10:10am 27 October 2026
NEWS
മുണ്ട് മുറുക്കിയുടുത്തും എംഎൽഎമാരെ ഞങ്ങൾ സമ്പന്നരാക്കും ! സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുമ്പോഴും നിയമസഭാം​ഗങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കാനുള്ള നീക്കവുമായി യുഡിഎഫ് സർക്കാർ
27/10/2026  06:04 AM IST
nila
മുണ്ട് മുറുക്കിയുടുത്തും എംഎൽഎമാരെ ഞങ്ങൾ സമ്പന്നരാക്കും ! സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുമ്പോഴും നിയമസഭാം​ഗങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കാനുള്ള നീക്കവുമായി യുഡിഎഫ് സർക്കാർ

തിരുവനന്തപുരം: എംഎൽഎമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കാനുള്ള നീക്കവുമായി സർക്കാർ. ശമ്പളവർധന സംബന്ധിച്ച വിഷയം കാര്യോപദേശക സമിതിയിൽ ചർച്ച ചെയ്തതായി പാർലമെന്ററികാര്യ മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. എംഎൽഎ ഹോസ്റ്റലിലെ താക്കോൽ കൈമാറ്റ ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ഇക്കാര്യം അറിയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, എംഎൽഎമാർക്കും പേഴ്സണൽ സ്റ്റാഫുകൾക്കും ആവശ്യമായ ഐപാഡുകൾ വാങ്ങാനും സർക്കാർ നടപടി തുടങ്ങി. ഇതിനായി 6.71 കോടി രൂപ ചെലവിൽ 480 ഐപാഡുകൾ വാങ്ങുന്നതിനാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. കെൽട്രോൺ വഴിയാണ് ടെൻഡർ നടപടികൾ.

13 ഇഞ്ച് വലുപ്പവും 256 ജിബി സ്റ്റോറേജുമുള്ള 320 ഐപാഡ് പ്രോ യൂണിറ്റുകളും 11 ഇഞ്ച് വലുപ്പമുള്ള 160 ഐപാഡുകളുമാണ് വാങ്ങുന്നത്. ഔദ്യോഗിക ആവശ്യങ്ങൾക്കായാണ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്.

ഇതിനിടെ, മന്ത്രിമാർ, പ്രൈവറ്റ് സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ എന്നിവർക്കുള്ള ഔദ്യോഗിക ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ചെലവ് പരിധിയും സർക്കാർ ഉയർത്തിയിരുന്നു. ലാപ്ടോപ്പുകൾ, ഐപാഡുകൾ, ടാബ്‌ലെറ്റുകൾ എന്നിവ വാങ്ങുന്നതിനുള്ള പരിധി 1.5 ലക്ഷം രൂപയിൽനിന്ന് രണ്ട് ലക്ഷം രൂപയായാണ് വർധിപ്പിച്ചത്.

ശമ്പളവർധനയ്ക്കുള്ള നീക്കവും ഐപാഡ് വാങ്ങാനുള്ള നടപടികളും ഒരേസമയം ചർച്ചയാകുകയാണ്.

കേരളത്തിലെ നിയമസഭാംഗങ്ങൾക്ക് വിവിധ ഇനങ്ങളിലായി മികച്ച സാമ്പത്തിക ആനുകൂല്യങ്ങളാണ് നിലവിൽ സർക്കാർ നൽകുന്നത്.

​പ്രതിമാസ ആനുകൂല്യങ്ങൾ:

നിയമസഭാംഗങ്ങളുടെ അടിസ്ഥാന ശമ്പളവും അലവൻസുകളും ചേർത്ത് മാസം നല്ലൊരു തുക ലഭിക്കുന്നുണ്ട്. ഇതിൽ മണ്ഡലം അലവൻസായി 25,000 രൂപയും, ടെലിഫോൺ സൗകര്യത്തിനായി 11,000 രൂപയും നൽകുന്നു. കൂടാതെ ഇൻഫർമേഷൻ അലവൻസ് ഇനത്തിൽ 4,000 രൂപയും ലഭിക്കും. യാത്രാബത്തയായി (TA) കുറഞ്ഞത് 8,000 രൂപ പ്രതിമാസം ഉറപ്പാക്കിയിട്ടുണ്ട്. മറ്റ് അലവൻസുകൾ കൂടി ചേരുമ്പോൾ മൊത്തം പ്രതിമാസ വരുമാനം 70,000 രൂപയോളമാണ്.

​സിറ്റിംഗ് ഫീസും യാത്രയും:

സഭാ സമ്മേളനങ്ങളിലും കമ്മിറ്റികളിലും പങ്കെടുക്കുമ്പോൾ സംസ്ഥാനത്തിനകത്ത് 1,000 രൂപയും പുറത്ത് 1,200 രൂപയും ദിനബത്തയായി ലഭിക്കും. റോഡ് യാത്രയ്ക്ക് കിലോമീറ്ററിന് 10 രൂപ നിരക്കിൽ യാത്രാക്കൂലി ലഭിക്കുമ്പോൾ, ട്രെയിൻ യാത്രയ്ക്ക് ഫസ്റ്റ് ക്ലാസ് എസി സൗകര്യവും ഒപ്പം ഇൻസിഡന്റൽ ചാർജുകളും അനുവദനീയമാണ്. കൂടാതെ ഇന്ധന കൂപ്പണുകളും റെയിൽവേ കൂപ്പണുകളും ഇവർക്ക് ലഭ്യമാണ്.

