05:17am 16 November 2026
NEWS
പദ്ധതികൾക്ക് ദയാവധം; വയനാടൻ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ
15/11/2026  10:01 AM IST
കോയാമു കുന്നത്ത്
പദ്ധതികൾക്ക് ദയാവധം; വയനാടൻ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ

വയനാട് ജില്ലയിലെ സാമൂഹ്യ- സാമ്പത്തികമേഖലകൾക്ക് മുതൽകൂട്ടായി മാറേണ്ട പദ്ധതികൾക്ക് മുകളിൽ കരിനിഴൽ വീഴുന്നു. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നയസമീപനങ്ങൾക്ക് പുറമേ കാലാവസ്ഥാവ്യതിയാനവും, പ്രകൃതിദുരന്തങ്ങളും, പരിസ്ഥിതി നിയമങ്ങളും സർക്കാരിന്റെ ഇരട്ടത്താപ്പ് നയങ്ങൾ കൂടിച്ചേരുന്നതോടെ വയനാട് ജില്ലയിലെ വികസനപദ്ധതികൾ ചരമഗീതം കുറിക്കുകയാണ്.

വയനാട് മെഡിക്കൽകോളേജ്, വയനാട് ടൗൺഷിപ്പ്, രാത്രിയാത്രാ നിരോധനം, നഞ്ചൻകോഡ്- നിലമ്പൂർ റെയിൽവേപ്പാത നിർമ്മാണം, നഞ്ചൻകോഡ്- തലശ്ശേരി പാത നിർമ്മാണം, ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാത നിർമ്മാണം, പടിഞ്ഞാറത്തറ പൂഴിത്തോട് നിർമ്മാണ പദ്ധതി, കിഫ്ബി മുഖേന നടപ്പിലാക്കാൻ ആരംഭിച്ച പദ്ധതികൾ തുടങ്ങി ചെറുതും വലുതുമായ നിരവധി പദ്ധതികളാണ് ദയാവധത്തിന് ഇരയാകുന്നത്. പദ്ധതികളിൽ ഏറ്റവും പ്രധാനപ്പെട്ട ആനക്കാംപയിൽ- കള്ളാടി തുരങ്കപ്പാത നിർമ്മാണപദ്ധതി ദയാവധത്തിന് ഇരയാകുന്ന പ്രധാന പദ്ധതികളിലൊന്ന്. ദേശീയ- അന്തർദേശീയ ശ്രദ്ധയും, പ്രാധാന്യവും, നേടിയ തുരങ്കപ്പാത നിർമ്മാണ പദ്ധതിക്ക് കൂനിൻമേൽക്കുരുവെന്നതുപോലെ നടന്ന ദുരന്തം  നിമിത്തമായിരിക്കുകയാണ്. ദുരന്തം പിന്നിട്ട് മാസങ്ങൾ പിന്നിട്ടിട്ടും പദ്ധതി പ്രവർത്തനം സംബന്ധിച്ച് ഇത് എഴുതുന്നതു വരെ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ല.

വയനാടൻ ജനതയുടെ വികസന സ്വപ്നങ്ങൾക്കും, യാത്രാദുരിതങ്ങൾക്കും കർണ്ണാടക-തമിഴ്‌നാട് സംസ്ഥാനങ്ങളുമായുള്ള സാമൂഹ്യ- സാമ്പത്തിക ബന്ധങ്ങൾക്കും ടൂറിസം മേഖലയ്ക്കും മുതൽക്കൂട്ടായി മാറുന്ന ആനക്കാംപൊയിൽ- കള്ളാടി തുരങ്കപാത നിർമ്മാണ പദ്ധതിയുടെ പ്രവർത്തനം സംബന്ധിച്ച് സംസ്ഥാന സർക്കാർ ജനങ്ങളുടെ പ്രതീക്ഷകൾക്കുമേൽ കരിനിഴൽ വിരിക്കുകയാണ്. വയനാടൻ ജനത പ്രധാനമായും കോഴിക്കോട് അടക്കമുള്ള ജില്ലകളിലേക്കുള്ള പ്രധാന സഞ്ചാരമാർഗ്ഗമാണ് വയനാടൻ ചുരം. ടൂറിസം മേഖലയെയും, സാമ്പത്തികമേഖലകളെക്കാളും വയനാടൻ ജനതയെ പ്രധാനമായും അലട്ടിയിരുന്നത് വിദഗ്ദ്ധ ചികിത്സ തേടി വയനാടൻ ചുരംവഴി കോഴിക്കോട് നഗരത്തിലെ വിവിധ ചികിത്സാകേന്ദ്രങ്ങളിൽ എത്തുകയെന്നതാണ്.

