04:48pm 16 August 2026
NEWS
എഐ ചിത്രങ്ങൾ കാട്ടി പ്രണയം; വീഡിയോ കോളിലൂടെ വിവാഹം, നേരിൽ കണ്ടപ്പോൾ ‘ആളുമാറി’; യുവതിക്കെതിരെ പരാതിയുമായി മുൻ പാക് മന്ത്രി
15/08/2026  09:29 AM IST
nila
എഐ ചിത്രങ്ങൾ കാട്ടി പ്രണയം; വീഡിയോ കോളിലൂടെ വിവാഹം, നേരിൽ കണ്ടപ്പോൾ ‘ആളുമാറി’; യുവതിക്കെതിരെ പരാതിയുമായി മുൻ പാക് മന്ത്രി

ഇസ്ലാമാബാദ്: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ച മുൻ പാകിസ്താൻ മന്ത്രി ഗുലാം റസൂൽ ഉനർ, മുൻഭാര്യക്കെതിരെ നിയമനടപടിക്കൊരുങ്ങുന്നു. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച വ്യാജ ചിത്രങ്ങൾ കാണിച്ച് തന്നെ വിശ്വസിപ്പിച്ചാണ് വിവാഹത്തിലേക്ക് എത്തിച്ചതെന്നാണ് ഗുലാം റസൂലിന്റെ ആരോപണം.

മുൻഭാര്യ റസിയ അർബാബിനെതിരെ ഇലക്ട്രോണിക് കുറ്റകൃത്യങ്ങൾ തടയൽ നിയമപ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഗുലാം റസൂൽ കറാച്ചിയിലെ സെഷൻസ് കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച കോടതി ഡിഫൻസ് എസ്.എച്ച്.ഒ, പൊലീസ് പരാതി പരിഹാര സെൽ എസ്.പി എന്നിവർക്ക് നോട്ടീസ് അയച്ചു. ഓഗസ്റ്റ് 17നകം റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയ വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. നേരിട്ട് മുഖം കാണിക്കണമെന്ന് വീഡിയോ കോളിനിടെ ആവശ്യപ്പെട്ടപ്പോഴെല്ലാം റസിയ എഐ ഉപയോഗിച്ച് നിർമിച്ച ചിത്രങ്ങളാണ് അയച്ചിരുന്നതെന്ന് ഗുലാം റസൂൽ ആരോപിക്കുന്നു. ഈ ചിത്രങ്ങൾ യഥാർഥമാണെന്ന് വിശ്വസിപ്പിച്ചാണ് ബന്ധം മുന്നോട്ടുകൊണ്ടുപോയതെന്നും ഹർജിയിൽ പറയുന്നു.

2026 ഫെബ്രുവരി 23ന് വീഡിയോ കോൾ വഴിയായിരുന്നു വിവാഹം. വിവാഹ ചടങ്ങിനിടെയും യുവതി നിഖാബ് ധരിച്ചിരുന്നതായി ഹർജിയിൽ പറയുന്നു. വിവാഹശേഷം നേരിട്ട് കണ്ടപ്പോഴാണ് സോഷ്യൽ മീഡിയയിലൂടെ ലഭിച്ച ചിത്രങ്ങളിലെ വ്യക്തിയല്ല തനിക്കു മുന്നിലുള്ളതെന്ന് ഗുലാം റസൂൽ തിരിച്ചറിഞ്ഞതെന്നാണ് ആരോപണം. ഇതോടെ ഇരുവരും അകന്നു.

ഇതിനിടെ ഗുലാം റസൂൽ മരിച്ചുവെന്ന തരത്തിൽ റസിയ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം നടത്തിയെന്നും മുൻ മന്ത്രി ആരോപിക്കുന്നു. തുടർന്ന് ഓഗസ്റ്റ് രണ്ടിന് അദ്ദേഹം വിവാഹമോചനം നേടിയതായും പരാതിയിൽ പറയുന്നു.

വിവാഹമോചനത്തിന് പിന്നാലെ കോടിക്കണക്കിന് രൂപ ആവശ്യപ്പെട്ട് റസിയ ഭീഷണിപ്പെടുത്തിയെന്നും ഗുലാം റസൂൽ ആരോപിച്ചിട്ടുണ്ട്. സംഭവത്തിൽ നാഷണൽ സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസിക്കും അദ്ദേഹം പരാതി നൽകിയിട്ടുണ്ട്.

കോടതിയുടെ നിർദേശത്തെ തുടർന്ന് പൊലീസ് റിപ്പോർട്ട് സമർപ്പിക്കുന്നതോടെ സംഭവത്തിൽ തുടർനടപടികൾ ഉണ്ടായേക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img