11:43pm 07 November 2026
NEWS
സോണിയയ്ക്ക് മടുത്താൽ രസിപ്പിക്കാൻ പിണറായിയുണ്ടെന്നതാണ് രാഷ്ട്രീയത്തിലെ രസതന്ത്രം; കെ വി തോമസിനെതിരെ ആഞ്ഞടിച്ച് സിപിഎം സഹയാത്രികൻ ഡോ. സെബാസ്റ്റ്യൻ പോൾ എക്സ് എംപി
12/03/2025  05:28 PM IST
nila
സോണിയയ്ക്ക് മടുത്താൽ രസിപ്പിക്കാൻ പിണറായിയുണ്ടെന്നതാണ് രാഷ്ട്രീയത്തിലെ രസതന്ത്രം; കെ വി തോമസിനെതിരെ ആഞ്ഞടിച്ച് സിപിഎം സഹയാത്രികൻ ഡോ. സെബാസ്റ്റ്യൻ പോൾ എക്സ് എംപി

ഡൽ​​​ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിനെ രൂക്ഷമായി വിമർശിച്ച് എറണാകുളം മുൻ എംപിയും സിപിഎം സഹ​യാത്രികനുമായ സെബാസ്റ്റ്യൻ പോൾ. ഒരു ഓൺലൈൻ മാധ്യമത്തിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേ​​ഹം കെ വി തോമസിനെതിരെ രൂക്ഷ വിമർശനം ഉയർത്തുന്നത്. ആശാ പ്രവർത്തകരുടെ പ്രശ്നം തീർക്കാൻ കഴിയാത്ത സർക്കാർ പ്രത്യേക പ്രതിനിധിക്ക് ഇങ്ങനെ വാരിക്കോരി കൊടുക്കുന്നതിൻെറ ഉദ്ദേശ്യമെന്താണെന്നും സെബാസ്റ്റ്യൻ പോൾ ചോ​ദിക്കുന്നു. വാങ്ങുന്നയാൾക്ക് നാണമില്ലെങ്കിൽ കൊടുക്കുന്നയാൾക്കെങ്കിലും അതുണ്ടാകണം എന്നും ലേഖനത്തിൽ സിപിഎം സഹയാത്രികൻ ചൂണ്ടിക്കാട്ടുന്നുണ്ട്. 

സെബാസ്റ്റ്യൻ പോൾ എഴുതിയ ലേഖനത്തിലെ ഏതാനും ഭാഗം ഇങ്ങനെ: 

"കേരളത്തിന് കിട്ടാനുള്ള കാശ് കണക്ക് പറഞ്ഞ് വാങ്ങാൻ നിർമല സീതാരാമനെ കാണാൻ പോയ കെമിസ്ട്രി മാഷ് കെ വി തോമസ് സ്ഫടികത്തിലെ ചാക്കോ മാഷ് പറഞ്ഞതുപോലെ ബബ്ബബ്ബ ബബ്ബബ്ബയായി പുറത്തേക്കു വന്നു. അധികാരത്തിൻെറ രസതന്ത്രത്തിലെ ഫോർമുലകൾ അനായാസം ഹൃദിസ്ഥമാക്കിയിട്ടുള്ള ഈ മാഷ് രുചിയുടെ രസക്കൂട്ടുകളുടെ പ്രയോഗത്തിലും വിദഗ്ധനാണ്. സോണിയയ്ക്ക് മടുത്താൽ രസിപ്പിക്കാൻ പിണറായിയുണ്ടെന്നതാണ് രാഷ്ട്രീയത്തിലെ രസതന്ത്രം. 

ആശാ പ്രവർത്തകരുടെ പ്രശ്നം തീർക്കാൻ കഴിയാത്ത സർക്കാർ പ്രത്യേക പ്രതിനിധിക്ക് ഇങ്ങനെ വാരിക്കോരി കൊടുക്കുന്നതിൻെറ ഉദ്ദേശ്യമെന്താണ്. വാങ്ങുന്നയാൾക്ക് നാണമില്ലെങ്കിൽ കൊടുക്കുന്നയാൾക്കെങ്കിലും അതുണ്ടാകണം. മാനദണ്ഡങ്ങൾക്കനുസൃതമായല്ലാതെയും നിയന്ത്രണങ്ങൾക്ക് വിധേയമല്ലാതെയും ഖജനാവിൽനിന്ന് പണമെടുത്തു കൊടുക്കാൻ വേലുത്തമ്പിയുടെ നാട്ടുകാരനായ ബാലഗോപാലിന് എങ്ങനെ സാധിക്കുന്നു? ആരുടെയും ന്യായമായ ഏതു കാര്യത്തിലും ഒബ്ജക്ഷൻ പറയുന്ന ധനവകുപ്പ് ഈയൊരാളുടെ കാര്യത്തിൽ മാത്രം നിശ്ശബ്ദത പാലിക്കുന്നത് എന്തുകൊണ്ട്?

എറണാകുളം ലോക്സഭാ മണ്ഡലത്തിൽ അഞ്ചു തവണ സിപിഎമ്മിനെ പരാജയപ്പെടുത്തി നാണം കെടുത്തിയ  ആളാണ് കെ വി തോമസ്. മൂന്നു തവണ സിപിഎമ്മിന് ഈ സീറ്റ് അഭിമാനകരമായ രീതിയിൽ നേടിക്കൊടുത്തയാളാണ് ഞാൻ. പാർട്ടിക്ക് ലെവി കൊടുക്കുകയും ഔദ്യോഗികവസതിയിൽ പാതി പാർട്ടിക്ക് നൽകുകയും ചെയ്തയാളാണ് ഞാൻ. പാർട്ടിക്കുവേണ്ടി എഴുത്തിലും പ്രസംഗത്തിലും  പ്രചാരവേല ചെയ്യുകയെന്ന ദൗത്യവും എനിക്കുണ്ട്. എന്നിട്ടും എൻെറ ക്ഷേമത്തിൽ താത്പര്യം കാണിക്കാത്ത പാർട്ടി എതിർപാളയത്തുനിന്നെത്തിയ തോമസ് എന്ന സാധുവിനോട് കാണിക്കുന്ന ഭൂതദയ അനിതരസാധാരണമാണ്.
 2009ൽ ഞാൻ ജയിക്കുമെന്ന് ഉറപ്പായിരിക്കേ എന്നെ ഒഴിവാക്കി സിന്ധു ജോയിയെ കൊണ്ടുവന്ന് കെ വി തോമസിൻെറ വിജയം ഉറപ്പാക്കിക്കൊടുത്ത സഖാക്കൾക്ക് അല്ലെങ്കിൽ നേതാക്കൾക്ക് ഇതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല. കെ വി തോമസ് അവരുടെ പ്രിയപ്പെട്ട തോമസ് മാഷാണ്. "

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img