 12 കിലോമീറ്റർ ദൂരത്തോളം വരുന്ന ചുരംപാതയിൽ നിത്യേനയെന്നോണം ഉണ്ടാകുന്ന ഗതാഗതകുരുക്കുകൾ, മഴക്കാലങ്ങളിൽ ഉണ്ടാകുന്ന മലയിടിച്ചിൽ തുടങ്ങിയവ നൂറ്റാണ്ടുകളായി വയനാടൻ ജനത അനുഭവിച്ചുവരുന്ന പ്രധാന ദുരിതങ്ങളിലൊന്നാണ്. വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മണിക്കൂറുകൾ പിന്നിട്ട് യാത്ര ചെയ്യുന്നവർക്കും, അത്യാഹിത രോഗികളുടെയും പേടിസ്വപ്നമാണ് വയനാടൻ ചുരം. പ്രതിദിനം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 50 തിലധികം ആംബുലൻസുകളാണ് അത്യാഹിതരോഗികളുമായി ചുരമിറങ്ങുന്നത്. ആധുനിക ചികിത്സാ സൗകര്യങ്ങൾ അപര്യാപ്തമായ ജില്ലയിൽ നിന്ന് ഗുരുതരാവസ്ഥയിലാകുന്ന രോഗികൾ പലപ്പോഴും ജീവനോടെ തിരിച്ചുവരാറില്ല. വയനാട് ജില്ലയിൽ ചികിത്സാസൗകര്യങ്ങളുടെ അപര്യാപ്തയ്‌ക്കൊപ്പം ഗുരുതരാവസ്ഥയിലാകുന്ന രോഗികളെ കോഴിക്കോട് നഗരത്തിലെത്തിക്കുന്നതിനുള്ള സമയദൈർഘ്യം മൂലം ഭൂരിഭാഗം പേരുടെയും ജീവൻ നഷ്ടപ്പെടുകയാണ് പതിവ്. കോഴിക്കോട് നഗരത്തിൽ വിദഗ്ദ്ധ ചികിത്സ തേടി അതിവേഗത്തിൽ കുതിക്കുന്ന രണ്ട് ആംബുലൻസിന്റെ സൈറൻ മുഴക്കത്തിന്റെ ശബ്ദം കേട്ടുകൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്. 

രോഗികളുടെയും യാത്രക്കാരുടെയും പേടിസ്വപ്നങ്ങളിലൊന്നാണ് വയനാടൻ ചുരത്തിലെ ഗതാഗത തടസ്സവും, വാഹന അപകടങ്ങളും വയനാടൻ ചുരത്തിന് ബദൽപാത നിർമ്മിക്കണമെന്ന ജനങ്ങളുടെ ദീർഘകാല ആവശ്യത്തിന് വിരാമമിടുന്ന പദ്ധതികളിലൊന്നായിരുന്നു കള്ളാടി- ആനക്കാംപൊയിൽ തുരങ്കപ്പാത നിർമ്മാണം. പൂഴിത്തോട്- പടിഞ്ഞാറത്തറ ബദൽറോഡ് നിർമ്മാണ നിർദ്ദേശവും വനംവകുപ്പിന്റെയും കേന്ദ്ര പരിസ്ഥിതി വകുപ്പിന്റേയും ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയാണ്. വനംവകുപ്പിന്റെയും പരിസ്ഥിതി വകുപ്പിന്റെയും തടസ്സങ്ങൾ മറികടക്കാനാണ് വയനാട് ജില്ലയിലേക്ക് ചുരം ബദൽപാതയെന്ന നിലയ്ക്ക് തുരങ്കപ്പാത നിർമ്മാണത്തിന് ഇടത് മുന്നണി സർക്കാർ തുടക്കം കുറിച്ചത്. ആനക്കാംപൊയിലിൽ നിന്ന് കള്ളാടിയിൽ അവസാനിക്കുന്ന രൂപത്തിലായിരുന്നു തുരങ്കപ്പാത നിർമ്മാണം. തുരങ്കപ്പാത  നിർമ്മാണത്തിനെതിരായി അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി വി.ഡി. സതീശൻ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. 

