04:12am 14 October 2026
NEWS
തക്കാളിപ്പനി അറിയേണ്ടതെല്ലാം..
13/10/2026  04:33 PM IST
Health Desk
തക്കാളിപ്പനി അറിയേണ്ടതെല്ലാം

 

എന്താണ് തക്കാളിപ്പനി?

കൈ, കാല്‍, വായ എന്നിവിടങ്ങളില്‍ ചെറിയ കുമിളകളും വായില്‍ വേദനയുള്ള വൃണങ്ങളും ഉണ്ടാക്കുന്ന ഒരു വൈറസ് രോഗമാണ് തക്കാളിപ്പനി അഥവാ Hand-foot-mouth disease.  പ്രധാനമായും അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. എന്നാല്‍ മുതിര്‍ന്ന കുട്ടികള്‍ക്കും അപൂര്‍വമായി മുതിര്‍ന്നവര്‍ക്കും ഈ രോഗം വരാം.

എന്താണ് ഈ രോഗത്തിന് കാരണം?

ഇതൊരു വൈറസ് അണുബാധയാണ്. മിക്കവാറും കോക്‌സാക്കി (Coksackie virus), എന്ററോവൈറസ് (Entero virus) എന്നീ വൈറസുകളാണ് ഈ രോഗത്തിന് കാരണമാകുന്നത്.

എങ്ങനെയാണ് രോഗം പകരുന്നത്?

രോഗബാധിതനായ കുട്ടിയുടെ ഉമിനീര്‍, മൂക്കൊലിപ്പ്, കുമിളകളിലെ ദ്രാവകം എന്നിവയിലൂടെ വൈറസ് മറ്റുള്ളവരിലേക്ക് പകരാം. കുട്ടികള്‍ ഒരുമിച്ച് അടുത്തിടപഴകുന്ന സ്‌കൂളുകള്‍, അംഗന്‍വാടി, ഡേ കെയര്‍ സെന്ററുകള്‍ എന്നിവിടങ്ങളില്‍ രോഗവ്യാപനം കൂടുതലായി കാണാറുണ്ട്.

തക്കാളിപ്പനിയുടെ രോഗലക്ഷണങ്ങള്‍ എന്തൊക്കെയാണ്?

· പനി (നേരിയതോ മിതമായതോ ആയ പനി)
· തൊണ്ടവേദന
· കൈപ്പത്തിയിലും കാലിന്റെയും അടിയിലും ചുമന്ന പാടുകള്‍, ചെറിയ കുമിളകള്‍
· ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന വായിലെ വ്രണങ്ങള്‍
· പ്രഷ്ഠഭാഗത്തിലും കൈമുട്ടുകളിലും കാല്‍മുട്ടുകളിലും കുരുക്കള്‍
· അസ്വസ്ഥതയും വിശപ്പില്ലായ്മയും

രോഗനിര്‍ണ്ണയം എങ്ങനെയാണ്?

സാധാരണയായി രോഗലക്ഷണങ്ങളും ശാരീരിക പരിശോധനയും മാത്രം മതിയാകും. പ്രത്യേക പരിശോധനകള്‍ മിക്ക കേസുകളിലും ആവശ്യമില്ല.

തക്കാളിപ്പനിയുടെ ചികിത്സ എപ്രകാരമാണ്?

ഈ രോഗത്തിന് പ്രത്യേകമായി ഒരു മരുന്നില്ല. രോഗലക്ഷണങ്ങള്‍ കുറയ്ക്കുക എന്നതാണ് ചികിത്സയുടെ ലക്ഷ്യം.

· പനി ഉണ്ടെങ്കില്‍ പനിയുടെ മരുന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ച അളവിലും നിര്‍ദ്ദേശിച്ച ഇടവേളകളിലും നല്‍കുക.

· ധാരാളം ദ്രാവകങ്ങള്‍ കുടിക്കാനായി നല്‍കുക.

· മൃദുവായതും വേഗത്തില്‍ ദഹിക്കുന്നതുമായ ആഹാരപദാര്‍ത്ഥങ്ങള്‍ നല്‍കുക.

