10:57pm 28 October 2026
NEWS
ഗ്രീൻലൻഡിനായുള്ള അമേരിക്കയുടെ അവകാശവാദത്തിനിടെ യൂറോപ്യൻ സൈന്യം ​ഗ്രീൻലൻഡിൽ
16/01/2026  08:27 AM IST
nila
ഗ്രീൻലൻഡിനായുള്ള അമേരിക്കയുടെ അവകാശവാദത്തിനിടെ യൂറോപ്യൻ സൈന്യം ​ഗ്രീൻലൻഡിൽ

ഗ്രീൻലൻഡിനെ സ്വന്തമാക്കണമെന്ന അമേരിക്കയുടെ ആവശ്യം അന്താരാഷ്ട്ര തലത്തിൽ പുതിയ സംഘർഷസൂചനകൾക്ക് വഴിവെക്കുന്നു. ഡെന്മാർക്കിന് കീഴിലുള്ള സ്വയംഭരണ പ്രദേശവും ലോകത്തിലെ ഏറ്റവും വലിയ ദ്വീപുമായ ​ഗ്രീൻലൻഡ് പിടിച്ചെടുക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ യൂറോപ്യൻ രാജ്യങ്ങൾ ​ഗ്രീൻലഡിലേക്ക് സൈനികരെ അയച്ചു. ഫ്രാൻസ്, സ്വീഡൻ, ജർമനി, നോർവേ എന്നീ നാറ്റോ അംഗരാജ്യങ്ങളാണ് ഗ്രീൻലൻഡിൽ സൈനികരെ വിന്യസിച്ചത്. വ്യാഴാഴ്ചയാണ് ആദ്യ സംഘം ദ്വീപിലെ തലസ്ഥാനമായ നൂക്കിലെത്തിയത്.

ഡെന്മാർക്കും ഗ്രീൻലൻഡും യുഎസുമായി നടത്തിയ ഉയർന്നതല ചർച്ചകൾ ഫലം കാണാതിരുന്ന പശ്ചാത്തലത്തിലാണ് യൂറോപ്യൻ സൈനിക നീക്കം. കൂടിക്കാഴ്ചയിൽ ‘അടിസ്ഥാനപരമായ വിയോജിപ്പുകൾ’ പരിഹരിക്കാനായില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ, നിരീക്ഷണ ആവശ്യത്തിനായാണ് സേനയെ വിന്യസിക്കുന്നതെന്ന് യൂറോപ്യൻ രാജ്യങ്ങൾ വ്യക്തമാക്കി.

ഗ്രീൻലൻഡിനെ ബലപ്രയോഗത്തിലൂടെ കൈപ്പിടിയിലാക്കാമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി ശക്തമായതോടെയാണ് ഡെന്മാർക്കിന്റെയും ഗ്രീൻലൻഡിന്റെയും വിദേശകാര്യമന്ത്രിമാർ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായി ചർച്ച നടത്തിയത്. യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും ചർച്ചയിൽ പങ്കെടുത്തു. എന്നാൽ, ട്രംപിന്റെ നിലപാട് വ്യക്തവും കടുപ്പമുള്ളതുമാണെന്നും ചർച്ചയിൽ പുരോഗതി ഉണ്ടായില്ലെന്നും ഡാനിഷ് വിദേശകാര്യമന്ത്രി ലാർസ് ലോക്ക് റുസ്മുസെൻ പറഞ്ഞു. ഗ്രീൻലൻഡ് വിലകൊടുത്ത് സ്വന്തമാക്കാനുള്ള സാധ്യതയും യുഎസ് മുന്നോട്ടുവച്ചതായാണ് വിവരം.

അടുത്ത ദിവസങ്ങളിൽ നാറ്റോയുടെ കൂടുതൽ സൈനികരും കപ്പലുകളും സേനാവിമാനങ്ങളും ഗ്രീൻലൻഡിലെത്തുമെന്ന് ഉപപ്രധാനമന്ത്രി മ്യൂട്ട് എഗെഡ് അറിയിച്ചു. ആർട്ടിക് മേഖലയുടെ സുരക്ഷ ശക്തിപ്പെടുത്താൻ പ്രത്യേക പ്രവർത്തകസംഘം രൂപീകരിച്ചതായും, യുഎസ് സമ്മർദത്തെ ചെറുക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രഡെറിക്സൺ വ്യക്തമാക്കി.

ഡെന്മാർക്കിന്റെ ക്ഷണപ്രകാരമാണ് സേനയെ വിന്യസിക്കുന്നതെന്നും, ആർട്ടിക് മേഖലയിലെ ചൈന–റഷ്യ സാന്നിധ്യം ഉയർത്തുന്ന സുരക്ഷാഭീഷണി നേരിടാനാണ് നടപടിയെന്നും ജർമനി വിശദീകരിച്ചു. ഫ്രഞ്ച് സൈന്യത്തിന്റെ ആദ്യ ബാച്ച് നൂക്കിലേക്ക് പുറപ്പെട്ടതായും ബാക്കി സംഘം ഉടൻ എത്തുമെന്നും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു. യൂറോപ്യൻ ദൗത്യത്തിന്റെ ഭാഗമായി നെതർലൻഡ്സും സൈനിക ഉദ്യോഗസ്ഥനെ അയയ്ക്കുമെന്ന് വ്യക്തമാക്കി.

അതേസമയം, ആർട്ടിക് മേഖലയിൽ നാറ്റോ നടത്തുന്ന സൈനിക വിന്യാസം ആശങ്കാജനകമാണെന്ന് റഷ്യ പ്രതികരിച്ചു. റഷ്യയെയും ചൈനയെയും ഭീഷണിയായി ചിത്രീകരിക്കുന്നത് വ്യാജപ്രചാരണമാണെന്നുമാണ് മോസ്കോയുടെ ആരോപണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img