ഇതേസമയം പദ്ധതി നിർമ്മാണം തടയണമെന്നും, നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രാദേശിക കോൺഗ്രസ് നേതാവ് ഹൈക്കോടതിയിലും പിന്നീട് സുപ്രിംകോടതിയിലും കേസുകൾ നൽകുകയും ചെയ്തിരുന്നു. പ്രസ്തുത പരാതികൾ കോടതികൾ തള്ളിയതിനെ തുടർന്നാണ് 2025 ഒക്‌ടോബർ 23 ന് മുഖ്യമന്ത്രി പിണറായി വിജയൻ വയനാടൻ ജനതയുടേയും, കോഴിക്കോടൻ ജനതയുടെയും ചിരകാല ആവശ്യമായ ബദൽപ്പാതയ്ക്ക് വേണ്ടി തുരങ്ക പ്പാതയുടെ നിർമ്മാണ പ്രവർത്തനം ഉദ്ഘാടനം ചെയ്തത്. കൊങ്കൺ റെയിൽവേ കോർപ്പറേഷനായിരുന്നു നിർമ്മാണ മേൽനോട്ട ചുമതലയെങ്കിലും വടക്കെ ഇൻഡ്യൻ കമ്പനിയായ ദിലീപ് കൺസ്ട്രക്ഷൻ കമ്പനിയായിരുന്നു നിർമ്മാണം നടത്തിയിരുന്നത്.
ആനക്കാംപൊയിലിൽ നിന്നും ആരംഭിച്ച് വയനാട് ജില്ലയിലെ കള്ളാടിയിൽ അവസാനിക്കുന്ന തുരങ്കപ്പാതയ്ക്ക് 8.735 കിലോമീറ്റർ ദൂരമണ് കണക്കാക്കിയിരുന്നത്. അപ്രോച്ച് റോഡുകൾ, പാലങ്ങൾ എന്നിവ അടക്കമുള്ള നിർമ്മാണപദ്ധതിക്ക് 2134.50 കോടി രൂപയായിരുന്നു പ്രവർത്തനച്ചെലവ് കണക്കാക്കിയിരുന്നത്. 

നിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമായി ആനക്കാംപൊയിലിലും കള്ളാടിയിലും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ഇടതുമുന്നണി സർക്കാരിന്റെ ഭരണകാലത്ത് പരാതിക്കിട നൽകാതെ പദ്ധതി പൂർത്തീകരണത്തിനായി വിവിധ ഉന്നതതല ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നിരീക്ഷണവും ഇടപെടലുകളും ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ ഉദ്യോഗസ്ഥ പരിശോധനകൾക്ക് വീഴ്ചകൾ സംഭവിച്ചു. പുതിയ സംസ്ഥാന സർക്കാർ അധികാരത്തിൽ വന്നതിനുശേഷവും പദ്ധതിയോടുള്ള ചിറ്റമ്മനയത്തിന്റെ പ്രതിഫലനമെന്നോണം എട്ടുപേരുടെ ജീവൻ നഷ്ടപ്പെടുത്തി. പ്രകൃതിദുരന്തമെന്നതിന് പകരം മനുഷ്യനിർമ്മിത ദുരന്തത്തിന്റെ ഭാഗമായി എട്ടുപേരുടെ ജീവൻ നഷ്ടപ്പെടുകയും ഒമ്പതോളം പേർക്ക് ഗുരുതരമായ പരിക്ക് പറ്റുകയും, നിരവധിപ്പേരുടെ വീടുകളും, ജീവിതോപാധികളും ഇല്ലാതായി. കൂനിന്മേൽകുരുവെന്നതുപോലെ പദ്ധതിക്ക് തടസം നിൽക്കുന്നവരുടെ മുന്നിലേക്ക് ദുരന്തം കൂടിയെത്തിയതോടെ തുരങ്കപ്പാത നിർമ്മാണം നിലച്ചു. 

