
പമ്പ: തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ പരാജയത്തിന് പിന്നിൽ ശബരിമല വിഷയവും ‘അയ്യപ്പ വികാരവും’ ആണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ശബരിമല, പമ്പ, സന്നിധാനം എന്നിവ ഉൾപ്പെടുന്ന റാന്നി പെരുനാട് പഞ്ചായത്തിലെ ഒൻപതാം വാർഡിൽ സിപിഎം വീണ്ടും അധികാരം നിലനിർത്തി. ശബരിമല വാർഡിൽ സിപിഎം സ്ഥാനാർഥിയായ പി. എസ്. ഉത്തമനാണ് വിജയിച്ചത്.
ശക്തമായ മത്സരം നടന്ന വാർഡിൽ ഉത്തമനും എതിരാളിയായ അമ്പിളി സുജസും തുല്യ വോട്ടുകൾ നേടിയതോടെ വിജയിയെ നറുക്കെടുപ്പിലൂടെയാണ് നിർണയിച്ചത്. ഭാഗ്യനിർണയത്തിലൂടെയെങ്കിലും ഉത്തമന് വിജയം കൈവരിക്കാനായി. ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു ഈ അപൂർവ സംഭവവികാസം.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചിരുന്ന ശബരിമല വാർഡിൽ ഇത്തവണ പാർട്ടി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. സംസ്ഥാനത്താകെ ശബരിമല വിഷയമുയർത്തി ബിജെപി നേട്ടമുണ്ടാക്കിയെന്ന വിലയിരുത്തലുകൾ നിലനിൽക്കുന്നതിനിടയിലാണ്, ശബരിമല വാർഡിൽ തന്നെ പാർട്ടിക്ക് തിരിച്ചടിയുണ്ടായത്.
റാന്നി പെരുനാട് പഞ്ചായത്തിലെ 16 വാർഡുകളിൽ 10 ഇടങ്ങളിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ് വിജയിച്ചത്. യുഡിഎഫിനും ബിജെപിക്കും മൂന്ന് വാർഡുകൾ വീതമാണ് ലഭിച്ചത്. ഇതോടെ പഞ്ചായത്തിലെ ഭരണം സിപിഎം നിലനിർത്തി. കഴിഞ്ഞ തവണ പഞ്ചായത്തിൽ ബിജെപിക്ക് അഞ്ച് അംഗങ്ങളുണ്ടായിരുന്നുവെന്നതും ശ്രദ്ധേയമാണ്.








