
കൊച്ചി: ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തിൽ ദൈവത്തിന്‍റെ സ്വത്തിനു പോലും സുരക്ഷയില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി. മോദി ബ്രദേഴ്സാണ് കേരളത്തിൽ യുഡിഎഫിനെ നേരിടുന്നതെന്നും രേവന്ത് റെഡ്ഢി പറഞ്ഞു. കൊച്ചിയിൽ യുഡിഎഫ് പ്രകടന പത്രിക പ്രകാശനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തെലങ്കാന മുഖ്യമന്ത്രി. പിണറായി വിജയനെ രൂക്ഷമായി വിമർശിച്ചത് ശരിയാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മോദിയെ പോലെ സംസാരിക്കാൻ തനിക്കാവില്ലെന്നും മുഖ്യമന്ത്രിയെ വിമർശിക്കാതിരിക്കാൻ താൻ മോദിയല്ലെന്നുമായിരുന്നു രേവന്ത് റെഡ്ഢിയുടെ മറുപടി. തെലങ്കാനയിൽ കോൺഗ്രസ് പ്രകടന പത്രികയിൽ നൽകിയ എല്ലാ വാഗ്ദാനങ്ങളും നടപ്പാക്കിയെന്ന് അവകാശപ്പെട്ട രേവന്ത റെഡ്ഢി ഇത് നേരിൽ കണ്ട് ബോധ്യപ്പെടുന്നതിനായി പിണറായി വിജയനെ തെലങ്കാനയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇതിനായി പ്രത്യേക വിമാനം അടക്കം എല്ലാ സൗകര്യവും ഒരുക്കാമെന്നും തെലങ്കാന പ്രകടന പത്രികയുടെ ചുമതലയുണ്ടായിരുന്ന, ധനമന്ത്രി ശ്രീധർ ബാബുവിനെ മുഖ്യമന്ത്രിക്ക് ഒപ്പം അയക്കാമെന്നും രേവന്ത് റെഡി പറഞ്ഞു. എങ്ങനെയാണു തെലങ്കാനയിൽ കോൺഗ്രസ് സർക്കാർ ഗ്യാരന്‍റികൾ നടപ്പാക്കിയതെന്ന് നേരിട്ട് ബോധ്യപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു. കാർഷിക വായ്പയിലൂടെ 25 ലക്ഷത്തിലേറെ കർഷകർക്ക് ഗുണം ലഭിച്ചു. അധികാരമേറ്റ് 14 മാസത്തിനുള്ളിൽ 67,173 സർക്കാർ നിയമനങ്ങൾ നടത്തി. ഗൃഹജ്യോതി പദ്ധതിയിലൂടെ 50 ലക്ഷത്തിലേറെ കുടുംബങ്ങൾക്ക് ഗുണം ലഭിച്ചു. വികസനവും ക്ഷേമവും ഒരുമിച്ചു കൊണ്ടുപോവുക എന്നതാണ് നയം. അഴിമതിയിൽ മുങ്ങിക്കിടന്ന തെലങ്കാനയെ ഇന്ന് സാമ്പത്തിക അടിത്തറയുള്ള സംസ്‌ഥാനമാക്കി മാറ്റി. വൻവ്യവസായങ്ങൾ കൊണ്ടുവന്നു. നികുതികളൊന്നും വര്ധിപ്പിക്കാതെ സാമ്പത്തിക അച്ചടക്കം കൊണ്ടുവരാൻ കഴിഞ്ഞു. തെലങ്കാനയിൽ ഇതെല്ലം യാഥാർഥ്യമാക്കാമെങ്കിൽ എന്ത് കൊണ്ട് കേരളത്തിൽ സാധ്യമല്ലെന്നും രേവന്ത് റെഡ്ഢി ചോദിച്ചു. യുഡിഎഫ് പ്രഖ്യാപിച്ച ഇന്ദിര ഗ്യാരന്‍റികൾ നടപ്പാക്കാൻ കഴിയുമോ എന്ന് സംശയം ഉള്ളവർക്ക് തെലങ്കാന മുഖ്യമന്ത്രി തന്നെ ഗ്യാരന്‍റി നൽകുന്നുവെന്നും രേവന്ത റെഡ്ഢി പറഞ്ഞു. കേരളത്തിന്‍റെ എന്ത് ആവശ്യത്തിനും തെലങ്കാന സർക്കാർ ഒപ്പമുണ്ടാകുമെന്നും രേവന്ത റെഡ്ഢി ഉറപ്പ് നൽകി.
Photo Courtesy - Google








