
ദോഹ: രാജ്യത്ത് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശേഷി വർദ്ധിപ്പിക്കുന്നതിനും വർദ്ധിച്ചുവരുന്ന വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി 'ഈവനിംഗ് ക്ലാസ്' (വൈകുന്നേരത്തെ ഷിഫ്റ്റ്) സംവിധാനം കൂടുതൽ വ്യാപിപ്പിക്കുന്നതായി ഖത്തർ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഖത്തറിലെ വിവിധ ഭാഗങ്ങളിലായി ഇന്ത്യൻ കരിക്കുലം, ബ്രിട്ടീഷ്, നാഷണൽ സ്റ്റാൻഡേർഡ്സ്, സിറിയൻ, ഈജിപ്ഷ്യൻ ഉൾപ്പെടെയുള്ള വിവിധ സിലബസുകളിലായി നിലവിൽ 37 സ്വകാര്യ സ്കൂളുകളിലും അവയുടെ ബ്രാഞ്ചുകളിലുമായി ഈവനിംഗ് ക്ലാസുകൾ പ്രവർത്തിക്കുന്നുണ്ട്.
മോണിംഗ് സ്കൂളുകൾക്ക് സമാനമായ ഗുണനിലവാരവും അക്കാദമിക്-അഡ്മിനിസ്ട്രേറ്റീവ് മേൽനോട്ടവും തന്നെയാണ് ഈവനിംഗ് സ്കൂളുകളിലും ഉറപ്പാക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഒരേ കരിക്കുലവും വിദ്യാഭ്യാസ നിലവാരവും പിന്തുടരുന്ന ഈ സ്കൂളുകൾ കൃത്യമായ നിരീക്ഷണത്തിനും വിലയിരുത്തലിനും വിധേയമായിരിക്കും. നിർബന്ധിത വിഷയങ്ങളായ അറബിക് ഭാഷ, ഇസ്ലാമിക് വിദ്യാഭ്യാസം, ഖത്തർ ചരിത്രം എന്നിവ ഈവനിംഗ് സ്കൂളുകളിലും കൃത്യമായി പഠിപ്പിക്കുന്നുണ്ടെന്ന് പ്രൈവറ്റ് സ്കൂൾസ് ആൻഡ് കിന്റർഗാർട്ടൻസ് വകുപ്പ് ഉറപ്പുവരുത്തും.മോണിംഗ് ഷിഫ്റ്റിൽ സ്കൂളിലെ മുഴുവൻ സീറ്റുകളും നിറഞ്ഞ ശേഷവും പ്രവേശനത്തിനായി വിദ്യാർത്ഥികൾ കാത്തിരിക്കുന്ന സാഹചര്യം ഉണ്ടെങ്കിൽ മാത്രമേ സ്കൂളുകൾക്ക് ഈവനിംഗ് ഷിഫ്റ്റ് ആരംഭിക്കാനുള്ള അനുമതി മന്ത്രാലയം നൽകുകയുള്ളൂ.
സ്വകാര്യ വിദ്യാഭ്യാസ മേഖലയിലുണ്ടായ വലിയ ഡിമാൻഡ് പരിഹരിക്കാനും വിവിധ പ്രവാസി കുടുംബങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് വഴക്കമുള്ള (flexible) വിദ്യാഭ്യാസ രീതി ഉറപ്പാക്കാനും ഈവനിംഗ് സ്കൂളുകളുടെ വ്യാപനം വഴി സാധിക്കുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.











