
തെരുവ് നായ കടിച്ചവർ പ്രതിരോധ കുത്തിവയ്പ്പെടുത്തിട്ടും പേവിഷധയേൽക്കുന്ന സംഭവം കേരളത്തിൽ തുടർക്കഥയാകുകയാണ്. സമീപ ദിവസങ്ങളിലായി മൂന്ന് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മലപ്പുറത്തും പത്തനംതിട്ടയിലും കൊല്ലത്തുമാണ് ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്തത്. പ്രതിരോധ കുത്തിവയ്പ്പെടുത്തവരാണ് പേവിഷബാധയേറ്റ മൂന്ന് കുട്ടികളും. ഇതോടെ റാബിസ് വാക്സിന്റെ ഗുണനിലവാരം സംബന്ധിച്ചും പലകോണുകളിൽ നിന്നും സംശയം ഉയർന്നിരുന്നു. എന്നാൽ, പ്രതിരോധ വാക്സിന്റെ ഗുണനിലവാരത്തിലെ പ്രശ്നങ്ങളല്ല ഇത്തരം സംഭവങ്ങൾക്ക് പിന്നിലെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
നായ കടിച്ചാലുടൻ എല്ലാവരും പോയി വാക്സിൻ എടുക്കാറുണ്ട്. അതോടെ എല്ലാം സുരക്ഷിതം എന്നാണ് ഭൂരിപക്ഷവും കരുതുന്നത്. എന്നാൽ, പലരും നായ കടിച്ചാൽ ഇൻട്രാ ഡെർമൽ റാബിസ് വാക്സിനേഷൻ (ഐഡിആർവി) മാത്രമാണ് എടുക്കാറുള്ളത്. എന്നാൽ, മുറിവിന് ചുറ്റും എടുക്കുന്ന ഹ്യൂമൻ റാബിസ് ഇമ്യൂണോ ഗ്ലോബുലിൻ(എച്ച്ആർഐജി) പലരും എടുക്കാറില്ല. കേരളത്തിലെ മിക്ക സർക്കാർ ആശുപത്രികളിലും ഈ വാക്സിൻ എപ്പോഴും സുലഭമല്ല എന്നത് തന്നെയാണ് പ്രധാന കാരണം. ജില്ലാ ആശുപത്രികളിലോ മെഡിക്കൽ കോളജുകളിലോ മാത്രമാകും മിക്കപ്പോഴും ഹ്യൂമൻ റാബിസ് ഇമ്യൂണോ ഗ്ലോബുലിൻ ഉണ്ടാകുക. എന്നാൽ, ഇൻട്രാ ഡെർമൽ റാബിസ് വാക്സിനേഷൻ എടുത്തതിനാൽ ഇനി പ്രശ്നമില്ലെന്ന് കരുതിയും ജില്ലാ ആശുപത്രിയിലോ മെഡിക്കൽ കോളജിലോ പോകാനുള്ള മെനക്കേട് ഒഴിവാക്കാം എന്ന ചിന്തയിലും ഹ്യൂമൻ റാബിസ് ഇമ്യൂണോ ഗ്ലോബുലിൻ കുത്തിവെപ്പ് എടുക്കാൻ ചിലരെങ്കിലും ഉപേക്ഷ വിചാരിക്കാറുണ്ട്. ഇത് ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കും എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
എന്തുകൊണ്ട് ഹ്യൂമൻ റാബിസ് ഇമ്യൂണോ ഗ്ലോബുലിൻ ?
ഇൻട്രാ ഡെർമൽ റാബിസ് വാക്സിനേഷൻ (ഐഡിആർവി) എടുക്കുന്നതും പേവിഷബാധയെ ചെറുക്കാനുള്ളതാണ്. എന്നാൽ ഇൻട്രാ ഡെർമൽ റാബിസ് വാക്സിൻ മനുഷ്യ ശരീരത്തിൽ ആന്റീബോഡി സൃഷ്ടിക്കാൻ കുറച്ച് കാലതാമസം എടുക്കും. മുറിവിനു ചുറ്റുമായി എടുക്കുന്ന ഇമ്യൂണോ ഗ്ലോബുലിൻ പെട്ടെന്ന് തന്നെ ആന്റിബോഡി സൃഷ്ടിക്കുകയും റാബിസ് വൈറസിനെ പ്രതിരോധിക്കുകയും ചെയ്യും. ആദ്യമായി വാക്സിൻ എടുക്കുന്നവർക്ക് മാത്രമാണ് ഹ്യൂമൻ റാബിസ് ഇമ്യൂണോ ഗ്ലോബുലിൻ ആവശ്യമായി വരുന്നത്. മുമ്പ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുള്ളവരുടെ ശരീരത്തിൽ ആന്റിബോഡി ഉണ്ടാകും എന്നതിനാൽ പിന്നീട് ഇമ്യൂണോ ഗ്ലോബുലിന്റെ ആവശ്യമുണ്ടാകില്ല.
