
"നിത്യമണവാട്ടി" എന്നറിയപ്പെടുന്ന 30 വയസ്സുകാരിയായ യുവതിയെ ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.പുതിയ വിവാഹത്തിനായി യാത്ര തിരിക്കുന്നതിനിടെ ജൂൺ 6-നായിരുന്നു അറസ്റ്റ്. എറണാകുളം ഉദയംപേരൂർ സ്വദേശിനി രേഷ്മയാണ് വിവാഹത്തട്ടിപ്പിലൂടെ പത്തോളം പേരെ വഞ്ചിച്ച കേസിൽ പിടിയിലായത്.
ആര്യനാട് ഗ്രാമപഞ്ചായത്തംഗം സി.ജെ. അനീഷിന്റെ പരാതിയെ തുടർന്നാണ് അറസ്റ്റ്. അനീഷ് രേഷ്മയുടെ കെണിയിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. രണ്ട് വയസ്സുള്ള ഒരു കുട്ടിയുടെ അമ്മയായ രേഷ്മ, ഓൺലൈൻ വിവാഹ പരസ്യങ്ങൾ വഴിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. പരസ്യം കണ്ട് ബന്ധപ്പെടുന്നവരുമായി സിനിമാക്കഥകളെ വെല്ലുന്ന കെട്ടുകഥകൾ പറഞ്ഞ് അടുപ്പം സ്ഥാപിച്ച് വിവാഹം കഴിക്കുകയും, പിന്നീട് പണവും ആഭരണങ്ങളുമായി മുങ്ങുകയുമാണ് ഇവരുടെ പതിവ്.
അനീഷിന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് രേഷ്മയുടെ തട്ടിപ്പുകൾ പുറത്തുവന്നത്. അനീഷുമായുള്ള വിവാഹത്തിന് 45 ദിവസം മുൻപ് മറ്റൊരു വിവാഹം കഴിച്ചിരുന്നു രേഷ്മ. രേഷ്മയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അനീഷും സുഹൃത്തുക്കളും ചേർന്ന് അവരുടെ ബാഗ് പരിശോധിച്ചപ്പോഴാണ് മുൻ വിവാഹങ്ങളുടെ രേഖകൾ കണ്ടെത്തുന്നത്. ഇതേ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.
എറണാകുളം, തൊടുപുഴ, കോട്ടയം, കൊട്ടാരക്കര, വാളകം, വൈക്കം, തിരുവനന്തപുരം എന്നിവിടങ്ങളിലുള്ളവരെയാണ് രേഷ്മ മുൻപ് വിവാഹം കഴിച്ചിരുന്നത്. ജൂൺ 12-ന് തിരുവനന്തപുരത്ത് വച്ച് മറ്റൊരു വിവാഹം കഴിക്കാനും രേഷ്മ പദ്ധതിയിട്ടിരുന്നു. ഈ വിവാഹത്തിനായി നിശ്ചയിച്ചയാൾ പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നെങ്കിലും പരാതി നൽകാൻ തയ്യാറായില്ല. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തട്ടിപ്പിന്റെ വഴികൾ
രേഷ്മയുടെ തട്ടിപ്പുകൾക്ക് പിന്നിൽ കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നു. അനീഷിന്റെ കാര്യത്തിൽ, വിവാഹ വെബ്സൈറ്റിൽ രേഷ്മയുടെ അമ്മയാണെന്ന് പരിചയപ്പെടുത്തി ഒരു സ്ത്രീയാണ് ആദ്യം വിളിച്ചത്. പിന്നീട് രേഷ്മ അനീഷുമായി നേരിട്ട് ബന്ധപ്പെട്ടു. താൻ ദത്തെടുക്കപ്പെട്ടതാണെന്നും, തന്റെ "അമ്മ" വിവാഹത്തിന് എതിരാണെന്നും ഉപദ്രവിക്കാറുണ്ടെന്നും രേഷ്മ അനീഷിനെ വിശ്വസിപ്പിച്ചു. ജൂൺ 6-ന് ആര്യനാട്ടിൽ വെച്ച് വിവാഹം നടത്താമെന്ന് അനീഷ് ഉറപ്പ് നൽകി. വിവാഹ ദിവസം രാവിലെ ബ്യൂട്ടിപാർലറിൽ പോകണമെന്ന് രേഷ്മ നിർബന്ധം പിടിച്ചപ്പോഴാണ് സംശയം തോന്നിയതും ബാഗ് പരിശോധിച്ചതും.
2014-ൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ എറണാകുളം സ്വദേശിയുമായി ഒളിച്ചോടിയതായിരുന്നു രേഷ്മയുടെ തട്ടിപ്പ് ജീവിതത്തിന്റെ തുടക്കം. 2017 വരെ ഇയാളോടൊപ്പം താമസിച്ച ശേഷം ഇവർ പിരിയുകയായിരുന്നു. പിന്നീട് 2022-ഓടെ നാല് വിവാഹങ്ങൾ കഴിച്ചു. 2023-ൽ ഒരു കുട്ടിയുണ്ടായി. 2025 ഫെബ്രുവരി 19-നും മാർച്ച് 1-നും ഓരോ വിവാഹങ്ങൾ വീണ്ടും കഴിച്ചു. ഏപ്രിലിൽ തിരുമല സ്വദേശിയെ വിവാഹം കഴിക്കാൻ ഒരുങ്ങിയെങ്കിലും യുവാവിന് അപകടം സംഭവിച്ചതിനാൽ നടന്നില്ല.











