത്ഥികളെ മർദ്ദിച്ച സംഭവത്തിൽ ഉത്തരം നൽകാനാകുന്നില്ലെങ്കിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്‌ക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
​സർക്കാർ നയങ്ങൾ മനുസ്‌മൃതി കാലത്തെ അനുസ്‌മരിപ്പിക്കുന്നതാണെന്ന പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെയുടെ പരാമർശവും സഭയിൽ ബഹളത്തിനിടയാക്കി. ഖാർഗെയുടെ ആരോപണങ്ങൾക്ക് ബി.ജെ.പി അധ്യക്ഷൻ ജെ.പി. നദ്ദ തെളിവ് ആവശ്യപ്പെട്ടു. എന്നാൽ ബില്ലുമായി മനുസ്മൃതിക്ക് എന്ത് ബന്ധമെന്നായിരുന്നു രാജ്യസഭാദ്ധ്യക്ഷൻ സി.പി. രാധാകൃഷ്‌ണൻ ചോദിച്ചത്.
​ആർ.എസ്.എസ് ബന്ധമുള്ളവരെ സർവകലാശാല വി.സിമാരായി നിയമിക്കുന്നത് ഉന്നത വിദ്യാഭ്യാസ രംഗത്തെ ദോഷകരമായി ബാധിക്കുമെന്നും ചോദ്യപേപ്പർ ചോർച്ച തടയാൻ ബില്ലിൽ ശക്തമായ സംവിധാനമില്ലെന്നും ഖാർഗെ കൂട്ടിച്ചേർത്തു. അതേസമയം, വിദ്യാർത്ഥി പ്രതിഷേധത്തിൽ പങ്കെടുക്കാൻ ദുബായിലെ ബിസിനസുകാരൻ 23 പേർക്ക് പണം നൽകിയെന്ന് ഒരു മലയാളം ചാനലിൽ വാർത്ത വന്നതായി ജെ.ഡി.യു നേതാവ് സഞ്ജയ് കുമാർ ഝാ ആരോപിച്ചു. സി.പി.എം, സി.പി.ഐ എം.പിമാർ ഇതിനെ കടുത്ത് എതിർത്തു.
​പ്രതിപക്ഷത്തിന്റെ മൂന്ന് പ്രധാന ആവശ്യങ്ങൾ:
​ചോദ്യപേപ്പർ ചോർച്ച പൂർണ്ണമായും തടയാൻ കഴിയുന്ന ശക്തമായ വ്യവസ്ഥകൾ ബില്ലിൽ ഉൾപ്പെടുത്തുക.
​സ്വകാര്യ കോച്ചിംഗ് കേന്ദ്രങ്ങളെ കൃത്യമായി നിയന്ത്രിക്കുക.
​പരീക്ഷകൾ കൃത്യമായി നടത്തുന്നതിനായി മുൻകൂട്ടി വാർഷിക പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിക്കുക.
​പ്രതിപക്ഷം ഉന്നയിച്ച ഈ ആവശ്യങ്ങൾ കേന്ദ്ര സർക്കാർ രൂപീകരിക്കുന്ന ടാസ്‌ക്‌ഫോഴ്‌സ് പരിഗണിക്കുമെന്ന് സഭയിൽ സർക്കാർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img