ഇമ്യൂണോ ഗ്ലോബുലിൻ എവിടെ പോയി?
നമ്മുടെ താലൂക്ക് സർക്കാർ ആശുപത്രികളിൽ റാബിസ് വാക്സിനുണ്ട് എന്നാണ് സർക്കാർ മേനി പറയുന്നത്. ഇത് പകുതി മാത്രമാണ് ശരി എന്ന് പറയേണ്ടി വരും. താലൂക്ക് ആശുപത്രികളിൽ പലപ്പോഴും ഇൻട്രാ ഡെർമൽ റാബിസ് വാക്സിൻ മാത്രമാകും ഉണ്ടാകുക. ഇമ്യൂണോ ഗ്ലോബുലിൻ വേണമെങ്കിൽ മെഡിക്കൽ കോളജുകളെ തന്നെ ആശ്രയിക്കേണ്ടി വരും. ഒറ്റ തവണ മുറിവിൽ എടുക്കുന്ന ഒരു ഇഞ്ചക്ഷൻ കൂടിയുണ്ടെന്നും അത് ഇപ്പോൾ ഇവിടെയില്ല, മെഡിക്കൽ കോളജിൽ പോകേണ്ടി വരും എന്നുമാകും താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ പല്ലവി. ഒരുപക്ഷേ സീനിയർ ഡോക്ടർമാരാണ് നോക്കുന്നതെങ്കിൽ ഇത് എടുക്കേണ്ടതിന്റെ ഗൗരവം പറഞ്ഞ് മനസ്സിലാക്കും. എന്നാൽ, ചിലർ മുറിവിലെടുക്കുന്ന ഇഞ്ചക്ഷൻ എന്ന് നിസ്സാരവത്ക്കരിച്ച് പറയുന്നതോടെ, വാക്സിൻ എടുത്തല്ലോ ഇനി ഭയക്കേണ്ടെന്ന് കരുതി ഇമ്യൂണോ ഗ്ലോബുലിൻ എടുത്തില്ലെന്നും വരും. ഇത് പേവിഷബാധക്ക് കാരണമാകാം എന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പേവിഷ ബാധയിലെ വിഭാഗങ്ങളും പ്രതിരോധ ചികിത്സാ മാനദണ്ഡങ്ങളും
കാറ്റഗറി 1
മൃഗങ്ങളെ തൊടുക, ഭക്ഷണം കൊടുക്കുക, മുറിവുകൾ ഇല്ലാത്ത തൊലിപ്പുറത്തു മൃഗങ്ങൾ നക്കുക
- കുത്തിവയ്പ് നല്കേണ്ടതില്ല. സോപ്പും ധാരാളം വെള്ളവും ഉപയോഗിച്ചു കഴുകുക.
കാറ്റഗറി 2
തൊലിപ്പുറത്തുള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ
- പ്രതിരോധ കുത്തിവയ്പ് എടുക്കണം
കാറ്റഗറി 3
രക്തം പൊടിഞ്ഞ മുറിവുകൾ, മുറിവുള്ള തൊലിപ്പുറത്തെ നക്കൽ, ചുണ്ടിലോ വായിലോ നക്കൽ, വന്യമൃഗങ്ങളുടെ കടി
- ഇൻട്രാ ഡെർമൽ റാബിസ് വാക്സിനേഷൻ (ഐഡിആർവി), ഹ്യൂമൻ റാബിസ് ഇമ്യൂണോ ഗ്ലോബുലിൻ(എച്ച്ആർഐജി)