പദ്ധതിയുടെ ഭാഗമായി നീക്കം ചെയ്ത മണ്ണ് കാടിനോട് ചേർന്ന ഭാഗത്ത് കൂട്ടിയിടുകയും മഴവെള്ളം പുഴയിലേക്ക് ഒഴുകിയിറങ്ങുന്നത് തടയുകയം ചെയ്ത പ്രവർത്തിയാണ് ഈ ദുരന്തത്തിന് വഴിയൊരുക്കിയത്. മണ്ണ് നീക്കം ചെയ്യുന്നത് സംബന്ധിച്ച് നിർമ്മാണക്കമ്പനിയും പൊതുമരാമത്ത് വകുപ്പിന്റെയോ, സർക്കാരിന്റെ ഭാഗത്തുനിന്നും കാര്യമായ ഇടപെടലില്ലാതിരുന്നത് മൂലം വിലപ്പെട്ട ജീവനുകളാണ് നഷ്ടപ്പെടുത്തിയത്. ദുരന്തപ്രദേശത്തുനിന്ന് വീട് നഷ്ടപ്പെട്ടവർക്കും പരിക്ക് പറ്റിയവർക്കും അർഹമായ നഷ്ടപരിഹാരം സർക്കാർ നൽകിയിട്ടില്ലെന്ന് പരാതി നിലനിൽക്കുന്നു. മാറ്റിപ്പാർപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് യഥാസമയം വാടകയും മറ്റ് അനുബന്ധ സഹായങ്ങളും ലഭിക്കാത്തത് മൂലം അപകടഭീതി മുഖവിലക്കെടുക്കാതെ സ്വന്തം വീടുകളിൽ തന്നെ അഭയം തേടിയിരിക്കുകയാണ്. ദുരന്തബാധിതപ്രദേശത്തുനിന്ന് മാറ്റിപ്പാർപ്പിക്കുമെന്ന സർക്കാർ പ്രഖ്യാപനം ജലരേഖയായി അവശേഷിക്കുന്നു. 

ഇത്തരത്തിൽ മാറ്റിപ്പാർപ്പിക്കേണ്ടവർക്ക് ബദൽ സംവിധാനങ്ങൾ ഒന്നും ആലോചിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. 15 ലക്ഷം രൂപ നൽകി ഒഴിപ്പിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. മനുഷ്യനിർമ്മിത ദുരന്തം കണക്കിലെടുത്ത് തുരങ്കത്തിന്റെ നിർമ്മാണ പ്രവൃത്തി ജൂലായ് മാസത്തിൽതന്നെ സർക്കാർ നിർത്തിവെച്ചിരുന്നു. ഒരു മാസത്തിനകം വിദഗ്ദ്ധ സമിതി റിപ്പോർട്ട് നൽകാൻ സർക്കാർ അഞ്ചംഗ സമിതിയെ നിയോഗിച്ചു. ദുരന്തം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും വിദഗ്ദ്ധ സമിതി സർക്കാരിന് ഇതെഴുതുന്നത് വരെ റിപ്പോർട്ട് കൈമാറിയിട്ടില്ല. ഭൗമശാസ്ത്രജ്ഞനായ ഡി.പി. രാജേന്ദ്രനാണ് സമിതി അദ്ധ്യക്ഷൻ. ഡോ. വിഷ്ണുദാസ്, ഡോ. പുകഴേന്തി, അഥില അബ്ദുള്ള, ദുരന്തനിവാരണ സെക്രട്ടറി കെ. ജീവൻ ബാബു എന്നിവരാണ് സമിതി അംഗങ്ങൾ.