· വായിലെ വേദന കുറയ്ക്കാന്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള കുഴമ്പുകള്‍ ഉപയോഗിക്കുക.

· സാധാരണയായി 7 മുതല്‍ 10 ദിവസത്തിനുള്ളില്‍ രോഗം ഭേദമാകും.

തക്കാളിപ്പനിക്ക് ആന്റിബയോട്ടിക് മരുന്നുകള്‍ ഫലപ്രദമാണോ?

അല്ല. ഇതൊരു വൈറസ് രോഗമായതിനാല്‍ ആന്റിബയോട്ടിക് ഉപയോഗിക്കുന്നത് പ്രയോജനകരമല്ല. ഈ അസുഖത്തിനോടൊപ്പം ഒരു ബാക്ടീരിയ അണുബാധ ഉണ്ടെന്ന് ഡോക്ടര്‍ സംശയിക്കുന്ന പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമേ അത് ആവശ്യമായി വരികയുള്ളൂ.

തക്കാളിപ്പനി ബാധിച്ച കുട്ടിയെ സ്‌കൂളില്‍ അയക്കാമോ?

കുഞ്ഞിന് പനിയും ദേഹത്ത് കുരുക്കളും സജീവമായിരിക്കുന്ന സമയത്ത് വീട്ടില്‍ വിശ്രമിക്കുന്നതാണ് ഉത്തമം. അങ്ങനെ ചെയ്യുന്നത് വഴി മറ്റു കുട്ടികളിലേക്കുള്ള രോഗവ്യാപനം തടയാന്‍ സാധിക്കും. പനി മാറുകയും കുട്ടിക്ക് സാധാരണ രീതിയില്‍ ഭക്ഷണം കഴിക്കാനും കളിക്കാനും കഴിയുന്നുണ്ടെങ്കില്‍ സ്‌കൂളിലേക്ക് അയക്കാം.

രോഗം വന്നാല്‍ എന്തൊക്കെ ശ്രദ്ധിക്കണം

· കുട്ടി ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

· നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങള്‍ (മൂത്രം കുറയുക, അമിത ക്ഷീണം, കരയുമ്പോള്‍ കണ്ണീര്‍ വരാതിരിക്കുക) ശ്രദ്ധിക്കുക.

· കൈകള്‍ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക.

· കുട്ടി ഉപയോഗിക്കുന്ന പാത്രങ്ങളും കളിപ്പാട്ടങ്ങളും വൃത്തിയായി സൂക്ഷിക്കുക.

ഈ രോഗം വീണ്ടും വരുമോ?

വരാം. ഒരു വൈറസിനെതിരെയുള്ള പ്രതിരോധശേഷി ലഭിച്ചാലും Hand-foot-mouth disease ഉണ്ടാക്കുന്ന മറ്റു വൈറസുകള്‍ പിന്നീട് വീണ്ടും രോഗം ഉണ്ടാക്കാന്‍ സാദ്ധ്യതയുണ്ട്.

രോഗം തടയാന്‍ വാക്‌സിന്‍ ഉണ്ടോ?

തക്കാളിപ്പനിക്ക് എതിരായ പ്രതിരോധ കുത്തിവയ്പ്പ് ലഭ്യമല്ല. അതിനാല്‍ ശുചിത്വവും പ്രതിരോധ മാര്‍ഗ്ഗങ്ങളും വളരെ പ്രധാനമാണ്.

ഈ രോഗം ഗുരുതരമാണോ?

മിക്ക കുട്ടികളിലും തക്കാളിപ്പനി സ്വയംഭേദമാകുന്നു. എന്നാല്‍ അപൂര്‍വ്വമായി ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാകാം.  കുട്ടിക്ക് വെള്ളം കുടിക്കാന്‍ കഴിയാതെ വരിക, അമിതമായ മയക്കം, തുടര്‍ച്ചയായ ഉയര്‍ന്ന പനി, ശ്വാസതടസ്സം, അപസ്മാരം പോലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആശുപത്രിയില്‍ എത്തിക്കണം.


Dr. Jyothi Krishna R S
Consultant Paediatrician
SUT Hospital, Pattom

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
HEALTH
img