
പ്രമുഖ എക്സ്-മുസ്‌ലിം യൂട്യൂബർക്കുനേരേ വധശ്രമം. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ടെലിവിഷൻ ചർച്ചകളിലെ സ്ഥിരം സാന്നിധ്യമായ സലീം വസ്തി (50)ക്കെതിരെയാണ് വധശ്രമമുണ്ടായത്. വെള്ളിയാഴ്ച രാവിലെ അശോക് വിഹാർ കോളനിയിലെ വീട്ടിൽ വെച്ചാണ് അക്രമിസംഘം സലീമിന്റെ കഴുത്തറുത്തത്.
വീട്ടിനുള്ളിലെ ചെറിയ ഓഫീസിൽ ഇരിക്കുകയായിരുന്ന സലീമിനെ നമ്പർ പ്ലേറ്റ് ഇല്ലാത്ത മോട്ടോർസൈക്കിളിൽ എത്തിയ, ഹെൽമെറ്റ് ധരിച്ചിരുന്ന രണ്ട് പേർ മാരകായുധങ്ങളോടെ ആക്രമിക്കുകയായിരുന്നു. കഴുത്തിലും വയറിലും ഗുരുതര പരിക്കേറ്റ സലീമിനെ ബന്ധുക്കളും അയൽവാസികളും ചേർന്ന് ആദ്യം സമീപത്തെ ആശുപത്രിയിലും തുടർന്ന് ഡൽഹിയിലെ ഗുരു തേക് ബഹാദൂർ ആശുപത്രിയിലേക്കും മാറ്റി. നിലവിൽ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ആക്രമണത്തിന് പിന്നാലെ പ്രതികൾ ബൈക്കിൽ രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് സലീമിന്റെ മകൻ ഉസ്മാന്റെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ആക്രമികൾക്കൊപ്പം പ്രാദേശിക എഐഎംഐഎം നേതാവ് അസ്ഗർ, ഭാട്ടി ബിൽഡർ, ഷാരൂഖ് നേത, സോനു, അഷ്ഫാഖ് എന്നിവർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്. തന്റെ പിതാവിനെ ലക്ഷ്യമിട്ട് ഗൂഢാലോചന നടത്തിയതായാണ് പരാതിയിലെ ആരോപണം.
സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.