മണ്ണിടിച്ചിലിന്റെ യഥാർത്ഥ കാരണം കണ്ടെത്തുക, നിർമ്മാണക്കമ്പനി കരാർ വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുക, കേന്ദ്ര- സംസ്ഥാന പരിസ്ഥിതി അനുമതികൾ പരിശോധിക്കുക, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലെ അനുമതികളിലെ വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുക. നിർമ്മാണ മേഖലയിലെ സുരക്ഷാവീഴ്ചകളും സാങ്കേതിക പ്പിഴവുകളും കണ്ടെത്തുക എന്നിവയാണ് വിദഗ്ദ്ധ സമിതിയുടെ പ്രധാന കർത്തവ്യം. ഇവരെ സഹായിക്കുന്നതിനായി വിവിധ വിദഗ്ദ്ധരുടെ സഹായവും വിദഗ്ദ്ധ സമിതി നേടിയിട്ടുണ്ട്. സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും കർശനമായ നിരീക്ഷണങ്ങൾക്കൊടുവിലാണ് പദ്ധതിക്ക് പ്രവർത്തനാനുമതി നൽകിയിട്ടുള്ളത്. ഇതിന് പുറമെ കേരളത്തിലെ 9.993 ച. കി. മീറ്റർ ഉൾക്കൊള്ളുന്ന, ഭൂവിഭാഗം പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കുന്നതിനുള്ള 2026 ജൂലായ് 27 ന് കേന്ദ്ര സർക്കാർ ഇറക്കിയ കരട് വിജ്ഞാപനവും പദ്ധതിയുടെ പ്രവർത്തനത്തിന് മുകളിൽ കരിനിഴലായി ഉയർന്നുനിൽക്കുന്നു.

തുരങ്കപ്പാത നിർമ്മാണത്തെ തുടക്കത്തിൽതന്നെ എതിർക്കുന്ന സമീപനമാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി വി.ഡി. സതീശൻ പരസ്യമായി സ്വീകരിച്ചിരുന്നതെന്നത് പദ്ധതിയുടെ പ്രവർത്തനാനുമതി സംബന്ധിച്ച ചർച്ചകളിൽ ഡമോക്ലീസിന്റെ വാൾപോലെ തൂങ്ങിയാടുന്നു. ജനകീയ പ്രതിഷേധം ഉയർന്നതോടെ പിൻവാങ്ങിയ പ്രതിപക്ഷ നേതാവ് ഇന്ന് മുഖ്യമന്ത്രിയായി മാറിയതിന് ശേഷം പദ്ധതി നടപ്പിലാക്കുമെന്ന് പറയുന്നുണ്ടെങ്കിലും ജനങ്ങൾ വിശ്വസിക്കുന്നില്ല. ഇതേസമയം കെ.പി.സി.സി നിർമ്മിക്കുന്ന മുണ്ടക്കൈ ഭവനനിർമ്മാണ പ്രവർത്തി മുൻനിർത്തിയുള്ള ചില അന്തർധാര ചർച്ചകൾ നടക്കുന്നതായി ജനങ്ങൾ ആരോപണം ഉന്നയിക്കുന്നുണ്ട്.

