മുൻ ഡിജിപി ജേക്കബ് തോമസ് മുഴുവൻ സമയ ആർഎസ്എസ് പ്രവർത്തകനാകുന്നു

മുൻ ഡിജിപി ജേക്കബ് തോമസ് മുഴുവൻ സമയ ആർഎസ്എസ് പ്രവർത്തകനാകുന്നു. സന്നദ്ധ പ്രവർത്തനത്തിന് പറ്റിയ ഇടം ആർഎസ്എസ് എന്നാണ് ജേക്കബ് തോമസ് പറയുന്നത്. ആർഎസ്എസിന്റെ മുഴുവൻസമയ പ്രവർത്തകനാകുന്നതിൻ്റെ ഭാഗമായി, വിജയദശമി ദിനത്തിൽ നടക്കുന്ന പദസഞ്ചലനത്തിൽ അദ്ദേഹം പൂർണ ഗണവേഷത്തിൽ (ആർഎസ്എസ് യൂണിഫോം) പങ്കെടുക്കും.
എറണാകുളം ജില്ലയിലെ പള്ളിക്കരയിൽ നടക്കുന്ന വിജയദശമി ദിന പദസഞ്ചലനത്തിലാണ് ജേക്കബ് തോമസ് പൂർണ ഗണവേഷത്തിൽ പങ്കെടുക്കുക. കഴിഞ്ഞ കുറേക്കാലമായി ബിജെപിയുമായും ആർഎസ്എസുമായും അടുത്ത ബന്ധം പുലർത്തുന്നയാളാണ് ജേക്കബ് തോമസ്. പല വിഷയങ്ങളിലും ആർഎസ്എസിൻ്റെ നിലപാടുകളോട് ചേർന്നുനിന്നാണ് അദ്ദേഹം സംസാരിച്ചിരുന്നത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുടയിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ഇതിനു മുൻപും ആർഎസ്എസ് സംഘടിപ്പിച്ച പരിപാടികളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. പൊലീസ് സേനയിൽ നിന്ന് വിരമിച്ച ശേഷമാണ് ജേക്കബ് തോമസ് സംഘപരിവാർ പ്രസ്ഥാനങ്ങളുമായി കൂടുതൽ അടുത്തത്.
ഉന്നത പോലീസ് പദവികളിൽ നിന്ന് വിരമിച്ച ശേഷം സംഘപരിവാർ പ്രസ്ഥാനങ്ങളുമായി സഹകരിക്കുന്ന ആദ്യത്തെ ഉദ്യോഗസ്ഥനല്ല ജേക്കബ് തോമസ്. മുൻ ഡിജിപി ആർ. ശ്രീലേഖ നിലവിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ്. സംഘപരിവാറിനോട് ചേർന്നുനിൽക്കുന്ന നിലപാടുകൾ സ്വീകരിച്ചു വരുന്ന ആളാണ് മുൻ ഡിജിപി ടി.പി. സെൻകുമാർ. എന്നാൽ ആദ്യമായാണ് ഒരു മുൻ ഡിജിപി ആർഎസ്എസ് പ്രവർത്തകനാകുമെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നത്.











