
കോട്ടയം ഏറ്റുമാനൂരിൽ യുവതിയും പെൺമക്കളും ട്രെയിന് മുന്നിൽചാടി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശിനിയുമായ ഷൈനി (42), മക്കളായ അലീന (11), ഇവാന (10) എന്നിവരുടെ ആത്മഹത്യക്ക് കാരണം ഷൈനിയുടെ ഭർത്താവ് നോബിയുടെ മാനസിക പീഡനമാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. മൂന്നുപേരും മരിക്കുന്നതിന് തലേദിവസവും ഷൈനിയെ ഫോണിൽ വിളിച്ച് നോബി പ്രകോപനപരമായി സംസാരിച്ചിരുന്നു എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച്ച പുലർച്ചെയാണ് ഷൈനിയും മക്കളും ആത്മഹത്യചെയ്തത്. ഇതിന്റെ തലേന്ന് മദ്യ ലഹരിയിൽ ഷൈനിയെ ഫോണിൽ വിളിച്ച നോബി വിവാഹമോചന കേസിൽ സഹകരിക്കില്ലെന്ന് പറഞ്ഞു. കുട്ടികളുടെ ചെലവിനുള്ള പണം തരില്ലെന്നും സ്ത്രീധനമായി നൽകിയ പണവും സ്വർണവും തരില്ലെന്നും അറിയിച്ചു. പൊലീസിൻറെ ചോദ്യം ചെയ്യലിൽ ഫോൺ വിളിച്ച കാര്യങ്ങൾ നോബി സമ്മതിച്ചിട്ടുണ്ട്. നോബിക്കെതിരെയുള്ള ഗാർഹിക പീഡന കേസ് കൂടി എടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ഷൈനിയും മക്കളും പുലർച്ചെ റെയിൽ പാളത്തിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങളും മരണത്തിന് തലേന്ന് കുട്ടികൾ സ്‌കൂളിലേക്കു വരുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മക്കളെയും കൂട്ടി ഷൈനി വീട്ടിൽ നിന്നിറങ്ങുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഫെബ്രുവരി 28 ന് പുലർച്ചെ 4.44 നാണ് ഷൈനിയും മക്കളും വീട്ടിൽ നിന്ന് ഇറങ്ങിയത്. മരിക്കുന്നതിന്റെ തലേന്ന് കുട്ടികൾ സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരുന്നതും ദൃശ്യങ്ങളിൽ പുറത്ത് വന്നിട്ടുണ്ട്.