വയനാട് ദുരന്തത്തിന്റെ ഭാഗമായി ഹൈക്കോടതി സ്വമേധയാ എടുത്ത കേസിന്റെ ഭാഗമായി കള്ളാടി ദുരന്തവും പ്രത്യേകമായി പരിഗണിച്ചിരുന്നു. അഡ്വ. രഞ്ജിത്ത് തമ്പാനെ അമിക്കസ്‌ക്യൂറിയായി നിയോഗിക്കുകയും ചെയ്തിരുന്നു. കള്ളാടി ദുരന്തം മുൻകൂട്ടി കാണാൻ കഴിയുമായിരുന്നുവെന്ന അമിക്കസ്‌ക്യൂറിയുടെ റിപ്പോർട്ട് ഹൈക്കോടതി അംഗീകരിച്ചിരുന്നു. അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. ഇതേസമയം ഹൈക്കോടതി ദുരന്തനിവാരണ അതോറിറ്റിയോട് സമാനമായ മറ്റ് സ്ഥലങ്ങളിലും പരിശോധന നടത്താൻ വാക്കാൽ നിർദ്ദേശിക്കുകയും ചെയ്തു. വിദഗ്ദ്ധ സമിതി റിപ്പോർട്ട് സർക്കാരിന്റെ നിലപാട് എന്നിവയ്ക്കുശേഷം ഹൈക്കോടതിയുടെ വിധി പ്രതീക്ഷിക്കാവുന്നതാണ്. വിദഗ്ദ്ധ സമിതി റിപ്പോർട്ട് മണ്ണിടിച്ചിലിന്റെ സ്വഭാവം, ഭൂമിയുടെ ചരിവിന്റെ സ്ഥിരത, ഭൂഗർഭജലം, മഴയുടെ ആഘാതം തുടങ്ങിയവ ശാസ്ത്രീയമായി പരിശോധിക്കണമെന്നും, പരിസ്ഥിതി അനുമതിയിലെ നിബന്ധനകൾ കൃത്യമായി പാലിക്കണമെന്നുമാണ് സർക്കാരിന്റെ നിലപാടെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. 

ദുരന്തത്തിന്റെ ഭാഗമായി 41 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നുവെങ്കിലും വ്യക്തമായ നിലപാടുകൾ, സഹായങ്ങൾ സർക്കാരിൽ നിന്നും ലഭിക്കാത്തതുമൂലം പല കുടുംബങ്ങളും പഴയ വീടുകളിലേക്ക് സ്വയം മടങ്ങുകയാണ് ചെയ്തിരിക്കുന്നത്. മാറ്റിപ്പാർപ്പിക്കേണ്ട കുടുംബങ്ങളെ സംബന്ധിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ലിസ്റ്റ് സംബന്ധിച്ച് പ്രാദേശിക യു.ഡി.എഫ് പ്രവർത്തകരിൽ നിന്നുള്ള അഭിപ്രായവ്യത്യാസം ദുരന്ത ബാധിതരെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

വയനാടിന്റെ സാമൂഹ്യ- സാമ്പത്തിക മേഖല, ആരോഗ്യമേഖല, ടൂറിസം മേഖല എന്നിവയ്ക്ക് പുറമെ കർണ്ണാടക-തമിഴ്‌നാട് സംസ്ഥാനങ്ങളുമായുള്ള വ്യാപാരബന്ധം തുടങ്ങി നാനാവിധ മേഖലകളിൽ മാറ്റം വരുത്തുന്നതിനും വയനാടൻ ജനതയുടെ യാത്രാദുരിതത്തിനും പരിഹാരമായി മാറേണ്ട തുരങ്കപ്പാത നിർമ്മാണ പദ്ധതി പൂർത്തീകരിക്കണമെന്നാണ് വയനാടൻ ജനത ആവശ്യപ്പെടുന്നത്. ജില്ലയിൽ കിഫ്ബി മുഖേനയും അല്ലാതെയും ഇടതുമുന്നണി സർക്കാർ ആരംഭിച്ച പദ്ധതികളെല്ലാം മരവിപ്പിക്കുകയും, നിർത്തിവെപ്പിക്കുകയോ, സ്വാഭാവിക ദയാവധത്തിന് ഇരയാകുകയും ചെയ്യുന്ന സമീപനമാണ് യു.ഡി.എഫ് സർക്കാർ സ്വീകരിക്കുന്ന നയമെന്നത് വയനാടന ജനതയെ ആശങ്കയിലാക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img