07:52am 25 November 2026
NEWS
എക്‌സാലോജിക്കിന്റെ അപ്പീൽ: കർണാടക ഹൈക്കോടതി ഡിസംബർ 3ന് വീണ്ടും പരിഗണിക്കും
14/10/2025  10:31 AM IST
വിഷ്ണുമംഗലം കുമാർ
എക്‌സാലോജിക്കിന്റെ അപ്പീൽ: കർണാടക ഹൈക്കോടതി ഡിസംബർ 3ന് വീണ്ടും പരിഗണിക്കും

 മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണ ഡയറക്ടറായ എക്‌സാലോജിക് സൊല്യൂഷൻസ് ഇടയ്ക്കിടെ വാർത്തകളിൽ നിറയുന്നുണ്ടെങ്കിലും ബംഗളുരുവിൽ അതിന്റെ പ്രവർത്തനം നിർത്തിവെച്ചിട്ട് വർഷങ്ങൾ ചിലതായി. നിയമപരമായ തടസ്സങ്ങളുള്ളതിനാലാണ് കമ്പനി അധികൃതമായി അടച്ചുപൂട്ടാത്തത്. മറ്റെവിടെയെങ്കിലും ഈ സ്ഥാപനം പ്രവർത്തിക്കുന്നുണ്ടോ എന്ന് വ്യക്തമല്ല. എക്‌സാലോജിക്കിനെതിരായ എസ് എഫ് ഐ ഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വീണ നൽകിയ ഹരജി കർണാടക ഹൈക്കോടതി സിംഗിൾ ബെഞ്ച് കഴിഞ്ഞവർഷം ഫെബ്രവരി 16ന് തള്ളിയിരുന്നു. അതിനെതിരെ സമർപ്പിച്ച അപ്പീൽ ഇന്നലെ ഡിവിഷൻ ബെഞ്ച് പരിഗണിച്ചു. ചീഫ് ജസ്റ്റിസ് വിഭു ബഖ്‌റു, ജസ്റ്റിസ് സി എം പൂനച്ച എന്നിവരുടെ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്. കമ്പനി കാര്യ നിയമത്തിലെ 210 വകുപ്പ് പ്രകാരമുള്ള അന്വേഷണം പൂർത്തിയായിട്ടില്ലാത്ത സാഹചര്യത്തിൽ 212 വകുപ്പ് പ്രകാരം എസ് എഫ് ഐ ഒ നടത്തുന്ന അന്വേഷണം നിയമപരമല്ലെന്നും അത് തടയണമെന്നുമാണ് എക്‌സാലോജിക് വാദിച്ചത്. "ആവശ്യം താല്പര്യമുണർത്തുന്നതാണ്. എന്നാൽ 212 വകുപ്പ് പ്രകാരം എന്തെങ്കിലും വിധി ഉണ്ടായതായി കാണുന്നില്ല" ബെഞ്ച് നിരീക്ഷിച്ചു. തെറ്റായ തീരുമാനത്തിൽ, സുരക്ഷ മുൻനിർത്തി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് എക്‌സാലോജിക് അഭിഭാഷകൻ വാദിച്ചു. റിട്ട് ഹരജി തള്ളിയ സാഹചര്യത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. എസ് എഫ് ഐ ഒയ്ക്കും കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയത്തിനും നോട്ടീസയക്കാൻ ഉത്തരവിട്ട ബെഞ്ച് അപ്പീൽ ഡിസംബർ മൂന്നിന് വീണ്ടും പരിഗണിക്കാനായി മാറ്റി. സി എം ആർ എല്ലിൽ നിന്ന് സേവനമൊന്നും കൂടാതെ എക്‌സാലോജിക് പണം കൈപ്പറ്റിയിട്ടുണ്ടെന്ന ഇൻകം ടാക്സ് ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തൽ കമ്പനി രജിസ്റ്റാർ ശരിവെച്ചതാണ് കേസിന് ആസ്പദം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img