03:59am 30 April 2026
NEWS

രാഹുൽ ​ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണത്തോട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പ്രതികരിച്ച രീതി ശരിയായില്ല; ഗ്യാനേഷ് കുമാറിനെ വിമർശിച്ച് രണ്ട് മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർമാരും ഒരു മുൻ തിരഞ്ഞെടുപ്പ് കമ്മിഷണറും

09/09/2025  07:22 AM IST
nila
 രാഹുൽ ​ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണത്തോട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പ്രതികരിച്ച രീതി ശരിയായില്ല; ഗ്യാനേഷ് കുമാറിനെ വിമർശിച്ച് രണ്ട് മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർമാരും ഒരു മുൻ തിരഞ്ഞെടുപ്പ് കമ്മിഷണറും

ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ വോട്ട് കൊള്ള ആരോപണത്തോട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ പ്രതികരിച്ച രീതി ശരിയായില്ലെന്ന് രണ്ട് മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർമാരും ഒരു മുൻ തിരഞ്ഞെടുപ്പ് കമ്മിഷണറും. മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ എസ്.വൈ. ഖുറേഷി, ഒ.പി. റാവത്ത്, മുൻ തിരഞ്ഞെടുപ്പ് കമ്മിഷണർ അശോക് ലവാസ എന്നിവരാണ് ഗ്യാനേഷ്‌കുമാറിന്റെ നിലപാടിനെ തള്ളി രം​ഗത്തെത്തിയത്. ഇന്ത്യാ ടുഡെ സംഘടിപ്പിച്ച തെക്കൻ കോൺക്ലേവിൽ പങ്കെടുത്ത് സംസാരിക്കവെയാണ് മൂവരും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ വിമർശനം ഉയർത്തിയത്. 

രാഹുൽ ​ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണത്തോട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പ്രതികരിച്ച രീതി രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയെയും വോട്ടർപട്ടികയെയുംകുറിച്ച് ജനങ്ങൾക്കിടയിൽ സംശയമുണർത്താനേ വഴിവെച്ചുള്ളൂ എന്നാണ് ഇവർ ചൂണ്ടിക്കാട്ടിയത്. ആരോപണം ഉന്നയിച്ച രാഹുൽ ​ഗാന്ധിയോട് തർക്കിക്കുന്നതിന് പകരം ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടി. 

ആരോപണമുന്നയിച്ച രാഹുൽഗാന്ധിയോട് സത്യവാങ്മൂലം നൽകാനും അല്ലാത്തപക്ഷം സമൂഹത്തോട് മാപ്പുപറയാനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ആവശ്യപ്പെട്ടതിനെയും ഇവർ വിമർശിച്ചു. ഇത്തരത്തിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ  നിർബന്ധം പിടിച്ചത് തിരഞ്ഞെടുപ്പ് പ്രക്രിയയെപ്പറ്റി സംശയമുയർത്താൻ വഴിയൊരുക്കും. ആരോപണമുന്നയിച്ച ആളോട് അതേരീതിയിൽ രോഷം കൊള്ളുന്നത് സംവിധാനത്തിലുള്ള വിശ്വാസ്യതയെ ഇടിച്ചുതാഴ്ത്തുമെന്നും ഇവർ ചൂണ്ടിക്കാട്ടി. 

രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രക്രിയ വലിയ അളവിൽ സ്വതന്ത്രവും നീതിയുക്തവുമാണെന്ന് മൂന്ന് മുൻ കമ്മിഷണർമാരും വ്യക്തമാക്കി. ഗ്യാനേഷ് കുമാറിന്റെ സ്വരം അനാവശ്യമായ പ്രകോപനമായിപ്പോയെന്നാണ് മൂവരും അഭിപ്രായപ്പെട്ടത്. കോപം തിരഞ്ഞെടുപ്പ് കമ്മിഷന് ഗുണമാകില്ല. രാഹുൽഗാന്ധി പ്രതിപക്ഷനേതാവാണെന്നത് മറക്കരുതെന്ന് എസ്.വൈ. ഖുറേഷി ചൂണ്ടിക്കാട്ടി. അദ്ദേഹം ഒരു കാര്യമുന്നയിക്കുമ്പോൾ അത് അദ്ദേഹത്തിന്റെമാത്രം അഭിപ്രായമാകുന്നില്ല. മറിച്ച് രാജ്യത്തെ കോടിക്കണക്കിന് പേരുടെ ശബ്ദമാണ്. അദ്ദേഹത്തെ കമ്മിഷൻ അതേ സ്വരത്തിൽ വെല്ലുവിളിക്കുന്നതും രോഷം കൊള്ളുന്നതും കമ്മിഷന്റെ സത്‌പേരിന് ചേർന്നതാകില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img