​പേഴ്സണൽ സ്റ്റാഫും ചികിത്സയും:

അണ്ടർ സെക്രട്ടറി റാങ്കിലുള്ള ഒരാൾ ഉൾപ്പെടെ മൂന്ന് പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിക്കാം. ഇതിൽ രണ്ട് സഹായികൾക്ക് നിയമസഭാ സെക്രട്ടേറിയറ്റിൽ നിന്ന് 20,000 രൂപ വീതം പ്രതിമാസം ശമ്പളം ലഭിക്കും. അംഗത്തിനും കുടുംബത്തിനും സർക്കാർ ചിലവിൽ സൗജന്യ ചികിത്സാ സൗകര്യവും ഉറപ്പാക്കിയിട്ടുണ്ട്.


​പെൻഷൻ:

കുറഞ്ഞത് മൂന്ന് വർഷം അംഗമായിരുന്നവർക്ക് 15,000 രൂപ പെൻഷൻ ലഭിക്കും. അഞ്ച് വർഷം പൂർത്തിയാക്കിയാൽ ഇത് 20,000 രൂപയാകും. അതിനു മുകളിലുള്ള ഓരോ വർഷത്തിനും 1,000 രൂപ വീതം അധികമായി ലഭിക്കും.

​പാർലമെന്റ് അംഗങ്ങളുടെ (MP) ശമ്പളവും ആനുകൂല്യങ്ങളും:

​രാജ്യത്തെ നിയമനിർമ്മാണ സഭയിലെ അംഗങ്ങൾ എന്ന നിലയിൽ എംപിമാർക്ക് വിപുലമായ ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്.
​ശമ്പളവും അലവൻസുകളും:
ഒരു എംപിയുടെ അടിസ്ഥാന ശമ്പളം 1,24,000 രൂപയാണ്. ഇതിനുപുറമെ നിയോജക മണ്ഡലം അലവൻസായി 87,000 രൂപയും ഓഫീസ് ആവശ്യങ്ങൾക്കായി 75,000 രൂപയും ഓരോ മാസവും ലഭിക്കുന്നു. പാർലമെന്റ് സമ്മേളനങ്ങളിലും കമ്മിറ്റികളിലും പങ്കെടുക്കുമ്പോൾ പ്രതിദിനം 2,500 രൂപ ബത്തയായി ലഭിക്കും.

​യാത്രാ സൗകര്യങ്ങൾ:

എംപിമാർക്ക് ഇന്ത്യയിൽ എവിടെയും യാത്ര ചെയ്യാൻ വർഷത്തിൽ 34 വിമാന ടിക്കറ്റുകൾ സൗജന്യമായി ലഭിക്കും. ഇതിൽ പങ്കാളിക്കോ സഹായിക്കോ കൂടെ യാത്ര ചെയ്യാം. ട്രെയിൻ യാത്രയ്ക്ക് ഒന്നാം ക്ലാസ് എസി പാസ് ലഭ്യമാണ്. റോഡ് യാത്രയ്ക്ക് കിലോമീറ്ററിന് 16 രൂപ നിരക്കിൽ ബത്ത ലഭിക്കുന്നു.

​താമസവും മറ്റ് സൗകര്യങ്ങളും:

ഡൽഹിയിൽ കുടുംബത്തോടൊപ്പം താമസിക്കാൻ ഔദ്യോഗിക വസതി ലഭിക്കും. ഇതിനോടൊപ്പം പ്രതിവർഷം 4,000 കിലോ ലിറ്റർ വെള്ളവും 50,000 യൂണിറ്റ് വൈദ്യുതിയും സൗജന്യമാണ്. ആശയവിനിമയത്തിനായി ഡൽഹിയിലെ ഓഫീസിലും നാട്ടിലെ വീട്ടിലുമായി മൂന്ന് ടെലിഫോൺ കണക്ഷനുകളും രണ്ട് മൊബൈൽ കണക്ഷനുകളും അനുവദിച്ചിട്ടുണ്ട്.

​പെൻഷൻ:

ഒരു കാലാവധി പൂർത്തിയാക്കുന്ന എംപിക്ക് പ്രതിമാസം 31,000 രൂപ പെൻഷൻ ലഭിക്കും. അഞ്ച് വർഷത്തിൽ കൂടുതലുള്ള ഓരോ വർഷത്തിനും 2,500 രൂപ വീതം അധികമായി ലഭിക്കും. പത്ത് വർഷം അംഗമായിരുന്നവർക്ക് 43,500 രൂപയാണ് പ്രതിമാസ പെൻഷൻ. അംഗത്തിന്റെ മരണശേഷം ആശ്രിതർക്ക് പെൻഷൻ തുകയുടെ 50 ശതമാനത്തിന് അർഹതയുണ്ട്. വിരമിച്ച ശേഷവും ഇവർക്ക് ട്രെയിനിലെ ഒന്നാം ക്ലാസ് എസിയിൽ സൗജന്യമായി യാത്ര ചെയ്യാം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img