
ബാഗ്ദാദ്: ഇറാഖിൽ അഴിമതിക്കെതിരായ വ്യാപക റെയ്ഡിൽ പ്രമുഖ രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും അന്വേഷണ പരിധിയിൽ. പാർലമെന്റ് അംഗം ഹിന്ദ് അൽ അബ്ബാസിയുടെ വസതിയിൽ നിന്ന് ഏകദേശം 927 കോടി രൂപയും 27 കിലോഗ്രാം സ്വർണവും പിടിച്ചെടുത്തതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പിടിച്ചെടുത്ത സ്വർണവസ്തുക്കളിൽ സ്വർണത്തിൽ നിർമിച്ച സ്ത്രീകളുടെ അടിവസ്ത്രങ്ങളും ഉണ്ടായിരുന്നുവെന്ന വിവരങ്ങളും പുറത്തുവന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരേസമയം നടത്തിയ പരിശോധനയിൽ 47 പേരെ അറസ്റ്റ് ചെയ്തതായും, ഇവരിൽ ഏഴ് പേർ പാർലമെന്റ് അംഗങ്ങളാണെന്നും റിപ്പോർട്ടുകളുണ്ട്. സർക്കാർ സംവിധാനത്തിലെ ഉന്നത ഉദ്യോഗസ്ഥരും റെയ്ഡിൽ കുടുങ്ങിയവരിൽ ഉൾപ്പെടുന്നുവെന്നാണ് വിവരം.
പൊതുമുതൽ ദുരുപയോഗം ചെയ്ത് അനധികൃതമായി സമ്പാദിച്ച സ്വത്തുക്കൾ കണ്ടെത്തുകയാണ് രാജ്യവ്യാപക നടപടിയുടെ ലക്ഷ്യം. തലസ്ഥാനമായ ബാഗ്ദാദിന് പുറമെ നിരവധി നഗരങ്ങളിലും മിന്നൽ പരിശോധനകൾ നടത്തിയതായാണ് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, ഹിന്ദ് അൽ അബ്ബാസിയുടെ വസതിയിൽ നിന്ന് പിടിച്ചെടുത്തതായി പറയുന്ന പണത്തെയും സ്വർണത്തെയും സംബന്ധിച്ച് ഇറാഖ് സർക്കാർ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. അവർ ഇപ്പോഴും ഇറാഖ് പാർലമെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അംഗമായി തുടരുന്നുമുണ്ട്.
അഴിമതിക്കെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കുമെന്നും അന്വേഷണം തുടരുകയാണെന്നും, വരും ദിവസങ്ങളിൽ കൂടുതൽ പ്രമുഖരുടെ പേരുകൾ പുറത്തുവരാൻ സാധ്യതയുണ്ടെന്നും പ്രധാനമന്ത്രി അലി ഫലിഹ് ഖാദിം അൽ സെയ്ദി അറിയിച്ചു.











